താടി

കിട്ടുണ്ണി മണ്ടനാണെന്നു പറഞ്ഞുകൂടാ, പക്ഷെ ബുദ്ധിമാനല്ല. ബുദ്ധിമാനായ മണ്ടനെന്നോ മണ്ടനായ ബുദ്ധിമാനെന്നോ സൗകര്യംപോലെ പറയാം. ഒരു കുഴപ്പത്തിലും ചെന്നു ചാടില്ല. വലിയ ഈശ്വരഭക്തനുമാണ്‌ പുളളിക്കാരൻ.

രാജ്യത്തിനുവേണ്ടി ഒരു പൗരനെന്ന നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ശക്തിയായപ്പോൾ ഒന്നും നോക്കാതെ നേരെ പോയി പട്ടാളത്തിൽ ചേർന്നു. പക്ഷെ യുദ്ധമുറകൾ അഭ്യസിക്കാൻ തുടങ്ങിയപ്പോൾ രോഗിയായി നാട്ടിൽ തിരിച്ചെത്തി. രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാൻ അനുവദിക്കാത്തതിൽ അയാൾക്ക്‌ അധികാരികളോട്‌ വല്ലാത്ത അമർഷമുണ്ട്‌. അവരതിനുളള അവസരം തരാതെ ഉടനെ പിരിച്ചുവിട്ടു. എങ്കിലും തടികേടാകാതെ പ്രാണൻ രക്ഷപ്പെട്ടതിൽ അയാൾ ദൈവത്തിനു നന്ദി പറഞ്ഞു.

നാട്ടിൽ സ്വന്തമായുണ്ടായിരുന്ന ഒരു കൊച്ചുവീട്ടിൽ കൃഷിക്കാര്യങ്ങൾ നോക്കി ശേഷകാലം കഴിച്ചുകൂട്ടാനയാൾ തീരുമാനിച്ചു. വാസവും തുടങ്ങി.

ഒരു ദിവസം രാത്രി ഏകദേശം ഒമ്പതുമണിയായി. അത്താഴം കഴിക്കാൻ കഴിഞ്ഞില്ല. ഇല്ലാഞ്ഞിട്ടല്ല. പക്ഷെ തന്നെക്കാൾ കൂടുതൽ ആവശ്യം അയലത്തെ തെണ്ടിപട്ടിക്കാണെന്നു കണ്ടപ്പോൾ അത്താഴം മുഴുവൻ അയാൾ പട്ടിക്കുകൊടുത്തു. തണുത്തവെളളം ഇഷ്‌ടംപോലെ കുടിച്ച്‌ ഉറങ്ങാൻ കിടന്നു.

ഉറക്കം വന്നില്ല. വിശപ്പു കലശലായി. ഉടനെ തന്നെ എന്തെങ്കിലും തിന്നണം. കീശയിലുണ്ടായിരുന്ന അമ്പതുരൂപാ നോട്ടുമായി അയാൾ ഇറങ്ങി നടന്നു. അങ്ങാടിയിലെ പൂട്ടിക്കൊണ്ടിരുന്ന ചായപ്പീടികയിൽ കയറി.

‘കടയടച്ചു. ഒന്നുമില്ല’ ക്ലീൻഷേവു ചെയ്‌ത കടക്കാരൻ പറഞ്ഞു.

‘പറ്റില്ല വിശന്നിട്ടു വയ്യാ. എന്തെങ്കിലും തന്നേ പറ്റൂ.’

‘ഇവിടെ കുറച്ചു മധുരസേവ മാത്രമേ കിടപ്പുളളൂ. പലഹാരങ്ങളൊക്കെ തീർന്നു.’

‘മതി. അതുമതി. ഉളളതു പൊതിഞ്ഞു താ.’ അയാൾ ധൃതികൂട്ടി.

‘ഇതാ പൊതി രണ്ടു രൂപയാണ്‌.’ കടക്കാരൻ പറഞ്ഞു.

