മുറിവേറ്റ ബന്ധങ്ങൾ

അമ്പലത്തിന്റെ ഇരുമ്പുഗേറ്റ്‌ തുറന്ന്‌ അവൾ വരുന്നതുകണ്ടപ്പോൾ ഹൃദയം വിറച്ചു. വാതിൽ തുറന്നുപിടിച്ച്‌ പുറത്തുകടക്കാതെ അവൾ ഒരുനിമിഷം നിന്നു. പിന്നെ അമ്പലത്തിന്‌ നേർക്ക്‌ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു. ഒലിച്ചിറങ്ങിയ കണ്ണീർ ഇടതുകൈകൊണ്ട്‌ തുടച്ചുമാറ്റി. ഒപ്പം വലതുകൈകൊണ്ട്‌ മൂക്കു ചീറ്റി. പുറത്തേക്കിറങ്ങിയ അവൾ കണ്ണുകൾ ചിമ്മിയടച്ച്‌ നോക്കിയത്‌ അയാളുടെ മുഖത്തേക്ക്‌. അവളിൽ നിന്നു പുറപ്പെട്ട തേങ്ങൽച്ചീളുകൾ തന്നെപ്പൊതിയുന്നതായി അയാൾക്കു തോന്നി. അതോടൊപ്പം ഇനിയെങ്കിലും എന്നെയൊന്നു സ്‌നേഹിക്കൂ എന്ന നിശ്ശബ്‌ദ നിലവിളി കാതിലലച്ചപ്പോൾ അയാൾ പുളഞ്ഞു പോയി. ‘എന്നെ സ്‌നേഹിച്ചില്ലെങ്കിലും ഞാൻ നിങ്ങളെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും മുരളിയേട്ടാഢ’ എന്ന്‌ ഒരു വെല്ലുവിളിപോലെ പിറുപിറുത്തുകൊണ്ട്‌ രമ അയാളെ കടന്നുപോയി.

‘എന്നോട്‌ ക്ഷമിക്കൂ’ എന്നവളോട്‌ യാചിക്കണമെന്നുണ്ടായിരുന്നു മുരളിക്ക്‌. പക്ഷേ മുഖമൊന്നുയർത്താൻ പോലുമ അയാൾക്ക്‌ ധൈര്യം വരുന്നില്ല. അതുകൊണ്ട്‌ കളഞ്ഞുപോകാത്ത ഒരു നാണയത്തിനായി അയാൾ അവിടെയെല്ലാം പരതിക്കൊണ്ടിരുന്നു.

അവൾ തന്നെ കടന്നുപോയപ്പോൾ ഒന്നൊളിക്കണ്ണിട്ടു നോക്കാൾ അയാൾക്കു കഴിഞ്ഞു. ചന്ദനക്കളറിൽ സ്വർണക്കസവുളള സാരിയും ബ്ലൗസുമിട്ട്‌ സമൃദ്ധമായ മുടി വിടർത്തിയിട്ട്‌ തുളസിക്കതിർ ചൂടിയ രമ ആ വേഷത്തിൽ ഏറെ സുന്ദരിയാണെന്നയാൾക്കു തോന്നി. താൻ മനഃപ്പൂർവ്വം നഷ്‌ടപ്പെടുത്തിയ തന്റെ ഭാര്യ നോക്കുന്നില്ലെങ്കിലും അവളുടെ നടപ്പിന്റെ താളം അയാൾ അറിയുന്നുണ്ടായിരുന്നു. തന്റെ ശബ്‌ദമൊന്നുകേട്ടാൽ ഉറങ്ങിക്കിടക്കുന്ന അവളുടെ മനസ്സുണരുമെന്നും അടുത്തുചെന്നാൽ തന്നിലലിയുമെന്നും അയാൾക്കറിയാം. പക്ഷേ എങ്ങനെ ആ മുഖത്തു നോക്കും? ഒരു ഭാര്യക്ക്‌ ക്ഷമിക്കാൻ പറ്റുന്ന തെറ്റുകളാണോ ചെയ്‌തു കൂട്ടിയിരിക്കുന്നത്‌. വിവാഹത്തിന്റെ ആദ്യനാളുകളിൽ എന്തു സ്‌നേഹമായിരുന്നു. പിന്നീടെപ്പോഴോ ആ ബന്ധത്തിൽ വിളളലുകൾ വീണു. കൃത്യമായി പറഞ്ഞാൽ രമ രണ്ടാമത്തെ പ്രസവത്തിനു പോയപ്പോഴാണ്‌. ഭർത്താവ്‌ നഷ്‌ടപ്പെട്ട ജ്യേഷ്‌ഠഭാര്യയുടെ മോഹസാക്ഷാത്‌ക്കാരത്തിനായി തന്റെ സദാചാരബോധത്തിന്റെ കടക്കൽ ആദ്യമായി കത്തി വെച്ചത്‌. പിന്നീട്‌ ഒളിഞ്ഞും പതുങ്ങിയും അതു തുടർന്നുകൊണ്ടേയിരുന്നു.

