പൈതലേ പാരിതിൻ ചാരുശീലേ
നീയെൻ കൈകളിൽ വന്നു ചേർന്ന
പാൽ തിങ്കളോ? പൊൻവിളക്കോ
താമര തോൽക്കുമുടൽ ചേർത്തുവെക്കാൻ
വെൺചാമരം വീശിടുന്നെൻ ഹൃദയം
ഓമലേ സുസ്മിതം
ഏഴുനിറങ്ങളും സമം ചേർത്തു ദൈവം
തീർത്തതാണോ കുഞ്ഞേ നീയെന്റെ ജീവൻ
കണ്ണും കരളുമായ് തീർന്നുവല്ലോ
ആമോദമോടെന്റെ ഹൃദയം-വാനിൽ
പൊങ്ങിപ്പറക്കുന്നൊരു പക്ഷിപോലെ
താനേ നിന്നും പിന്നെയും പറക്കും പോലെ
ജീവിതവാടിയിൽ ദാമ്പത്യ വല്ലിയിൽ
പൂത്തുനിന്ന ഏക പുഷ്പമല്ലേ നീ
പൂക്കൾ തൻ രാജപുഷ്പമല്ലേ
സൗഗന്ധികം പോലും നിന്നെ നമിക്കും
സൗരഭ്യസായൂജ്യസൂനമേ
താതന്റെ കൈയിലെ സൂര്യകാന്തിപ്പൂവായ്
അമ്മതൻ തോളിലുറങ്ങുമ്പോഴവരുടെ താലിയായും
കണ്ണേ വളരുക വളരുക നീയും
കുഞ്ഞിളം കൈകളിൽ എന്റെ രക്ഷയും
ലോകത്തിൻ നാഥത്വവും കാണുന്നു ഞാൻ
ഉണ്ണീ നീയുറങ്ങൂ-രാരാരിരാരിരം കേട്ടുറങ്ങൂ…
Generated from archived content: poem3_jan6_06.html Author: pg_subrahmanyan