ബിസിനസ്സ് പരാജയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പരാധീനത അയാളെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഒരു പ്രശസ്‌ത മൊബൈൽ കമ്പനിയുടെ ടവറിന് മുകളിൽ കയറി ചാടിമരിക്കാൻ തീരുമാനിച്ച ദിവസം അയാൾ ടവറിലുളള കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് പകുതിഭാഗം വരെ കയറിപ്പറ്റി. അപ്പോഴേയ്‌ക്കും തളർന്നു. ദാഹംകൊണ്ട് അയാളുടെ നാവ് വറ്റിവരണ്ടു. പെട്ടെന്ന് പാന്റ്‌സിന്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ ശബ്‌ദിച്ചു. മനസമാധാനമായി മരിക്കാനും സമ്മതിക്കാത്ത ഈ ഫോണിന്റെ ആവശ്യകത ഇനിയെന്തിന് എന്ന് ചിന്തിച്ച് അയാൾ ഫോൺ താഴേയ്‌ക്ക് വലിച്ചെറിയാൻ ഭാവിച്ചപ്പോൾ അവസാനത്തെ ഫോൺവിളി ആരുടേതാണെന്നറിയാനുളള ആകാംക്ഷ. ഫോൺ അയാൾ ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കൽ ഒരു സ്‌ത്രീയുടെ കിളിശബ്‌ദം.
‘ഹലോ ഇത് ’ആശ‘യിൽ നിന്നാണ്. താങ്കളുടെ അസ്വസ്ഥമനസ്സിന് സാന്ത്വനമരുളുന്നതിന് വേണ്ടിയാണ് വിളിക്കുന്നത്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്നതിനും പുതിയൊരു ജീവിതത്തിലേക്ക് താങ്കളെ കൈപിടിച്ചുയർത്തുന്നതിനും ആവശ്യപ്പെട്ടുകൊണ്ട് ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്ന ’ആശ‘ എന്ന ഈ സന്നദ്ധ സ്ഥാപനത്തിലേക്ക് താങ്കൾ ഏതാനും ദിവസം മുമ്പ് വിളിച്ച് ഫോൺ നമ്പർ തന്നിരുന്നല്ലോ. കൗൺസിലിംഗിനുവേണ്ടി എവിടെയാണെങ്കിലും ദയവായി എത്രയും വേഗം ’ആശ‘യിലേക്കു വരൂ’
ജീവിക്കണമെന്നുളള മോഹം അയാൾക്ക് നൽകാൻ ഈ ഫോൺകോൾ പര്യാപ്‌തമായിരുന്നു. അയാൾ എന്തോ മറുപടി പറയാൻ തുനിഞ്ഞെങ്കിലും പെട്ടെന്ന് ഫോൺ കട്ടായി. മൊബൈൽ ഫോൺ പോക്കറ്റിൽ തിരുകി ധൃതിയിൽ താഴേക്കിറങ്ങവേ കാലിടറി അയാൾ ടവറിൽ നിന്നും നിലംപതിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ട തലപൊട്ടി നട്ടെല്ല് തകർന്ന് അരയ്‌ക്ക് താഴെ സ്‌തംഭിച്ച് ആശുപത്രിയിൽ മരണാസന്നനായി കിടക്കുന്ന അയാളെപ്പറ്റിയുളള സചിത്ര വാർത്ത ടെലിവിഷൻ ചാനലുകളിൽ വൈകുന്നേരത്തോടെ പ്രത്യക്ഷപ്പെട്ടു.
Generated from archived content: story4_apr1.html Author: pp_rajan_pullarkkat