ദൂരെയാരെ കാത്തിരിപ്പൂ
കാതരാളെ… ഏകയായ്
കാതോരം ചൊല്ലുന്ന കവിതയിലലിയുന്ന-
താരെന്നും സാരവും ചൊല്ലീടുമോ
ആരാമം പൂക്കുമ്പോളാദ്യം വിടർന്ന പൂവിൽ
ആളികളും കിളികളും പൊതിഞ്ഞിടുമ്പോൾ
കായാമ്പൂവർണ്ണമാം നിന്നുടൽ തഴുകുവാൻ
മായാവിയായി ഞാൻ വന്നിടട്ടെ
നാണമെന്തെന്നറിയാത്ത നാട്ടിൻപുറക്കാരി
നാകീയസുന്ദരി നീയാണോ…
നാൽവരാം സ്വർലോകസുന്ദരിമാർ പോലും
നാണിച്ചു നിൻമുന്നിൽ മുഖം കുനിക്കും.
ചിത്രാശിലാപാളി വെറുതെ തലോടവേ
ചിത്രമായ് നിന്നെ ഞാൻ പുൽകിടുന്നു
മിത്രമഹാമുനിതൻ തപസ്സിനെ ഹനിച്ചപ്പോൾ
ഛത്രകുമാരി പോൽ നീ തിളങ്ങി
കവിതയിൽ നീ മജ്ഞരി വൃത്തമല്ലെ
കഥകളിൽ നീയതിൻ സാരാംശമല്ലെ
ഗാനത്തിൽ നീ മന്ദ്രസ്ഥായി സ്വരം
ഭാവത്തിൽ നീ നവ്യാനുഭൂതിയല്ലെ
Generated from archived content: poem4_may26_07.html Author: pg_subrahmanyan