ഹൃദയം ഒരു ക്യാൻവാസ്‌

ഹൃദയത്തിൻ ക്യാൻവാസിലെഴുതീ ഞാനെൻ

ഹൃദയേശ്വരിതൻ ഛായാപടം

കാർകൂന്തൽ വരച്ചു പുരികങ്ങൾ വരച്ചു

കരിമഷി ചാലിച്ചു മിഴികൾ വരച്ചു

നീണ്ടുവിടർന്നുളള മിഴികളാൽ അവളെന്നെ

ഒളിയമ്പെയ്‌തു ഉണർത്തീ

അരുണനിറം കൊണ്ടു അധരങ്ങൾ തീർക്കവെ

അധരാമൃതമവൾ വിളമ്പീ

മുഖശോഭയറിയുവാൻ വരകഴിഞ്ഞകന്നപ്പോൾ

തലയാട്ടി അവളെന്നെ വിളിച്ചു

കഴുത്തിനോടുടൽ ചേർത്തു കരങ്ങളും തീർത്തപ്പോൾ

കരങ്ങളാൽ അവളെന്നെ പുണർന്നു

മാറുവരച്ചിട്ടു ക്യാൻവാസു നിവർത്തുമ്പോൾ

നാണിച്ചു കരങ്ങളാൽ മുഖം മറച്ചു

അരക്കെട്ടിലരഞ്ഞാണം വരച്ചപ്പോൾ

അതുനോക്കിയവളെന്നെ കളിയാക്കി

കാൽകളും പാദങ്ങളും വരച്ചു കഴിഞ്ഞപ്പോൾ

ക്യാൻവാസു വിട്ടവൾ ഇറങ്ങി.

അപ്‌സരസ്സാമവൾ മെല്ലെ നടന്നുപോയ്‌

ക്യാൻവാസും ഞാനും തനിച്ചായി

അവൾ പറന്നകന്നു പോം കാഴ്‌ചയിന്നുമെൻ

അകതാരിൽ നൊമ്പരം ഏകിടുന്നു.

വരുമോ ഇനിയൊരു ജന്മമതുണ്ടെങ്കിൽ-എൻ

ഹൃദയത്തിൻ ക്യാൻവാസിൽ നിന്നെയെഴുതാം.

Generated from archived content: poem1_mar25_06.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here