ഭവിഷ്യത്ത്‌

രാത്രി സമയം പതിനൊന്ന്‌! ‘ശരി, ഇനി വീട്ടിലേക്ക്‌ പൊയ്‌ക്കളയാം!’ എന്നു വിചാരിച്ചുകൊണ്ട്‌ ഡോക്ടർ ബിനു കസേരയിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന്‌ നേഴ്‌സ്‌ റീന തിടുക്കപ്പെട്ട്‌ അകത്തേക്കുവന്നു. ‘ഡോക്ടർ….’

‘എന്താ?…’

‘ഒരു എമർജൻസി കേസ്‌….’

‘പേഷ്യന്റിന്റെ കൂടെ വന്നിരിക്കുന്നവർ എങ്ങനെ? കണ്ടിട്ട്‌ പണമുള്ള പാർട്ടിയാണോ? അതോ…..’

‘പണക്കാരാണെന്നാ തോന്നുന്നേ ഡോക്ടർ….വിദേശകാറിലാ വന്നിരിക്കുന്നത്‌….’

‘ഓ എങ്കിൽ രക്ഷപ്പെട്ടു. കാശിന്‌ കുറച്ച്‌ അത്യാവശ്യമുള്ള സന്ദർഭമാ!’ മനസിലോർത്തുകൊണ്ട്‌ ഡോക്ടർ കാഷ്വാലിറ്റി വാർഡിനുനേരെ നീങ്ങി. ഒരുനിമിഷനേരത്തെ നടപ്പ്‌. വാർഡിനു വെളിയിൽ മുപ്പത്തിയഞ്ച്‌ കടന്നിട്ടില്ലാത്ത നാല്‌ സ്‌ത്രീകളും ഒരു പുരുഷനും നിൽപ്പുണ്ടായിരുന്നു. ഡോക്‌ടർ ബിനു അവരെ ശ്രദ്ധിച്ചു. സംശയിക്കേണ്ട, പണമുള്ള വർഗം തന്നെ. മുഖലക്ഷണവും വസ്‌ത്രധാരണവും അതു വിളിച്ചറിയിക്കുന്നു.

സഫാരി ഡ്രസ്സ്‌ അണിഞ്ഞിരുന്ന പുരുഷൻ അടുത്തുവന്നു. ‘ഡോക്ടർ….പേഷ്യന്റ്‌ എന്റെ അമ്മയാണ്‌. അന്നമ്മ ഗ്രൂപ്പ്‌സ്‌ എന്നു കേട്ടിരിക്കുമല്ലോ. ആ ഗ്രൂപ്പിന്‌ അമ്മയാണ്‌ എം.ഡി.’

‘ഓഹോ’

എന്റെ പേര്‌ റെജി. ഇത്‌ എന്റെ ഭാര്യ ബെറ്റി. ഇവർ മൂന്നുപേരും എന്റെ സിസ്‌റ്റേഴ്‌സാണ്‌. സിസിലി, സിൻസി, സിൽവിയാ. ഒരു കല്യാണത്തിൽ പങ്കുകൊള്ളാൻ വേണ്ടി ഞങ്ങൾ എറണാകുളത്ത്‌ എത്തിയതാ. ഇവിടെവച്ച്‌ അമ്മക്ക്‌ ബി.പി. ഏറി, ടെസ്‌റ്റ്‌ എടുത്തു…എന്തോ പെട്ടെന്ന്‌ പതിനഞ്ച്‌ മിനിറ്റുമുൻപ്‌ മയങ്ങി വീണു‘.

’ഡോണ്ട്‌ വറി മിസ്‌റ്റർ റെജി, അമ്മയെ ഞാൻ ഇപ്പോൾ തന്നെ പരിശോധിക്കാം‘ ’ബിനു ഉത്സാഹം നിറഞ്ഞ മനസ്സോടെ അകത്തേക്കുപോയി‘. ചുരുങ്ങിയത്‌ ഒരാഴ്‌ചയെങ്കിലും അഡ്‌മിറ്റാക്കി നല്ല ഒരു തുക വസൂലാക്കാൻ കിട്ടിയിരിക്കുന്ന അവസരമാണ്‌. അടുത്ത അരമണിക്കൂറിനുശേഷം ഡോക്ടറുടെ മുന്നിലായി എല്ലാവരും നിരന്നു.

