തെരുവിലെറിയപ്പെട്ടവന്റെ നൊമ്പരങ്ങളിൽ
നെഞ്ചുപറിഞ്ഞ ചോരയുടെ കാറ്റുണ്ട്.
വഴികളുടെ പാട്ടുകളിൽ
ആർക്കും വേണ്ടാത്തവരുടെ ഹൃദയതാളം
പിടയുന്നു.
വിധിയുടെ വലവീശി
ഇരപിടിക്കുന്ന ദൈവങ്ങൾ
വിരുന്നിനായ് ചിലന്തി വലവീശി.
നിലയുറക്കാത്ത,
തലചായ്‌ക്കാത്ത,
താളംതെറ്റിയ തെരുവുകൾ
കൂലംകുത്തിയൊഴുകി
ചോരയും നീരും വിറ്റ
വിപ്ലവ വിപണിയിൽ
വാണിഭത്തിമിർപ്പ്
കാലം കത്തിച്ചാമ്പലായ
ഇടനാഴികളിൽ
കാൽവെന്തനായയ്‌ക്ക്
പൂച്ചയുറക്കം.
കണ്ണീര് തുളുമ്പുന്ന തീക്കിണറുകളിൽ
നിരാസങ്ങളുടെ വാല്‌മീകഹാസങ്ങൾ…
ഒടുവിൽ-
വിശപ്പിന്റെ പരാക്രമങ്ങൾ
വിഷംതീണ്ടി സ്വയംഹത്യ-
ചെയ്‌തെന്നു വാർത്ത!
എങ്കിലും,
നിഴലും വിലാസവുമില്ലാത്തവനെ തേടി
ആഗോളാന്തര സന്ദേശങ്ങൾ
ഇപ്പോഴും എത്തുന്നുണ്ട്.
കൊടികൾക്കും അടയാളങ്ങൾക്കും മേലെ
നിലവാരവും
ചോദനയും
മുദ്രയുമായി.
Generated from archived content: poem1_july_06.html Author: pk_unnikrishnan