നേരം സന്ധ്യമയങ്ങി അമ്മ പതിവ് സന്ധ്യാദീപം കൊളുത്തി തുളസിത്തറയില്‍ തിരി തെളിയിച്ചു. മുറ്റത്തെ കൊന്നമരത്തിന്റെ കൊമ്പില്‍ ചേക്കേറിയ ബലികാക്കയെ തെല്ലു നേരം നോക്കി നിന്നു.
”ഇന്ന് നേരത്തെയാണല്ലോ?”
അമ്മ കാക്കയോടു തീരക്കി. കൊന്നമരത്തില്‍ സന്ധ്യക്ക് എത്താറുള്ള കാക്ക അച്ഛനാണെന്നാണ് അമ്മയുടെ വിശ്വാസം. എന്നും കാക്കയോട് വിശേഷമെന്തെങ്കിലും തിരക്കിയില്ലെങ്കില്‍ അമ്മക്ക് സമാധാനം കിട്ടില്ല. അച്ഛനോടെന്നപോലെ സംസാരിക്കുന്ന അമ്മയെ നോക്കി കുട്ടികള്‍ ചിരിക്കും. ‘ഈ അച്ഛമ്മക്കെന്താ പ്രാന്താ’ ‘ദാ അതാണ് നിങ്ങടെ അച്ഛാച്ചന്‍ മരിച്ചു പോയ അച്ഛാച്ചന്‍’ കുട്ടുകള്‍ അതുകേട്ട് പരസ്പരം നോക്കും പിന്നെ ഉറക്കെ ചിരിക്കും അച്ഛമ്മക്ക് ശരിക്കും പ്രാന്ത് തന്നെ കുട്ടികള്‍ അതും പറഞ്ഞ് അകത്തേക്ക് കയറിപ്പോകും ‘ ആര്‍ക്കും നിങ്ങളെ മനസിലാവണില്ല എനിക്കൊഴികെ’ അമ്മയില്‍ നിന്ന് ഒരു നെടുവീര്‍പ്പുതിരും. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് അമ്മയെ ആശ്വസിപ്പിക്കാന്‍ അപ്പോള്‍ അടുത്തെത്തും. നിറകണ്ണുകള്‍ മേല്‍മുണ്ടുകൊണ്ടൊപ്പി അമ്മ തിരിച്ച് നടക്കും. അന്നും അമ്മ കാക്കയോട് എന്തൊക്കെയോ പറഞ്ഞു. കാക്ക ഒന്നു രണ്ടു വട്ടം കരഞ്ഞു. പിന്നെ ചിറകടിച്ച് ഇരുട്ടിലേക്ക് പറന്നകന്നു. അമ്മ മടങ്ങി കോലായില്‍ പുല്‍പ്പായ വിരിച്ച് എരിയുന്ന നിലവിളക്കിനരുകിലിരുന്ന് മഹാലക്ഷ്മിസ്തവം ചൊല്ലാന്‍ തുടങ്ങി. നല്ല ഈണത്തിലും താളത്തിലും വായനശാലയില്‍ മാറിയെടുത്ത പുസ്തകവുമായി അയാളും കോലായിലിരുന്നു. അപ്പോഴേക്കും കൊതുകുകളുടെ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞിരുന്നു. കൊതുകുകള്‍ മത്സരബുദ്ധിയോടെ രണ്ടാളേയും ആക്രമിക്കാന്‍ തുടങ്ങി. നാമജപത്തിനിടയില്‍ കൊതുകുകടി കൊണ്ട് അമ്മ ഞെളിപിരി കൊണ്ടു. തലക്കുചുറ്റും മൂളികൊണ്ടിരുന്ന കൊതുകുകള്‍ അയാളുടെ വായനയിലുള്ള ശ്രദ്ധയും തെറ്റിച്ചു. പത്തുവരി തികച്ചും വായിക്കും മുമ്പേ കൈയിലും കാലിലും വന്നിരുന്ന് ചോരയീമ്പിക്കുടിക്കുന്ന കൊതുകുകളെ പലവട്ടം തച്ചു കൊല്ലേണ്ടി വന്നു. ചാവുന്നതോ ഒന്നോ രണ്ടോ മാത്രവും. ‘ഈശ്വരാ എന്തു കൊതുകാണിത്? പട്ടി കടിക്കുന്ന പോലെയല്ലേ കടിക്കുന്നത്’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു. ഇടക്ക് തല ചരിച്ച് അയാളെ നോക്കി. അയാള്‍ കേട്ട ഭാവം നടിച്ചില്ല. അമ്മ വിളക്കിലെ തിരി നീട്ടി വച്ചു. കത്തിയെരിയുന്ന തുണിയുടേയും എണ്ണയുടേയും മണം അവിടെ പരന്നു. ആ ഗന്ധം കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. ‘സാമ്പ്രാണി തീര്‍ന്നൂന്ന് എത്രവട്ടായി പറയണു’ അമ്മ തിരക്കി അതിനുമയാള്‍ മറുപടി പറഞ്ഞില്ല.
