കരുതല്‍

‘ എന്തിനും ഒരു കരുതല്‍ വേണം’ എന്ന് ഭാര്യ അയാളെ കൂടെക്കൂടെ ഉപദേശിക്കുമായിരുന്നു അയാളത് ആദ്യം മുഖവിലക്കെടുത്തില്ല.

എത്ര കരുതലെടുത്താലും വരാനുള്ളത് വരും. അപ്പോ നേരിടുക അത്ര തന്നെ അയാള്‍ പറഞ്ഞു.

‘ താനേ മനസിലാകും’

നഗരത്തിലെ ഫ്ലാറ്റിലായിരുന്നു അവരുടെ താമസം. ഭൂമിയിലുമല്ല ആകാശത്തുമല്ല എന്ന മട്ട്. പട്ടണത്തിലായിരുന്നു അവര്‍ക്ക് ജോലി.

അക്കാരണം കൊണ്ടു തന്നെ അന്തിയുറങ്ങാന്‍ ഫ്ലാറ്റിലിടം കണ്ടെത്തുകയായിരുന്നു. കൂട്ടത്തില്‍ ഫ്ലാറ്റുണ്ടെന്നു പറയുന്നതിലുള്ള ഗമയും.

ഒരു രാത്രിയില്‍ ടിവിയിലെ ന്യൂസ് ചാനലില്‍ ഒരറിയിപ്പു വന്നു.

‘ നഗരത്തിലെ ഫ്ലാറ്റുകളില്‍ ഭീകരര്‍ ബോംബ് വെച്ചിരിക്കുന്നു. എല്ലാവരും ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങുക’

വാര്‍ത്ത കേട്ടതോടെ പരിഭ്രാന്തിയായി എല്ലാവരും തന്നെ പുറത്തിറങ്ങി. ഫ്ലാറ്റിന്റെ അരികത്തുള്ള മൈതാനത്ത് ഉറങ്ങാതെ രാത്രി കഴിച്ചു കൂട്ടി. ബോംബ് സ്ക്വാഡിന്റെ പരിശോധന കഴിഞ്ഞ് ‘ കുഴപ്പമില്ല’ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്ലാറ്റില്‍ തിരികെ പ്രവേശിച്ചത്. അപ്പോഴേക്കും നേരം വെളുത്തിരുന്നൂ. ഉറക്ക ക്ഷീണം കാരണം പിറ്റേന്ന് ഓഫീസില്‍ പോകാന്‍ പലര്‍ക്കും സാധിച്ചില്ല. പോരെങ്കില്‍ കുളിയും മറ്റു സംഗതികളും നിര്‍വഹിച്ചു കഴിഞ്ഞപ്പോഴേക്കും സമയവും അതിക്രമിച്ചിരുന്നു.

ഒരാഴ്ച കഴിഞ്ഞില്ല മറ്റൊരറിയിപ്പ് വന്നു.

വാട്ടര്‍ ടാങ്കില്‍ ആരോ വിഷം കലക്കിയിട്ടുണ്ടോ എന്നായിരുന്നു സംശയം. അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചെത്രെ. അതിനിടയില്‍ ആരോ വിഷം കഴിച്ച് മരിച്ച വാര്‍ത്ത പരന്നു. മരണത്തിനു കാരണം കുടി വെള്ളത്തിന്റെ ഉപയോഗമാണോ എന്നുവരെ സംശയം ഉയര്‍ന്നു. ആരും പിന്നെ കുടിവെള്ളം ഉപയോഗിച്ചില്ല. ആ പകല്‍ മുഴുവനും പുറത്തുനിന്നും കുപ്പി വെള്ളം വില കൊടുത്തു വാ‍ങ്ങിക്കുടിച്ചു. ഫ്ലാറ്റിന്റെ മുന്നിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകാരന് അന്ന് കൊയ്ത്തായിരുന്നു. അന്നും അലക്കും കുളിയുമൊക്കെ മുടങ്ങി. പരിശോധനയുടെ ഫലം വന്നപ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നു. പതിവ് പോലെ മറുപടി.

‘ കുഴപ്പമില്ല’

ഫ്ലാറ്റിലുണ്ടായിരുന്നവര്‍ അജ്ഞാതനെ പിരാകി.

‘ പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞ് ഒടുവില്‍ പുലി വന്നപ്പോള്‍ ആരും ഇല്ലാതിരുന്ന പഴയ കഥ പോലെ അടുത്ത തവണ മറ്റെന്തെങ്കിലും അറിയിപ്പ് വരുമ്പോ അതു കൂസാതിരുന്നാല്‍ ചിലപ്പോ കുഴപ്പമായെന്നും വരാം’ അയാള്‍ ഭാര്യയോടു പറഞ്ഞു.

‘ഇനി എന്നാണ് വായുവില്‍ വിഷം കലര്‍ത്തി എന്ന് അറിയിപ്പുണ്ടാവുക….? ഭാര്യ തിരക്കി.

അയാള്‍ ഞെട്ടി അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും?

സംഭവിക്കാന്‍ പാടില്ലാ‍യ്കയില്ല. രാസമാലിന്യം നിറഞ്ഞൊഴുകി പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന വാര്‍ത്ത രണ്ടു നാള്‍ മുമ്പാണ് പത്രത്തില്‍ കണ്ടത്. അതു പോലെ സംഭവിക്കാം. എന്തും… അവര്‍ക്ക് വേവലാതിയായി . പിന്നെ മടിച്ചില്ല അയാള്‍ അന്നു തന്നെ പോയി മൂന്ന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ചുകൊണ്ടു വന്നു നാളത്തേക്ക് ഒരു കരുതല്‍!

Generated from archived content: story1_july10_12.html Author: paravur-babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here