തമ്പുരാട്ടിത്തമില്ലാത്ത തമ്പുരാട്ടി

മർദ്ദിതവർഗ്ഗ സമുദ്ധാരണത്തിനായ്‌

പ്യഥ്വിയിൽ വന്നുപിറന്ന സ്‌ത്രീരത്നമേ,

കോവിലകത്തെ ചുമരുകൾക്കപ്പുറം

ജീവിതം കണ്ടുതപിച്ച മാത്യത്വമേ,

ഉച്ചനീചത്വരഹിത സമൂഹ സം-

സൃഷ്‌ടിക്കുവേണ്ടി യത്നിച്ച ഭ്രാതൃത്വമേ,

രണ്ടുകൈയും കൂപ്പി നിൽക്കുന്നു ഞാനിതാ

നിൻ സ്മരണക്കുമുന്നിൽ വിനയാന്വിതം.

ജാതിമതത്തിൻ മതിലുകൾ ഭേദിച്ചു

ഭീതിയന്യേ തൊഴിലാളിവർഗ്ഗത്തിന്റെ-

യായുധമായൊരരിവാളുമേന്തി നീ

വായുവിൽ മുഷ്‌ടിചുരുട്ടി മുദ്രവാക്യ-

ഘോഷണത്തോടെ സമരപഥത്തിലൂ-

ടോരോപദം വച്ചു നീങ്ങുന്ന കാഴ്‌ച്ചക-

ണ്ടാവേശമുൾകൊണ്ടു നാരികൾ വിപ്ലവ-

പ്പോരാളികളായി മാറിയതില്ലയോ?

കൈരളീഗീർവാണിമാരുടെ സന്നിധി

സർവ്വം സമർപ്പിച്ചു സംതൃപ്തചിത്തയായ്‌

വിജ്ഞാനദീപമുയർത്തി വിദ്വത്‌പീഠ-

മസ്തകം തന്നിൽ പ്രതിഷ്‌ഠിച്ചു സാദരം

കണ്ണുമടച്ചു ഭക്ത്യാദരം നിൽക്കുന്ന

നിൻരൂപമാർക്കുമറക്കാൻ കഴിഞ്ഞിടും?

കേരളവ്യാസനെ കൈരളിക്കേകിയ

കേരളത്തിൻ സൽക്കലാക്ഷേത്രഭൂമിയിൽ

കോവിലകത്ത്‌ കുഞ്ഞുക്കുട്ടിയായ്‌ പിറ-

ന്നോരു ജനാരാധ്യയാം തമ്പുരാട്ടി നീ.

ഇല്ല നിനക്കു മരണം ജനങ്ങൾ ത-

ന്നുള്ളിൽ സമരാഗ്നിയായ്‌ നീ ജ്വലിക്കുന്നു.

Generated from archived content: poem5_may15_07.html Author: prof_rp_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here