’അമ്മയ്‌ക്ക്‌ വന്നിരിക്കുന്നത്‌ ഒരു സിവിയർ അറ്റാക്കാണ്‌. നിങ്ങൾ തക്കസമയത്ത്‌ എത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. പിന്നെ ഒരു കാര്യം അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏതു വിധത്തിലുള്ള യാത്രയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഈ ഒരു രാത്രി കടന്നുകിട്ടിയാൽ മതി. കുഴപ്പമൊന്നും വരില്ല. എങ്കിലും ഈ രാത്രിയിൽ തന്നെ രണ്ടാമതൊരു അറ്റാക്ക്‌ വരാൻ ഫിഫ്‌റ്റി പെർസെന്റ്‌ ചാൻസ്‌ ഉണ്ട്‌. അതുകൊണ്ട്‌ ദയവായി നിങ്ങളും കോപ്പറേറ്റ്‌ ചെയ്യണം. ഞാനും വീട്ടിൽപോകാതെ പ്രത്യേകമായി അമ്മയെ ശ്രദ്ധിക്കാം. നിങ്ങളിൽ ആരെങ്കിലും ഒരാൾ മാത്രം ഇവിടെ ഉണ്ടായാൽ മതി. മറ്റുള്ളവർക്കെല്ലാം വീട്ടിലേയ്‌ക്ക്‌ പോകാം‘.

’ശരി അങ്ങനെയാണെങ്കിൽ ഞാൻ നിൽക്കാം ഡോക്ടർ….. റെജി പറഞ്ഞു.‘ രാത്രി, സമയം ഒന്ന്‌! ഡോക്ടർ ബിനു അന്നമ്മയുടെ പൾസും ഹൃദയസ്പന്ദനവും പരിശോധിച്ചശേഷം വെളിയിൽ വന്നു. ’ഡോക്ടർ….ഒരു നിമിഷം…‘

’എന്താ?‘

’ഡോക്ടർ….ഇപ്പോൾ താങ്കൾ ട്രീറ്റ്‌മെന്റ്‌ നൽകിക്കൊണ്ടിരിക്കുന്ന അന്നമ്മ എന്നെ പ്രസവിച്ച സ്‌ത്രീയല്ല, എന്റെ ഇളയമ്മയാണ്‌. അതായത്‌ എന്റെ അപ്പച്ചന്റെ രണ്ടാംഭാര്യ. ഇളയമ്മയ്‌ക്ക്‌ ജനിച്ച മൂന്നു പെൺമക്കളാണ്‌ ആ സിസിലി, സിൻസി, സിൽവിയാ. എന്റെ അപ്പനും അമ്മയും മരിച്ചശേഷം കമ്പനി അവകാശം മുഴുവനും അപ്പച്ചന്റെ വിൽപത്രപ്രകാരം ഇളയമ്മയ്‌ക്ക്‌ ലഭിച്ചു. ഇളയമ്മയുടെ കാലശേഷം മാത്രമേ കമ്പനി എല്ലാം എന്റെ പേരിൽ വരൂ‘.

’ഓ അങ്ങനെയാണോ? ശരി ഇതെല്ലാം എന്തിനാണ്‌ എന്നോടു പറയുന്നത്‌?‘

റെജി തന്റെ കൈയിൽപിടിച്ചിരുന്ന സ്യൂട്ട്‌കേസ്‌ മേശപ്പുറത്തുവച്ചശേഷം മൂടി തുറന്നു. ഉള്ളിൽ അഞ്ഞൂറ്‌ രൂപാ നോട്ടുകളുടെ കെട്ടുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു!

’ഇ….എന്താ ഇത്‌?‘

’ഡോക്ടർ….റെജി സ്വരം താഴ്‌ത്തി. ഇതിൽ പത്തുലക്ഷം രൂപയുണ്ട്‌. നാളെ കാലത്ത്‌ എന്റെ ഇളയമ്മ അന്നമ്മ ജീവനോടെ ഉണ്ടാകാതിരിക്കാൻ താങ്കൾക്ക്‌ നൽകുന്ന പാരിതോഷികം!‘

’ഓ….അതുശരി….‘ ഡോക്ടർക്ക്‌ കാര്യം വ്യക്തമായി. അദ്ദേഹം ചിന്തയിൽ മുഴുകി. ചെറിയൊരു ഇടവേള. പിന്നെ എന്തോ തീരുമാനിച്ച മട്ടിൽ ഡോക്ടർ ശബ്ദിച്ചു.

