മനുഷ്യദൈവം

സ്‌നേഹിച്ചിടുമ്പോളറിയുന്നു

ഗുരുദേവാ

സ്‌നേഹത്തിൻ വിലയും-ഈ

ജീവിതമൂല്യവും

മണ്ണായ്‌ മറഞ്ഞെങ്കിലും

ഈ മണ്ണിലോരോ തരികളിലും

മനുഷ്യന്റെ സിരകളിൽ

ഹൃദയത്തിലും

ദീപമായ്‌ തെളിയുന്നു അങ്ങുതൻ

അദ്വൈത അനശ്വരമന്ത്രം.

‘അവനവനാത്മസുഖത്തിന്നാചരിക്ക

യപരന്നാത്മസുഖത്തിന്നായ്‌ വരേണം’

മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉണ്ടത്രെ.

ഒരു ദൈവത്തെപ്പോലും

ഞങ്ങൾ കണ്ടതില്ല.

അമ്പലശ്രീകോവിലിൽ

വാഴുവാനർഹൻ നീ പിന്നെന്തേ

അമ്പലമുറ്റത്തെക്കാവൽക്കാരനായ്‌

മാറി നിൽക്കുന്നു.

അങ്ങുതൻ ജീവിതകഥയിൽ

മായാജാലമില്ല-നാറുന്ന കഥയില്ല

മരിച്ചിട്ടുയിർത്തെഴുന്നേറ്റില്ല-നീ

പതിനാറായിരത്തെട്ടു ഭാര്യമാരെ വേഴ്‌പതില്ല

സംശുദ്ധനായ ദൈവം ആരെന്നുകേട്ടാൽ

നിസ്സംശയം ഞാൻ ചൊല്ലും ശ്രീഗുരുദേവനെന്ന്‌

ഒന്നിനോടൊന്നു മെച്ചം ജാതികൾ തമ്മിൽ

അന്യൻ എന്നെക്കാളേറെ മെച്ചം എന്നു നീ ചൊല്ലി

അതിനാലങ്ങു ചൊല്ലീ-

മതമേതായാലും മനുഷ്യൻ നന്നായാൽ മതി

പുണ്യപുമാനാം ശ്രീനാരായണാ

അങ്ങുതൻ ദിവ്യപാദം പതിഞ്ഞ കേരളമെവിടെ

ജാതിമതദ്വേഷമില്ലാതേവരും

സോദരത്വേന വാഴുന്ന മാതൃകാ കേരളം

വെട്ടിപ്പിടിക്കുന്നൂ ധനവും സ്ഥാനമാനങ്ങളും

എന്തിനിതെല്ലാം നീ കാണുന്നു ഗുരുവേ

വന്ദനം, വന്ദനം ഗുരുവേ വന്ദനം

അവസാന സ്‌പന്ദനം നിലക്കുവോളം വന്ദനം.

Generated from archived content: poem3_june25_05.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here