അരയന്നത്തോണിയിൽ അണിയത്തിരിക്കുന്ന
അഴകുളളദേവതയാര്
അമരാവതിയിലെ രാജകുമാരിയോ
അഴകുളള ദേവസലീനയോ
പുഞ്ചിരിപ്പൂകൊണ്ടു പുളകം വിരിയിക്കും
അഞ്ചിതഗാത്രിയാമിവളാര്
വഞ്ചിനാടിന്റെ പ്രിയപുത്രിയോ
തുഞ്ചന്റെ പാട്ടിലെ കിളിപ്പെണ്ണോ
കണ്ണുകൊണ്ടമ്പെയ്യും കാതരയാമിവൾ
കണ്ണകിയോ മുനികന്യകയോ
വിണ്ണിലെ രാജനർത്തകിരംഭയോ
മണ്ണിന്റെ പ്രിയപുത്രിസീതാദേവിയോ
താരകകൺമിഴിയമ്പെയ്‌തുനീയെന്റെ
താപസമാനസമിളക്കീ
താമരപ്പൂവുടൽ തഴുകാൻ നിന്നരികെ
താരാട്ടുകാറ്റായ് ഞാൻ വന്നോട്ടെ.
Generated from archived content: poem4_mar13_08.html Author: pg_subrahmanyan