‘നീ കേള്‍ക്കണുണ്ടോ’ ? അമ്മ അല്‍പ്പം ശബ്ദമുയര്‍ത്തി തന്നെ ചോദിച്ചു. ‘ഓ അത് മേടിക്കാത്ത കുറവേയുള്ളു സാമ്പ്രാണി തിന്നണ കൊതുകുകളാ ഇപ്പോഴുള്ളത്’ കാലില്‍ പറന്നിരുന്ന് കടിച്ചുകൊണ്ടിരിക്കുന്ന കൊതുകിനെ തല്ലാന്‍ ഉന്നം നോക്കുന്നതിനിടയില്‍ അയാള്‍ മറുപടി പറഞ്ഞു. ‘എന്താ തിരി വാങ്ങായിരുന്നില്ലേ’? അമ്മ വീണ്ടും തുടയില്‍ തല്ലി. അയാള്‍ പുസ്തകമടച്ചു വച്ചു കൊന്നിട്ട കൊതുകുകളുടെ എണ്ണം നോക്കി. പതിന്നാല് പത്തു മിനിറ്റിനുള്ളില്‍ പതിനാലെണ്ണം അയാള്‍ പിറുപിറുത്തു. കൊതുകുകള്‍ ആക്രമണം തുടര്‍ന്നു കൊണ്ടിരുന്നു. നാശം ‘കൊതുകുതിരി എവിടേടീ’?
പാതി തുറന്നു കിടന്ന വാതിലിലൂടകത്തേക്ക് എത്തി നൊക്കിക്കൊണ്ട് അയാള്‍ അലറുന്ന മട്ടില്‍ ഒച്ച വച്ചു. പിന്നെ കൊതുകു കടിച്ച കാലില്‍ അമര്‍ത്തി ചൊറിഞ്ഞു. കൊതുകുകടി സഹിച്ചും അമ്മ നാമജപം തുടര്‍ന്നുകൊണ്ടിരുന്നു. ‘എടി മൂധേവീ നിന്നോടാ ചോദിച്ചത്’ അയാള്‍ പിന്നെയും ഒച്ചവച്ചു. പ്രതികരണം ഒന്നുമുണ്ടായില്ല. കലി കയറിയ അയാള്‍ കോലായില്‍ കിടന്ന കസേര ഒറ്റച്ചവിട്ടിന് മുറ്റത്തേക്കിട്ടു.
ശബ്ദം കേട്ട് അയാളുടെ ഭാര്യ ഒരു കൊടുങ്കാറ്റു പോലെ കോലായിലേക്കു വന്നു. അയാള്‍ അവളെ തുറിച്ചു നോക്കി. തന്റെ ചോരയൂറ്റാന്‍ പറന്നടുക്കുന്ന ഒരു ഭീമന്‍ കൊതുകാണവളെന്ന് അയാള്‍ക്കു തോന്നി അയാള്‍ അവളെ തല്ലാന്‍ കൈയോങ്ങി. അവള്‍ കൊതുകിനേപ്പോലെ തന്നെ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.
‘കൊതുകുവരാതിരിക്കണോങ്കി ചുറ്റുവട്ടത്തിന് ഇത്തിരി വൃത്തിം വെടിപ്പും വേണം. കണ്ടില്ലേ കിടക്കണത്?’
‘ആര്‍ടെ ചുറ്റുവട്ടത്തിനാടീ വൃത്തിം വെടിപ്പും വേണ്ട്’?
