പൂക്കാലം വന്നേ പൂത്തുമ്പി വന്നേ
പൊന്നോണം വന്നേ മാളോരേ
തുമ്പക്കുടം കൊണ്ട് അത്തക്കളമിട്ട്
തൃക്കാക്കരയപ്പനെ വാഴിച്ചാലും
ഊഞ്ഞാലാടാം വഞ്ചികളിക്കാം
ഓണപ്പാട്ടുകൾ പാടിയാടാം
കാട്ടിൽപ്പോകാം പൂക്കളിറുക്കാം
മുറ്റത്തു പൂക്കളം തീർത്തീടാം
നാട്ടിലിറങ്ങാം നാടാകെ ചുറ്റാം
നാലുംകൂട്ടി മുറുക്കാം നമുക്കെല്ലാം
കോടിയുടുക്കാം പൊട്ടിച്ചിരിക്കാം
നാലും വച്ചൊരു സദ്യയുമുണ്ണാം
പുളേളാത്തിയോടൊത്ത്
പുളേളാൻ വരുമല്ലോ
പുളേളാൻ പാട്ടുകൾ പാടുമല്ലോ
നാലാം ഓണം പുലികളിനാള്
പുഞ്ചിരി തൂകി ആക്കളി കാണാം
കൂട്ടുകൂടിടാം ആനന്ദം നുകരാം
അന്യോന്യം സ്‌നേഹിച്ചുമരിക്കാം നമുക്ക്
കയ്യുകൾ കൂപ്പാം കണ്ണുതുറക്കാം
മാവേലി നാടിനായ് പ്രാർത്ഥിക്കാം
തുടികൾ കൊട്ടി തുകിലുണർത്തീടാം
പുതുയുഗഗാനങ്ങൾ പാടാം നമുക്ക്
ഓണത്തപ്പാ കേരള പുത്രാ നീ
ഓമന വയറുമായ് ഓടിവായോ
Generated from archived content: poem8_sept22_05.html Author: p_p_s_kaimal