പിത്തരതി

കരളിൽനിന്നും കണ്ണീരുറയുമ്പോൾ

പ്രണയം നീട്ടിയ തീരങ്ങളിൽ

നമുക്ക്‌ കാറ്റ്‌ കൊളളാനിറങ്ങാം.

നിരാസങ്ങളുടെ വേലിയേറ്റങ്ങളിൽ

അവസാനത്തെ മൺതരിയും ഒലിച്ചുപോകുമ്പോൾ

മുങ്ങിത്താഴുന്ന ഹൃദയത്തിനായി

മറവിയുടെ കച്ചിത്തുമ്പ്‌ നൽകിക.

അടഞ്ഞവാതിലുകൾ പോലെ

സന്ധ്യയുടെ കറുപ്പ്‌

ദുരൂഹമരണങ്ങളുടെ മേഘങ്ങളിൽ

പെയ്‌തിറങ്ങുമ്പോൾ

കാറ്റ്‌,

കാലപ്പെരുക്കങ്ങളുടെ ചിതയൊരുക്കമാവുന്നു.

കണ്ണിൽ,

കടന്നക്കൂടിളകുമ്പോൾ

ആർദ്ര, സാന്ദ്രാനുകമ്പം നോട്ടമെന്തേ?

കരളിൽ,

കരിവിഷക്കോളടിക്കുമ്പോൾ

കദന, സാന്ത്വന പല്ലവിയെന്തേ?

ഒറ്റുകാരന്റെ അടിവസ്‌ത്രത്തിൽ

പുരണ്ടപാപക്കറയിൽ

മുങ്ങിത്താണതാരാണ്‌?

ആദർശ ഭീരുക്കളുടെ പ്രേതാലയങ്ങളിൽ

പിത്തരതിയുടെ വെപ്പാട്ടിയറകൾ ഉയരട്ടെ!

ഉരുണ്ട ഭൂമിയെ അടിച്ചുപരത്തി

വിസർജ്യ ജന്മങ്ങൾക്ക്‌ വിശപ്പാറ്റാനുളള

പൊറോട്ടയുണ്ടാക്കുക…

ധർമത്തിന്റെ ചോരയിൽ ‘ഗ്രേവി’യും

വ്യഭിചാര ഗർവ്വിൽ ‘ഈഷ്‌ടു’വും.

Generated from archived content: poem5_june25_05.html Author: pk_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here