’ദെൻ ഓ.കെ….നിങ്ങളെ ഞാൻ സഹായിക്കാം. ഒരു മണിക്കൂർ കഴിഞ്ഞ്‌ ഞാൻ വീണ്ടും റൗണ്ട്‌സിനു പോകുമ്പോൾ ഇളയമ്മയ്‌ക്ക്‌ സ്ലോ പോയിസൺ ഇഞ്ഞക്ഷൻ നൽകിയിരിക്കും. പുലരുമ്പോൾ അവർ ജീവനോടെ ഉണ്ടായിരിക്കുകയില്ല…..‘

പുലർച്ചെ സമയം അഞ്ചര! ഐ.സി.യൂണിറ്റിനു പുറത്ത്‌ കണ്ണീരണിഞ്ഞ മുഖവുമായി സിസിലി, സിൻസി, സിൽവിയ എന്നിവർ നിന്നു. സമീപത്തായി റെജിയും. ഡോക്ടർ ബിനു ഐ.സി.യൂണിറ്റിൽ നിന്നും പുറത്തുവന്നതും എല്ലാവരും കൂടി ചുറ്റിവളഞ്ഞു. ഡോക്ടർ ഉറക്കച്ചടവ്‌ നിറഞ്ഞ കണ്ണുകളോടെ ക്ഷണിച്ചുവരുത്തിയ ദുഃഖസ്വരത്തിൽ മൊഴിഞ്ഞു.

’വെരി സീരിയസ്‌ കണ്ടീഷൻ എന്നെക്കൊണ്ട്‌ കഴിയുന്ന വിധത്തിലെല്ലാം ശ്രമിക്കുന്നുണ്ട്‌.‘ സിസിലി, സിൻസി, സിൽവിയാ മൂന്നുപേരും വിമ്മിക്കരയാൻ തുടങ്ങി. ഡോക്ടർ ബിനു റെജിയെ കണ്ണുകാണിച്ചിട്ട്‌ തന്റെ മുറിക്കുനേരെ നടന്നു. അയാൾ പിന്തുടർന്നു. ’റെജി…നിങ്ങളുടെ ഇളയമ്മയുടെ കഥ കഴിഞ്ഞു. അരമണിക്കൂറിനുള്ളിൽ അനൗൺസ്‌ ചെയ്‌തേക്കാം.‘

’താങ്ക്‌ യൂ ഡോക്ടർ….‘ റെജി പറഞ്ഞു നിർത്തിയ ഉടൻ ഒരു പോലീസ്‌ ഇൻസ്‌പെക്ടർ ഹാഫ്‌ഡോർ തള്ളിത്തുറന്നുകൊണ്ട്‌ പെട്ടെന്ന്‌ അകത്തുവന്നു. ’ഗുഡ്‌മോർണിംഗ്‌ ഡോക്ടർ….ഐ.ആം റോബിൻസൺ, സർക്കിൾ ഇൻസ്‌പെക്ടർ ഫ്രം സെൻട്രൽ സ്‌റ്റേഷൻ. അൽപസമയത്തിനു മുമ്പ്‌ എനിക്ക്‌ ഫോണിൽ ഒരു പരാതി ലഭിച്ചു. അതിനെപ്പറ്റി അന്വേഷിക്കാൻ വന്നിരിക്കുകയാ.‘

’പരാതിയോ? ഇ….എന്തു പരാതി?‘

’പറയാം അന്നമ്മ ഗ്രൂപ്പ്‌സ്‌ ഉടമ അന്നമ്മയെ ഈ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ചെയ്‌തിട്ടുണ്ടോ?‘

ഉ….ഉണ്ട്‌…..’

‘അവർക്ക്‌ എന്താ അസുഖം?’

‘അത്‌…..ഹാർട്ട്‌ അറ്റാക്ക്‌’.

‘ശരി ഇപ്പോ എങ്ങനെയിരിക്കുന്നു’?

‘സോറി ഇൻസ്‌പെക്ടർ….ഷീ ഈസ്‌ നോ മോർ….അവര്‌ അൽപനിമിഷങ്ങൾക്കു മുമ്പ്‌ മരിച്ചു!’

‘ഐ സീ എങ്ങനെ മരിച്ചു? എനിക്ക്‌ എക്സ്‌പ്ലെയിൻ വേണം.’

‘അത്‌ അൽപംമുമ്പ്‌ രണ്ടാമതായി ഒരു അറ്റാക്ക്‌ ഉണ്ടായി അതുമൂലം…’

‘സോറി ഡോക്ടർ….ടെലിഫോണിൽ എന്നോടു സംസാരിച്ച സ്‌ത്രീ അന്നമ്മയുടെ മരണത്തെപ്പറ്റി മറ്റൊരു വിധത്തിലാണ്‌ പറഞ്ഞത്‌…..’

