രാമായണത്തിൽ വനങ്ങളുണ്ട്
മഹാഭാരതത്തിൽ വനങ്ങളുണ്ട്
ഭാഗവതത്തിൽ വനങ്ങളുണ്ട്
ദേവലോകത്തും വനങ്ങളുണ്ട്
വനങ്ങളില്ലാത്ത പുരാണമില്ല
വനങ്ങളില്ലാത്ത ഇതിഹാസമില്ല
വനങ്ങൾ പ്രാണിതൻ ജീവനാഡി
വനങ്ങൾ മർത്ത്യന്റെ സ്‌നേഹഗീതം
വനം പ്രപഞ്ചത്തിൽ ഹൃദയമന്ത്രം
വനങ്ങൾ നൽകുന്നു പ്രാണവായു
വനങ്ങൾ നൽകുന്നു ജീവനോർജ്ജം
വനം മനുഷ്യൻ പിറന്ന വീട്
വനങ്ങൾ നാടിന്റെ ആദ്യരൂപം
വനത്തിലാദിമുനി പിറന്നു
വനത്തിലാദികവി പിറന്നു
വനത്തിലാദികാവ്യം പിറന്നു
വനത്തിൽ പിറന്നു സംസ്‌കാരമാദ്യം
വനത്തിൽ പിറന്നു ചരിത്രമാദ്യം
വനത്തിൽ പിറന്നു ശാസ്‌ത്രമാദ്യം
വനത്തിൽ പിറന്നു ജീവലോകം
വനത്തിലെത്ര തപം നടന്നു?
വനവാസമെത്ര കഥമെനഞ്ഞു?
ജീവന്റെ ഗീതങ്ങളന്നുമിന്നും
വനങ്ങൾ പാടുന്നു മധുരമായി
വനഭൂമി നശിച്ചാലീപാരിടത്തിൽ
ഒരുകോടി സൂര്യൻമാർ ജ്വലിച്ചുയരും
ആ വേള നീർച്ചോല വരണ്ടുപോകും
കുടിനീരു കിട്ടാതെ നാം വലയും
മഴവെളളം വീഴാതെ വരണ്ട മണ്ണിൽ
ജീവന്റെ നാമ്പുകൾ കുരുക്കുകില്ല.
വനമാണു മനുജാ പറുദീസചൊല്ലാ
വനമില്ലാ ലോകം നരകലോകം
ഹരിതാഭമായ വനഭൂമിയല്ലോ
പ്രകൃതിയുടുക്കുന്ന പട്ടുചേല
പാവനക്ഷേത്രങ്ങൾ വനത്തിലല്ലോ
ദൈവചൈതന്യം വനത്തിലല്ലോ
വനദേവതമാരെ വന്ദിക്കുമ്പോൾ
മോക്ഷം ലഭിക്കുന്നു സാധകർക്ക്
സത്യം തിളങ്ങുന്നു വനത്തിനുളളിൽ
പരിശുദ്ധയാനം വനയാത്രചൊല്ലാം
സമ്പത്തു ലഭിക്കുന്നു വനത്തിൽ നിന്ന്
ജീവൻ തുടിക്കുന്നു വനാന്തർഭാഗേ
വനം നശിച്ചാൽ ചരാചരങ്ങളില്ല
വനം നശിച്ചാലീ പ്രപഞ്ചമില്ല
മയിലുണ്ട് കുയിലുണ്ട് കുരുവിയുണ്ട്
കരിയുണ്ട് മാനുണ്ട് പല ജീവനുണ്ട്
കുളിരു ചൊരിയും പൂന്തെന്നലുണ്ട്
പൂക്കൾ വിരിയും ചെടികളുണ്ട്
പൂഞ്ചോല പാടും ഗാനമുണ്ട്
നൃത്തം ചവിട്ടും ഇലകളുണ്ട്
കായുണ്ട് കനിയുണ്ട് ഫലമൂലമുണ്ട്
പൂവൂണ്ട് തേനുണ്ട് തേനീച്ചയുണ്ട്
ആകാശം മുട്ടും മരങ്ങളുണ്ട്
ആരോഗ്യമേകും മരുന്നുകളും
വനമില്ലാലോകമെത്ര ശൂന്യം?
വേണം വനങ്ങൾ ലോകമെങ്ങും
വെട്ടല്ലെ-വെട്ടല്ല മരങ്ങളൊന്നും
മരക്കൂട്ടമല്ലോ വനങ്ങളെന്നും.
Generated from archived content: poem_jan16_07.html Author: p_p_s_kaimal