കൈതാരത്തുണ്ടായിരുന്നു പണ്ട്
കൃഷ്ണഭക്തയാമൊരു മുത്തശ്ശി
മുതുകില്‍ ചെറിയൊരു കൂനും പേറി
കൂനിക്കൂടി നടക്കും മുത്തശ്ശി
കനിവുള്ളൊരു മുത്തശ്ശി
നേരം പരപരവെളുക്കുമ്പോള്‍
കുളിച്ചു കസവുമുണ്ടും ചുറ്റി
ഒരു കൈയില്‍ കാലന്‍ കുടയും
മറുകൈയില്‍ പൂവട്ടിയുമേന്തി
കൂനിക്കൂടി നടന്നു നടന്ന്
കണ്ണന്‍കുളങ്ങരയോളം പോകും
കണ്ണനൊരുവട്ടിപ്പൂ
തിരുനടയില്‍ വച്ചു നിറഞ്ഞുതൊഴും
‘കണ്ണാ.. കണ്ണാ..’ എന്നു വിളിച്ച്
കണ്ണനു മുന്നില്‍ നിന്നാനന്ദക്കണ്ണീര്‍ തൂവും
മടിയില്‍ കരുതും പഴമൊന്ന്
മടിയാതനയ്ക്കിട്ടുകൊടുക്കാന്‍
വെയിലിനു താപം കൂടും മുമ്പേ
വീടണയാനായ് തിരികെ പോരും
കൂനിക്കൂനി പോവും
കൈതാരം വരെ കാലനടയായ്
കുട്ടിയാണ് ഞാനന്നെങ്കിലും
എത്രവട്ടം കണ്ടതാണവരെ
ഇന്നുമോര്‍മ്മയിലൊളിമങ്ങാതെ
കൂനിക്കൂനി നില്‍ക്കുകയാണാ
കൈതാരത്തെ മുത്തശ്ശി
കുബ്ജതന്‍ കൂനുമാറ്റിയ
കണ്ണനെന്താണാവോ
മരിക്കോളമവരുടെ
കൂനു മാറ്റിക്കൊടുക്കാതിരുന്നേ..?
ചിന്തിച്ചു സംശയിച്ചിരുന്നു ഞാന്‍
ഒറ്റക്കിരിക്കും ചില നേരങ്ങളില്‍
കൂനുള്ളൊരാ
കൃഷ്ണഭക്തയാം മുത്തശ്ശിയെ
കുബ്ജയെപ്പോലെയേവരും
എന്നുമോര്‍ക്കുവാന്‍ വേണ്ടിയാകാം
കണ്ണനവരുടെ കൂനുമാറ്റാത്തിരുന്നത്!
Generated from archived content: poem3_july11_13.html Author: paravur-babu
Click this button or press Ctrl+G to toggle between Malayalam and English