എന്നാലിമ്മിണി കാരിയമോതാം

മാക്കിയവെല്ലി മടിക്കാതെയെന്നുടെ

മാർഗ്ഗതടസ്സങ്ങളൊക്കെമാറ്റീടണം

സത്യം പറയാനുറക്കെ പഠിപ്പിച്ച

സത്യവാൻ ഗീബൽസു ചിത്തേ വസിക്കണം

മാമ്മനും ഷൈലോക്കുവൈശ്രവണാദികൾ

ആമയം നീക്കിയനുഗ്രഹിച്ചീടണം

ദുശ്ശാസനനുമമ്മാവൻ ശകുനിയും

ദുശ്ലകുനങ്ങളെല്ലാമകറ്റീടണം

ഭൂതവും പ്രേതവും മാടനും ചാത്തനും

ജാതകദോഷങ്ങൾ നീങ്ങാൻ തുണക്കണം

എന്നാലിമ്മിണി കാരിയമോതാ-

മെന്നുടെ നെഞ്ചിലുദിച്ചതുപോലെ

ഉളളുതുറന്നു ഗ്രഹിച്ചീടേണം

തെല്ലും നീരസമുണ്ടാകരുതേ

കുറ്റം കൂടുതലുളളവർ നാട്ടിൽ

പുറ്റുകണക്കെ പെരുകീടുന്നു

നിന്ദിക്കുന്ന ജനങ്ങടെ നടുവിൽ

വന്ദിക്കുന്നവരയ്യോ തുച്ഛം

കാലുനിലത്തു ചവിട്ടാതനിശം

കാറിൽതന്നെ സവാരി ചിലർക്ക്‌

പാവപ്പെട്ടജനത്തെക്കണ്ടാൽ

പാരമസഹ്യം മറ്റു ചിലർക്ക്‌

പാലംവലിയും പാരപ്പണിയും

കുലവേലകളാണൊട്ടുചിലർക്ക്‌

കുന്നിക്കുരുമണി സമരാകുന്നവർ

കുന്നുകളെന്നു നടിച്ചീടുന്നു

വിത്തംവന്നു കുമിഞ്ഞീടുമ്പോൾ

ചിത്തംദുർമ്മദ ഭരമാകുന്നു.

ഗുരുശിഷ്യന്മാർ നേരിൽ കണ്ടാൽ

എലിയും പൂച്ചയുമെന്നതുപോലെ

പഠിതാക്കളഹോ തമ്മിൽത്തമ്മിൽ

കടിപിടി കൊലവിളി താഡനമേളം

സ്വാശ്രയരാകാൻ വഴികാണാതെ നി-

രാശ്രയർ യമപുരിപൂകീടുന്നു.

മദ്യംകഞ്ചാവിവയുടെ ലഹരിയിൽ

വിദ്യാഭ്യാസമഴിഞ്ഞാടുന്നു

വികടസരസ്വതി നാവിൻതുമ്പിൽ

വിഗതഭയം കളിയാടീടുന്നു.

നരകത്തിൽ പോയാലും കൊളളാം

ഭരണം കിട്ടുകിലതുതാൻ സ്വർഗ്ഗം!

നാരായണ ജയ! നാരായണജയ!

നാരായണ ജയ! നരഹരി ജയ! ജയ!

(കുഞ്ചൻനമ്പ്യാരോട്‌ കടപ്പാട്‌)

Generated from archived content: poem3_june18_08.html Author: prof_rp_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here