‘ദാ പൈസ’ അയാൾ രൂപ നീട്ടി.

‘ചില്ലറയില്ല. അടച്ച പെട്ടി തുറക്കാൻ പറ്റില്ല.’ കടക്കാരൻ പറഞ്ഞു.

‘സാരമില്ല ഞാൻ രാവിലെ വന്നു വാങ്ങിച്ചോളാം. ശരി രാത്രി യാത്രയില്ല.’

കിട്ടുണ്ണി മടങ്ങി.

മുറിയിലെത്തി മധുരസേവ തിന്നു കുറെ വെളളവും കുടിച്ചു. ആശ്വാസമായി. സാവധാനം കിടന്നുറങ്ങി.

ഉറങ്ങുന്നതിനുമുൻപുളള പതിവു ‘പുക’വലി മറന്നില്ല.

രാവിലെ ഉയർന്നു ബാക്കി പൈസ വാങ്ങാനും ചായ കുടിക്കാനുമായി അയാൾ ഇറങ്ങി.

എല്ലാ കടകളും തുറന്നിരുന്നു. ബാക്കി തരാനുളള കട ഏതെന്നും ഓർമ്മയില്ല. എല്ലാ കടകളും ഒരുപോലെ. എല്ലാ കടക്കാരും ഒരുപോലെ.

തെരുവിലൊരിടത്തു നിന്നയാൾ ചിന്തിച്ചു. ആരാണാ ബാക്കി തരാനുളള കടക്കാരൻ.

കുറെ ചിന്തിച്ചപ്പോൾ അയാൾക്കോർമ്മ വന്നു. മധുരസേവ വാങ്ങി മടങ്ങുമ്പോൾ ഒരു മുടന്തി പശു കടയുടെ മുന്നിൽ കിടന്നിരുന്നു.

ഓർമ വന്നയുടനെ അയാൾ മുടന്തിപശുവിനെ തിരക്കി നടന്നു. അതു കിടന്നിരുന്ന കടയുടെ മുന്നിലയാൾ കയറി.

‘ഇന്നലത്തെ ബാക്കി താ. ഒരു ചായയും.’ അയാൾ ആവശ്യപ്പെട്ടു.

‘ഏതു ബാക്കി’ ഒരു താടിക്കാരൻ വന്നു ചോദിച്ചു.

അയാൾ ശ്രദ്ധിച്ചു. ഇതു ചായക്കടയല്ല. ബാർബർഷോപ്പാണ്‌. പക്ഷെ അയാൾ വിട്ടില്ല.

‘എന്താ ബാക്കി തരാതിരിക്കാൻ രാത്രിക്കു രാത്രി കടമാറ്റിയോ?’

‘എന്താ പറയുന്നത്‌? ഏതു പൈസ? എനിക്കൊന്നും മനസ്സിലാകുന്നില്ല.’ കടക്കാരൻ പറഞ്ഞു.

കരയുന്ന സ്വരത്തിൽ കിട്ടുണ്ണി പറഞ്ഞു. ‘എന്നെ പറ്റിച്ചോളൂ. ഞാനൊരു പാവമല്ലേ? എല്ലാം കാണുന്നവൻ മുകളിലുണ്ട്‌. അയാളെ പറ്റിക്കാൻ പറ്റില്ല.’

‘എന്തു പറ്റിക്കലിനെക്കുറിച്ചാണ്‌ നിങ്ങൾ പറയുന്നത്‌?’ കടക്കാരൻ വീണ്ടും ആരാഞ്ഞു.

‘ഒന്നുമില്ല.’ കണ്ണുതുടച്ചു കൊണ്ടിറങ്ങി നടക്കുന്നതിനിടയിൽ കിട്ടുണ്ണി സ്വയം ചോദിച്ചു. കട മാറ്റാം. പക്ഷെ ഒരൊറ്റ രാത്രികൊണ്ട്‌ താടി എങ്ങനെ വന്നു?

Generated from archived content: story3_apr1.html Author: prof.k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here