ഗുരു അഗ്‌നിയാണ്
ഹിമ മുടികളേയും
സപ്‌തസാഗരങ്ങളേയും
ആവാഹിക്കുന്ന അഗ്നിപുഷ്‌പം
അധർമ്മ നീതികളുടെ
നഗര ദുർഗ്ഗങ്ങൾ
ചാമ്പലാക്കുന്ന തൃക്കണ്ണ്….
അത്യാചാരങ്ങളെ വിഴുങ്ങുന്ന
ത്രികാല താപതാണ്‌ഡവം
ഗുരു മോക്ഷമാണ്
ജനിമൃതികളിലെ
കർമ്മ ബന്ധങ്ങളിൽ നിന്നും
കൊഴിഞ്ഞുപോകുന്ന നൊമ്പരമാത്രകൾ…
ഇലകളും വേരുകളും ഇടവുമില്ലാത്ത
സഞ്ചരിക്കുന്ന വൃക്ഷം
വൃത്തത്തിൽ നിന്നും ബിന്ദുവിലേക്കുളള
സ്വച്ഛന്ദ നീരസ വിരാമം…
ഗുരു ആനന്ദമാണ്
കർമ്മത്തിന്റെ ചലനതാളങ്ങളിൽ
ധർമ്മബോധ സംഗീതം
അടയുന്ന വാതിലിൽ തുറന്ന പ്രതീക്ഷയുടെ
അവസാന നിശ്വാസം
കണ്ണീർത്തുളളികൾ പുഞ്ചിരിക്കുമ്പോൾ
ഗതിയടഞ്ഞ പ്രാണന്റെ ആനന്ദോത്സവം…
ഗുരു മഴയാണ്
സ്‌നേഹത്തിന്റെ ഉറവ വറ്റിയ
മിഴികളിൽ
ജ്ഞാനത്തിന്റെ ചെറുമീനിളക്കം…
ഹൃദയതാപങ്ങളുടെ പൊളളുന്ന ഗതിവേഗത്തിൽ
നിരാഘാത സാന്ത്വനസ്‌പർശം
ഭംഗങ്ങളുടെ ആഴങ്ങളിലേക്ക്
നിസ്സംഗതയുടെ പിടിവളളികൾ
ഊഴ്‌ന്നിറങ്ങുന്നു…
ഗുരു
ശ്രദ്ധയും വിശ്വാസവും സംഗമിക്കുമ്പോൾ
മൃതവും അമൃതവുമല്ലാത്ത
ശബ്‌ദവും നിശ്ശബ്‌ദവുമല്ലാത്ത
വേനലും മഴയുമല്ലാത്ത
ചോദ്യങ്ങളില്ലാത്ത
ഉത്തരമാണ്…
തൃപ്‌തിതേടാത്ത തൃഷ്‌ണയാണ്
വാചാലമായ മൗനമാണ്
അടങ്ങാത്ത ഹൃദയ വായ്‌പാണ്
മറക്കാത്ത ഓർമ്മയും
വഴിയില്ലാത്ത നടപ്പും
നടക്കാത്ത വഴിയുമാണ്….
നിധികാത്തിരിക്കുന്ന ഭൂതമാണ്.
Generated from archived content: poem3_aug16_05.html Author: pk_unnikrishnan