‘അത്‌….അതെന്താണ്‌…..?’

‘പറയാം അതിനു മുമ്പ്‌ മറ്റൊരു കാര്യം. എന്റെ ഊഹം തെറ്റല്ലെങ്കിൽ ഈ ഇരിക്കുന്നത്‌ മി.റെജി. അന്നമ്മ ഇദ്ദേഹത്തിന്റെ ഇളയമ്മയാണ്‌. അല്ലേ?

’അതേ‘

’പേഷ്യന്റായി പ്രവേശിപ്പിച്ച അന്നമ്മയെ കൊന്നുകളയാൻ റെജി പത്തുലക്ഷംരൂപ നൽകിയതായും നിങ്ങൾ അന്നമ്മയെ സ്ലോപോയിസൺ കുത്തിവച്ച്‌ വകവരുത്തിയതായും ഫോണിൽ സംസാരിച്ച സ്‌ത്രീ പറഞ്ഞു‘.

’നോ…നോ….ദിസീസ്‌ റ്റൂമച്ച്‌. ഞാനിത്‌ ശക്തമായി നിഷേധിക്കുന്നു‘. ശബ്ദമുയർത്തിക്കൊണ്ട്‌ ഡോക്ടർ ചാടിയെണീറ്റു. ഇൻസ്‌പെക്ടർ പുഞ്ചിരിച്ചു. പിന്നെ സമീപത്തുണ്ടായിരുന്ന അലമാരിക്കു നേരെ കൈചൂണ്ടി. ’ഡോക്ടർ ഇതിന്റെ കീ ഒന്നു തരാമോ?‘

’ഇ..എന്തിനാ?‘

’തരൂ…പറയാം….‘ ഡോക്ടർ മടിച്ച്‌ മടിച്ച്‌ താക്കോൽ എടുത്തുകൊടുത്തു. ഇൻസ്‌പെക്‌ടർ അലമാരി തുറന്നശേഷം സൂട്ട്‌കേസ്‌ പുറത്തെടുത്തു. മൂടി ഉയർത്തിയപ്പോൾ അതിനുള്ളിൽ അഞ്ഞൂറുരൂപാ നോട്ടുകൾ നിറഞ്ഞ്‌ കാണപ്പെട്ടു.

’ഡോക്ടർ, ഈ പണം എവിടുന്നു വന്നു. ആരാണ്‌ നിങ്ങൾക്ക്‌ ഇത്‌ തന്നത്‌?‘

’അത്‌……പിന്നെ…..‘

’വേണ്ട ഉരുണ്ടുകളിക്കാൻ നോക്കണ്ട. ഇത്‌ റെജി സമ്മാനിച്ച പണമാണ്‌. എനിക്കറിയാം ഇതിനുള്ള പ്രത്യുപകാരമായിട്ടാണ്‌ നിങ്ങൾ അന്നമ്മയെ സ്ലോപോയിസൺ ഇഞ്ചക്ഷൻ നൽകി കൊലപ്പെടുത്തിയത്‌.

‘നോ…..നോ….’ ഡോക്ടറും റെജിയും പരസ്‌പരം പരിഭ്രമത്തോടെ കണ്ണയച്ചു. ഇൻസ്‌പെക്ടർ കൈയ്യിൽ പിടിച്ചിരുന്ന ഒരു കാക്കി നിറത്തിലുള്ള പേപ്പർ നീട്ടി. ‘ഇത്‌ അറസ്‌റ്റ്‌ വാറണ്ടാണ്‌….രണ്ടുപേരും ഗേറ്റിൽ കിടക്കുന്ന ജീപ്പിൽ പോയി കയറ്‌….ലോക്കപ്പിൽ ഒരുദിവസം മുഴുവൻ അടച്ച്‌ വേണ്ട വിധത്തിൽ ചോദിക്കുമ്പോൾ എല്ലാ സത്യവും പുറത്തുപറഞ്ഞോളും’.

റെജി വിളറിയ മുഖത്തോടെ ജീവഛവമട്ടിൽ ഇരുന്നു. ഇൻസ്‌പെക്ടർ റോബിൻസൺ മെല്ലെ നടന്നുചെന്ന്‌ അയാളുടെ തോളിൽ കൈവച്ചു. ‘ഇപ്പോഴും കാര്യമായി വൈകിയിട്ടില്ല. റെജി….നിങ്ങൾ തെറ്റ്‌ തിരിച്ചറിഞ്ഞ്‌ ഇനിയെങ്കിലും ഈ മട്ടിൽ കൊലപാതകശ്രമത്തിൽ മുഴുകുകയില്ലെന്ന്‌ എന്നോട്‌ പ്രോമിസ്‌ ചെയ്‌താൽ ഇളയമ്മയെ ജീവിപ്പിക്കാൻ കഴിയും!’

