‘ഇനി ഞാൻ വണങ്ങട്ടെ’

എന്നെ പഠിപ്പിച്ചു; ഗുരുക്കൻമാർ

നന്മകൾ മാത്രം ചെയ്യാൻ തിന്മകൾ തിരസ്‌കരിക്കാൻ

പിന്നെ മഹാഗുരുശ്രീനാരായണനെയുൾക്കൊണ്ട്‌-സ്വയം

നന്മകളറിഞ്ഞു വർത്തിക്കാനും പഠിച്ചു ഞാനും

പണ്ടു നമ്മുടെ പൂർവ്വികരുടെ മനസ്സിലാരോ വിരിച്ച

ജാതിചിന്തതൻ വിത്തുമുളച്ചു തഴച്ചിന്നു നിൽക്കുന്നു

വിഗ്രഹഭഞ്ഞ്‌ജനം കൊണ്ടച്ചിന്ത തകർക്കാനെന്തെളുപ്പം

കഴിയില്ല എങ്കിൽ നിരുപദ്രവ വിഗ്രഹങ്ങളെ വെറുതെവിടരുതോ

മനുഷ്യചില്ലയിലപാര വിടവുകളേൽപ്പിച്ചു മരിച്ചു പോയെത്രയോ

ആദർശ ധീരരാം വേദാന്തചിന്തകരും എഴുത്തുകാരും

ദൈവങ്ങളും തത്വജ്ഞാനികളും നമുക്ക്‌ നന്മകൾ ചെയ്‌തു-നാമോ

അവരുടെ പ്രതിമകളും ലേഖനങ്ങളും നശിപ്പിക്കുന്നു

എന്റെ തലച്ചോറിൽ അംബേദ്‌ക്കറും, രക്തത്തിൽ അയ്യൻകാളിയും

ഹൃദയം ശ്രീഗുരുവും ശ്വാസകോശം നബിയും കരളിൽ ക്രിസ്‌തുവും വാഴുന്നു

ആർക്കും അന്യരായ്‌ നിന്നിടാതെ-പരസ്‌പരം

ഒന്നുചേർന്ന്‌ ജീവിക്കുന്നതല്ലെ ഏറെ മെച്ചം

സുനാമിയും ഭൂകമ്പവും, ചുഴലിയും വരുമ്പോൾ മാത്രം

കൂട്ടപ്രാർത്ഥന നടത്തിയാൽ ദൈവം കടാക്ഷിക്കുമോ

പ്രപഞ്ചത്തിലാകെ കണ്ണോടിച്ചാൽ നമുക്കു ദർശിക്കാം

കൊല്ലുന്നവരെയും കൊല്ലിക്കുന്നവരെയും ദൈവം ഒന്നിച്ചു തീർക്കുന്നത്‌

കാമത്തിൻ പേരിലന്യരെ വധിക്കുന്നു ബന്ധങ്ങൾ വഴിവിട്ട്‌ ചിരിക്കുമ്പോൾ

ഭാരത സംസ്‌കാരം തീവ്രമായ്‌ നാറുന്നു, അറയ്‌ക്കുന്നു

ധനത്തിനായ്‌ അമ്മയെ കൊല്ലുന്നു-അച്‌ഛനെയും

കേവലമൊരതിർത്തിത്തർക്കത്താൽ പരസ്‌പരം വെട്ടി മരിക്കുന്നു.

കൈവിട്ടുപോയ ആത്മബന്ധങ്ങൾ തിരക്കി ഞാനെൻ

ഡോക്‌ടറെ ചെന്നു കണ്ടു തിരക്കി-അവ കൂട്ടിയിണക്കാനുളള വഴി

അംബേദ്‌കർ ചൊല്ലി, മകനേ നീ നിന്നെ ഊതിക്കാച്ചുക

സഹനവും സ്‌നേഹവും നിന്നിൽതന്നെയാണെന്ന്‌ നീയറിയുക

അനന്തരം ശ്രീനാരായണനെയും, നബിയെയും, ക്രിസ്‌തുവിനെയും കണ്ടു

അവരും പ്രഥാമാചാര്യന്റെ ഉപദേശം ശരിവെച്ചു.

സ്വന്തമല്ലാതെന്തും വശത്താക്കാനൊരുങ്ങുമ്പോളത്രെ

ബന്ധവും സ്‌നേഹവും നശിച്ചു പോകുന്നതെന്ന്‌

താഴേക്കു ജലം ഒഴുകുന്ന പോലെ നമ്മെ വലിയോർ സ്‌നേഹിക്കേണമോ

മലമുകളിലേക്കുളളിലൂടെത്തും ജലംപോലെ നാമും സ്‌നേഹിക്കണം

നാളെയെന്നൊരു ദിനം പിറക്കണമെങ്കിൽ സൂര്യൻ ഉദിച്ചു തന്നെയാകണം

നാളെയെ നമുക്കു വേണം, പക്ഷേ സൂര്യനെ ഉദിപ്പിച്ചിടാനാകുമോ

അന്യനെ ആശ്രയിക്കാതെ സ്വന്തമായേവരും പണി ചെയ്‌തു ജീവിക്കാൻ

ബുദ്ധിജീവികളാം പൂർവ്വികര തീർത്തതാണ്‌ ‘ജാതി’ ചിന്ത-എങ്കിൽ

ഇനി ഞാൻ വണങ്ങട്ടെഃ ഈ, നൽ വേദാന്ത മൂർത്തികളെ

Generated from archived content: poem4_dece27_05.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here