കുടുംബസ്വത്തു മുഴുവൻ കളളപ്രമാണമുണ്ടാക്കി ഇന്ദുവേടത്തിയുടെയും മക്കളുടേയും പേരിലാക്കിയപ്പോൾ മറ്റു സഹോദരങ്ങൾ എതിർത്തു. എന്നിട്ടും അയാൾക്കു കുലുക്കമുണ്ടായില്ല. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ രമ, തന്റെ ദുർഗ്ഗതിയെപ്പറ്റി പറഞ്ഞു കരഞ്ഞു. അയാളവളെ ഭ്രാന്തിയെന്നു മുദ്രകുത്തി. ഹെവിഡോസ്‌ ഗുളികകൾ കൊടുത്ത്‌ തളർത്തിയിട്ടു. എന്നിട്ടും അയാളുടെ ഒരു തലോടലിനോ ഓമനിക്കലിനോ വേണ്ടി നാണമില്ലാതെ അവൾ സമരം ചെയ്‌തു. സന്ദർഭം കിട്ടിയാൽ നെഞ്ചിൽ പറ്റിച്ചേർന്ന്‌ ഉടമസ്ഥാവകാശം സ്ഥാപിക്കാനുമവൾ ശ്രമിച്ചു. ഇത്രയുമായപ്പോൾ അയാൾക്കു മുന്നിൽ രണ്ടു മാർഗ്ഗങ്ങളെ ഉണ്ടായിരുന്നുളളൂ. ഒന്ന്‌-രമയെ നിർദയം ചവിട്ടിപ്പുറത്താക്കുക. രണ്ട്‌-വാരിപ്പുണർന്ന്‌ നെഞ്ചിലേറ്റുക. രണ്ടാമത്തെ മാർഗ്ഗം സ്വീകരിക്കണമെങ്കിൽ ഇന്ദുവേടത്തിയെ മനസ്സിൽ നിന്നും പടിയടച്ച്‌ പിണ്‌ഡം വെക്കണം. എന്തോ അതിനാവ്‌ണില്യ. അത്രക്ക്‌ അവരിൽ ഭ്രമിച്ചുപോയി. അയാൾ ഒന്നാമത്തെ മാർഗ്ഗം തന്നെ സ്വീകരിച്ചു. മനസ്സിൽ നിന്നും രമയെ നിർദയം ചവിട്ടിപ്പുറത്താക്കി. ഒരേ വീട്ടിൽ അന്യരെപ്പോലെ, പരസ്‌പരം കടിച്ചുകീറി, വാക്കുകൾ കൊണ്ട്‌ കൂരമ്പെയ്‌ത്‌ തളളിനീക്കി.

ഇന്ദുവേടത്തിയുമായി കൂടുതലടുത്തു. ഇന്ദുവേടത്തിയുടെ മകളുടെ കല്യാണനിശ്ചയം കഴിഞ്ഞ രാത്രിയിലതു സംഭവിച്ചു. ‘നിങ്ങൾ ഞങ്ങളുടെ അച്ഛനല്ല. അച്‌ഛന്റെ അനുജനാണ്‌. ആ സ്ഥാനം മാത്രം മതി നിങ്ങൾക്ക്‌. അല്ലാതെ ഞങ്ങളെ ഭരിക്കാനോ അമ്മയുടെ ഭർത്താവാകാനോ ശ്രമിക്കരുത്‌’ ഇന്ദുവേടത്തിയുടെ മകൻ പൊട്ടിത്തെറിച്ചപ്പോൾ തലകുമ്പിട്ടിറങ്ങി. ഈ ബസ്‌സ്‌റ്റോപ്പിൽ ചേക്കേറിയിട്ട്‌ ആഴ്‌ചകൾ കടന്നുപോയി.

ലക്ഷ്യമില്ലാതെ അയാൾ നടന്നു. രമയുടെ ഒപ്പമെത്തിയപ്പോൾ ഓർക്കാതെ ആ മുഖത്തേക്ക്‌ നോക്കി. കൃത്യമായി അതേ സമയം അവളും അയാളുടെ കണ്ണുകളിലേക്കുറ്റു നോക്കി. അയാളുടെ ശരീരം ഒന്നു വിറച്ചു. തൊണ്ടയിടറി. കണ്ണിലിരുട്ടു കയറി. വേച്ചു വീഴുമെന്നായപ്പോൾ അവൾ താങ്ങി.

ഒലിച്ചിറങ്ങുന്ന കണ്ണുകൾ മേലോട്ടുയർത്തി അവൾ പ്രാർത്ഥിച്ചു ‘ഭഗവാനേ, ഇനിയെങ്കിലും എന്റെ ഭർത്താവിന്‌ നല്ല ബുദ്ധി കൊടുക്കണേ.’

Generated from archived content: story1_aug27_05.html Author: p_v_usha_kumbidi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here