കുമാരാ,
സൂക്ഷമില്ലാത്തവന്റെ മുതല്
നാണമില്ലാത്തവൻ കൊണ്ടുപോകും.
മണ്ണുംചാരി നിന്നവൻ
പെണ്ണും കൊണ്ടുപോകും
കാത്തുസൂക്ഷിച്ച കസ്‌തൂരിമാമ്പഴം
കാക്കകൊത്തിപ്പോകും.
സൂക്ഷിക്കുക-
തിരക്കിൽ പോക്കറ്റടിക്കാരും
മാലമോഷ്‌ടാക്കളും നേർജാരന്മാരും
ഒറ്റപ്പെടുമ്പോൾ ഭയവും…
കണ്ണുപോയാൽ കാലം;
കരൾ ആയുസ്സും
സൂക്ഷിക്കുക-
സ്വരുക്കൂട്ടിയ സ്വപ്‌നങ്ങളിൽ
വിഷപ്പാമ്പുകൾ ചുറ്റിപ്പടരുന്നത്
ഇണയുടെ കണ്ണീരിൽ
വഞ്ചനയുടെ മധുരം കിനിയുന്നത്
ചതിയുടെ സൂചിമുനയിൽ
ജീവൻ പിടയുന്നത്.
സൂക്ഷിക്കുക-
ഇടതുവശം പോകുക
വഴികളിൽ, വശങ്ങളില്ലാതെ
ഭ്രാന്തുപിടിക്കുമീ വേഗത
ഗോളജാലങ്ങളിൽ പാറിപ്പറന്ന്
ലയിക്കുമീ ശൂന്യതമസ്സ്
സൂക്ഷിക്കുക-
അമ്മിഞ്ഞ ഞൊട്ടി നുണഞ്ഞ
പാലിന്റെ ശേഷിപ്പുകൾ
തോറ്റും പിന്മാറാത്ത സന്മാർഗമൂല്യങ്ങൾ
കലയും സംസ്‌കാരവും കാച്ചിക്കുറുക്കിയോ-
രെന്റെ നാടെന്ന ഹൃദയമന്ദാരങ്ങൾ
ഇനിയും മരിക്കാത്തൊരാത്മവിശുദ്ധികൾ
സൂക്ഷിക്കുക-
ഒരിലച്ചോറ്
ഒരുതുളളി വെളളം
ഒരിലത്തണൽ
ഒരിറ്റുവെട്ടം
ഒരു പാട്ടും ഹൃദയവും….
സൂക്ഷിക്കാൻ അടക്കമുളള ഉറപ്പ് വേണം
അച്ചടക്കമുളള കാവലാളും
നിയമവും പോലീസും ഭരണകൂടവും
അതിർത്തിയും പട്ടാളവും മുൾവേലിയും
സൂക്ഷ്‌മതയുളള ഗവേഷണങ്ങൾ വേണം
അതിസൂക്ഷ്‌മസാരം ആൾ-
ദൈവങ്ങൾ വേണം
കുത്തിമുളച്ച പ്രതീക്ഷകൾ നാമ്പിട്ട്
പുഷ്‌പങ്ങളായി വിടർന്നിടുമ്പോൾ
ഉത്തമജാഗ്രത വേണം
ഉണങ്ങാത്ത വൃക്ഷമായ് മാറും വരെയും…
ഒക്കെയുമുണ്ടായിട്ടും കുമാരാ,
നിന്റെ മണ്ണും, നിനക്കായി പിറന്ന പെണ്ണും
നിന്റെ പ്രസ്ഥാനത്തിന്റെ ചൂരും,
കൊടിയുടെ ചുവപ്പും,
നിന്റെ നെഞ്ചിന്റെ താളവും
നിളയുടെ ഓളവും
ഈ നാടിന്റെ മാനവും
നാണമില്ലാത്തവർ
കൊണ്ടുപോയതെന്ത്യേ?
Generated from archived content: poem3_apr11.html Author: pk_unnikrishnan