‘ഇ…എന്ത്‌…..എന്താണ്‌ പറയുന്നത്‌? ഇളയമ്മയെ ജീവിപ്പിക്കാമെന്നോ? എങ്ങനെ? ഇതിനു മറുപടി നൽകാതെ റോബിൻസൺ അർഥഗർഭമായ വിധത്തിൽ ഡോക്ടറെ വീക്ഷിച്ചു. ഡോക്ടർ ബിനു പുഞ്ചിരിച്ചു. ’മിസ്‌റ്റർ റെജി…ഞാൻ ജീവൻ രക്ഷിക്കുന്ന ഡോക്ടറാണ്‌. ജീവൻ നശിപ്പിക്കുന്ന ഡോക്ടറല്ല, എനിക്ക്‌ പണത്തിന്‌ ആവശ്യമുണ്ട്‌. എങ്കിലും ഒരു പേഷ്യന്റിനെ കൊലചെയ്യാൻ മാത്രം ഞാൻ ക്രൂരനല്ല. ഇളയമ്മയെ കൊലപ്പെടുത്താൻ വേണ്ടി നിങ്ങൾ എന്നോട്‌ ആവശ്യപ്പെട്ടപ്പോൾ എനിക്ക്‌ അതു വലിയ അത്ഭുതമായി തോന്നി. നിങ്ങൾ ഒരു നല്ല ഫാമിലിയിൽപ്പെട്ടതാണ്‌. ക്രിമിനൽ അല്ല. ഒരു കൊലചെയ്‌താൽ അതിന്റെ ഭവിഷ്യത്ത്‌ എന്തായിരിക്കുമെന്ന്‌ നിങ്ങൾക്കറിയാമോ? ഒരുപക്ഷേ ഓർമിച്ചു കാണില്ല. ഇല്ലെങ്കിൽ കാര്യമാക്കിയിരിക്കില്ല. എന്നാൽ മാനസിക പിരിമുറുക്കം….പരിഭ്രമം…..പോലീസ്‌ അന്വേഷണം…ചോദ്യം ചെയ്യൽ….കുറ്റബോധം…തുടങ്ങി എല്ലാം നിറഞ്ഞ ആ ഭവിഷ്യത്ത്‌ എങ്ങിനെയായിരിക്കുമെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ ഞാനീ നാടകം കളിച്ചത്‌. ഒരു നിമിഷം ചിന്തിച്ച്‌ നോക്ക്‌. ഇതെല്ലാം സത്യത്തിൽ നടന്നിരുന്നെങ്കിൽ ഈ സമയം നിങ്ങളും ഞാനും പോലീസ്‌ ജീപ്പിൽ കൈവിലങ്ങോടെ കയറിയിരിക്കും. കമ്പനി അവകാശം നിങ്ങൾക്ക്‌ ലഭിക്കണമെങ്കിൽ അതിന്‌ കൂടിയാലോചനയാണ്‌ ശരിയായ മാർഗമെന്നിരിക്കെ ഇളയമ്മയെ കൊലപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടത്‌….‘

റെജിയുടെ കുനിഞ്ഞ ശിരസ്‌ നിവരാൻ രണ്ടുമൂന്നു നിമിഷങ്ങൾ എടുത്തു. ’ഐ ആം സോറി ഡോക്ടർ….താങ്കൾ എന്റെ കണ്ണു തുറപ്പിച്ചു. എന്നോടു ക്ഷമിക്കൂ….ഇൻസ്‌പെക്ടർ സാർ, ഐ പ്രോമിസ്‌, ഇനി ഒരിക്കലും ഞാൻ ഇളയമ്മയ്‌ക്കെതിരെ പ്രവർത്തിക്കില്ല. വിശ്വസിക്കൂ…..‘

തന്റെ നേരെ നീണ്ട റെജിയുടെ കൈ ഇൻസ്‌പെക്ടർ ചെറുപുഞ്ചിരിയോടെ കവർന്നു. ഇതു ശ്രദ്ധിച്ച ഡോക്ടറുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.

Generated from archived content: story_jan31_07.html Author: mv_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here