ഇന്ദ്രിയങ്ങളുടെ നെറുകയിൽ
കുഴിച്ചിട്ട ദർശന വിത്തുകൾ
പൊട്ടിമുളക്കുന്നതും കാത്ത്
വെന്തുനീറുന്ന ഹൃദയങ്ങളുടെ
നൊമ്പരപ്പാട്ട്..
ഇലനീട്ടിയ മിഴിമരങ്ങളുടെ
നാവറുത്ത്
ശോണനുറുമ്പുകൾ സദ്യയൊരുക്കി
ചലനവേഗങ്ങളുടെ
വേരെടുത്ത്
ഇത്തിക്കണ്ണികൾ പുടവയാക്കി
മണ്ണ്-
നിരാസത്തിന്റെ കടലായി
ജലജീവിതം
പ്രാണന്റെ പിടച്ചിലായി
കാറ്റനന്തം
ശിരോജ്വാലയായി…
കൂമ്പടഞ്ഞ വിത്തുകൾ
കെട്ടുപോകുവാൻ പോലുമാവാതെ
നിത്യ നിഷ്‌ഫല സമസ്യയായി
ഐന്ദ്രിക യുദ്ധകാണ്‌ഡങ്ങളിൽ
ചീഞ്ഞളിഞ്ഞു കത്തുമ്പോൾ
മുരട്ടുകാളകൾ മേയുന്ന
ഷണ്‌ഡോന്മത്ത വക്രാധികാര ഭൂമിയിൽ
ഒരശ്വത്ഥാമാവിന്റെ
അലർച്ച കേട്ടുവോ?!
Generated from archived content: poem3_feb25_06.html Author: pk_unnikrishnan