‘നിങ്ങടെ, നിങ്ങടെ മനസിന്റെ ചുറ്റുവട്ടത്തിന്’
‘ഓ, ഒരു വൃത്തിക്കാരി. നിനക്കെന്താടി ഈ പൊറത്തെ ചപ്പൊക്കെ അടിച്ചുവാരി തീയിട്ടാല്‍…’?
‘ എനിക്കിവിടെ അതുമാത്രോല്ല പണി’
‘പിന്നെ നീ ഇവിടെ ആര്‍ക്കിണ്ടാക്കാനിരിക്കുവാടി’? അയാള്‍ കലിതുള്ളിക്കൊണ്ട് തിരക്കി.
‘ദേ സന്ധ്യാനേരത്ത് തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ’ ഭാര്യയുടെ ഒച്ചയും ഉയര്‍ന്നു.
‘പറഞ്ഞാല്‍ നീ എന്തുചെയ്യുമെടി കാണട്ടെ’ അയാള്‍ കൈചുരുട്ടിപ്പിടിച്ചുകൊണ്ട് അവളുടെ നേര്‍ക്കു നീങ്ങി. ഭാര്യ പിന്നെയും ഒഴിഞ്ഞു മാറി. അവള്‍ പിന്നോക്കം മാറുന്നതിനനുസരിച്ച് അയാള്‍ മുന്നോട്ടു ചെന്നു. കാണാം ഭാര്യയും വിട്ടില്ല അവളും എതിര്‍ത്തു നിന്നു.
‘നീ എന്തു ചെയ്യുമെടി പിശാചേ…’?
‘നിങ്ങളാണ് പിശാച് കൊതുക് എന്റെ ചോരയൂറ്റിക്കുടിക്കണ കൊതുക്’
‘എന്തു പറഞ്ഞെടി എരണം കെട്ടവളെ’
അയാള്‍ യുദ്ധമുഖത്തെ പോരാളിയേപ്പോലെ ചുവടു വച്ചു മുന്നോട്ടു കുതിച്ചു. താഴെ വീണു കിടന്ന കസേരയെ പൊക്കി അയാള്‍ ഭാര്യയെ അടിക്കാനോങ്ങി. അവളും കസേരയെടുത്തു. കാളി ദാരിക യുദ്ധം തന്നെ പിന്നെ അവിടെ നടന്നു. കസേരകളിലൊന്ന് ഒടിഞ്ഞ് രണ്ട് ഭാഗങ്ങളായി രണ്ടിടത്തു വീണു. അമ്മ നാമ ജപം നിര്‍ത്തി രണ്ടാളേയും നോക്കി. പിന്നെയും തുടര്‍ന്നു ഈ നരകത്തീന്നെന്നെ കര കേറ്റീടെണെ തിരുവൈക്കം വാഴും ശിവശംഭോ ഭാര്യ ദഹിപ്പിക്കുന്ന മട്ടില്‍ അമ്മായിഅമ്മയെ നോക്കീ അവര്‍ നാമജപം അവസാനിപ്പിച്ച് എഴുന്നേറ്റു പോയി. അകത്തു നിന്നും മക്കള്‍ പുറത്തു വന്നു. അങ്കം വെട്ടുന്ന അച്ഛനേയും മമ്മയേയും നോക്കി പത്താം തരത്തില്‍ പഠിക്കുന്ന മകള്‍ അനുജനെ തോണ്ടിക്കൊണ്ട് പറഞ്ഞു. ‘ഉണ്ണീ കണ്ടോ ഒരാണ്‍ കൊതുകും പെണ്‍കൊതുകും തമ്മില്‍ യുദ്ധം ചെയ്യുന്നത്’
ഇളയകുട്ടി ചേച്ചിയുടെ ഫലിതം കേട്ട് ആര്‍ത്തു ചിരിച്ചു. മുറ്റത്തുള്ള തെങ്ങിന്റെ ചുവടെ കിടക്കുന്ന ആഹാരാവശിഷ്ടങ്ങളില്‍ നിന്നും മൂളലോടെ കൊതുകുകള്‍ അപ്പോഴും പറന്നു പൊങ്ങിക്കൊണ്ടിരുന്നു.
Generated from archived content: story1_aug15_12.html Author: paravur-babu
Click this button or press Ctrl+G to toggle between Malayalam and English