അമ്പാട്ടെയില്ലത്തെ തണ്ടുളേളാരുണ്ണിക്ക്
ഉണ്ടുണ്ടുരൊത്തിരി മോഹം.
തങ്കപ്പനെക്കൊന്ന കൊമ്പന്റെ മേലേറി
കുട്ടുനാടത്രയും ചുറ്റിടേണം-
അന്തിമഹാകാളൻ വാഴുന്ന കാവിലെ
പൂജാരിയായൊന്നു കോർത്തിടേണം-
ഈച്ചയും പൂച്ചയും കാണാതെ കേൾക്കാതെ
അമ്മൂനെ ‘ലൗ’വാക്കി മാറ്റിടേണം-
കേവലം വന്നുപോം വേഷമെന്നാകിലും
ലാലേട്ടന്റൊപ്പമൊന്നാടിടേണം
വിമാനമേറേണം, യു.എസിൽ പോകേണം,
ക്ലിന്റന്റെ കൂടൊരു ലഞ്ചുവേണം,
ഷിപ്പിന്റെ മോന്തായവക്കത്തു കേറിയാ
സ്രാവിനെ വേട്ടയിൽ കോർത്തിടേണം.
ബൈക്കൊന്നു വാങ്ങണം, ഷാർജയടിക്കേണം
ശ്രീധറിൽ മാറ്റിനി കണ്ടിടേണം.
മാറ്റിനി കണ്ടിട്ടിറങ്ങുമ്പോൾ ജോളിയായ്
റിലൈൻസ് മൊബൈലൊന്നു ഞെക്കിടേണം.
പോരുമ്പോളമ്മൂന്റെ വീടിനോരത്തിലെൻ
ബൈക്കിന്റെ ഹോണൊന്നു മൂളിക്കേണം
എന്തെല്ലാം മോഹങ്ങളെന്തെല്ലാം സ്വപ്‌നങ്ങളെ
ന്നാണിവയെല്ലാം പൂത്തീടുക
അക്കാര്യമോർക്കുമ്പോൾ തണ്ടുളെളാരുണ്ണീടെ
പിഞ്ചിളം നെഞ്ചങ്ങു പൊട്ടീടുന്നു.
പൊട്ടലിൻ വേദന കണ്ണിൽ പളുങ്കിന്റെ
മുത്തുകളെമ്പാടും തീർത്തീടുന്നു
അമ്മു തിരക്കുമ്പോൾ കണ്ണ് നിറഞ്ഞതു
കരടുപോയിട്ടെന്നുണ്ണി ചൊല്ലീടുന്നു.
Generated from archived content: poem13_july20_05.html Author: pp_rajendran