മാത്യുവിനെ എല്ലാവരും അതിശയത്തോടെ വീക്ഷിച്ചു. ‘ഈ പ്രായത്തിൽ ഇങ്ങനെ ഒരു തീരുമാനമോ?’ കഴിഞ്ഞ മാസമാണ് മകളുടെ കല്യാണം വളരെ ആഘോഷപൂർവ്വം നടന്നത്. ഏക മകൻ സജി ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപകനുമാണ്. കുടുംബം സമാധാനത്തോടെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാത്യു ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
പോസ്‌റ്റുമാൻ നൽകിയ കത്തു വായിച്ച സെലീന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി! വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് മാത്യു അയച്ചിരിക്കുന്ന വക്കീൽ നോട്ടീസ്! നോട്ടീസ് കിട്ടിയതിനു ശേഷം മാത്യുവിന്റെ സാന്നിധ്യം വീട്ടിലും ഉണ്ടായില്ല! ഒരാഴ്‌ച കടന്നുപോയി!! സജി, അപ്പനെ അന്വേഷിച്ചലഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ലോഡ്‌ജിൽ ഉണ്ടെന്ന് ആരോ പറഞ്ഞപ്പോൾ, ഓടിച്ചെന്നു. ഭാഗ്യം! കണ്ടുമുട്ടി! കെഞ്ചി, കാലുപിടിച്ച് വീട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിൽപ്പിന്നീടാണ് മാത്യുവിനെ എല്ലാവരും അതിശയത്തോടെ വീക്ഷിച്ചത്. സെലീന കരഞ്ഞുകൊണ്ടിരുന്നു. മാത്യു അവളെ തിരിഞ്ഞുപോലും നോക്കിയില്ല. കൊച്ചപ്പന്റെ മകൻ പൗലോസ് വന്നുചേർന്നു. ‘ചേട്ടാ…ഇതെന്താ ചേട്ടന് ഭ്രാന്തു പിടിച്ചോ? ഈ അമ്പത്തിയൊൻപതാമത്തെ വയസിൽ ഡൈവോഴ്‌സ് നോട്ടീസ് അയക്കാൻ? നാട്ടുകാര് മുഴുവൻ ചിരിക്കുകയാ. പെട്ടെന്ന് ചേച്ചിയെ ഉപേക്ഷിച്ചു കളയാം എന്നു തോന്നാൻ എന്താ കാരണം? മുപ്പത്തിരണ്ടുവർഷമായിട്ട് ഒരു കുഴപ്പവുമില്ലാതെ ഒരുമിച്ച് ജീവിച്ചു വന്നവരല്ലെ? പിന്നെ ഇപ്പോഴെന്താ പറ്റിയത്?“ മാത്യു മറുപടി പറഞ്ഞില്ല.
”പറ ചേട്ടാ.. ഇങ്ങനെ പെരുമാറാൻ എന്താ കാര്യം? അതിനും മാത്രം എന്തു പ്രശ്‌നമാ ഇവിടെ ഉണ്ടായേ? പറഞ്ഞാലല്ലേ അറിയാൻ പറ്റൂ?“ മാത്യു മൗനം വെടിഞ്ഞു. ”പൗലോസെ… മറ്റുള്ളവർ എന്നെപ്പറ്റി എന്തും പറഞ്ഞുകൊള്ളട്ടെ… പ്രശ്നമല്ല! എന്നാൽ, ഇപ്പോഴത്തെ എന്റെ ഈ തീരുമാനത്തിൽ നിന്നും ഞാൻ അണുവിട മാറില്ല. വളരെനാൾ ആലോചിച്ച് എടുത്ത ഒരു തീരുമാനമാണിത്! കോടതിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എങ്കിൽ സെലീനയോട് ഡൈവോഴ്‌സിന് സമ്മതം നൽകാൻ പറ!“
”കാരണം അറിയാതെ….“
”നീ അതു അറിയണമെന്ന് നിർബന്ധം പിടിക്കുകയൊന്നും വേണ്ട…“
’ശരി ഞാനറിയേണ്ടന്നു വെക്കാം. പക്ഷേ ചേച്ചി അറിഞ്ഞിരിക്കണമല്ലോ…ഒന്നുമില്ലെങ്കിൽ കോടതിയിൽ എങ്കിലും കാരണം തുറന്നുപറയേണ്ടിവരില്ലെ?”
മാത്യു മെല്ലെ മൊഴിഞ്ഞു. ‘കാരണം സെലീനക്ക് അറിയാം. നന്നായിട്ട് അറിയാം… സെലീന കുഴപ്പത്തിലായി.
“അപ്പച്ചനെ ഡൈവോഴ്‌സിന് പ്രേരിപ്പിക്കുംവിധം അമ്മച്ചി എന്തു വലിയ തെറ്റാ ചെയ്‌തേ?” സജിയുടെ അന്വേഷണം.
“അറിയില്ലെടാ…വയസായപ്പോ ആ മനുഷ്യന് തലക്ക് വട്ടുപിടിച്ചെന്നാ തോന്നണേ.. കുടുംബത്തിനാകെ മാനക്കേടായി. ഈ പ്രായത്തിൽ ആരെങ്കിലും ഡൈവോഴ്‌സിനു മുതിരുമോ?” സെലീനയുടെ കരച്ചിൽ.
’അമ്മച്ചി കരയണ്ട…സംസാരിച്ച് ശരിയാക്കാം. ഞാനില്ലെ? അപ്പച്ചൻ പിടിവാശി ഉപേക്ഷിക്കും. അമ്മച്ചി വെറുതെ വിഷമിക്കണ്ട. എല്ലാം ശരിയാവും‘ സജി സമാധാനവാക്കുകൾ ചൊരിഞ്ഞു. പൗലോസ് സമീപത്തുവന്നു. “ചേച്ചി… ചേട്ടൻ ഒന്നും തുറന്നു പറയുന്നില്ല… മനസ്സിൽ എന്തോ പ്രയാസം ഉള്ളതുപോലെ. കാരണം, ചേച്ചിക്ക് അറിയാമെന്നാ പറയണേ. എന്തായാലും സൗകര്യം പോലെ ചേട്ടനോടൊന്നു സംസാരിച്ചു നോക്ക്. എന്താ കാര്യമെന്ന് അറിയാമല്ലോ!”
സെലീന സമ്മതിക്കും മട്ടിൽ തലയാട്ടി. രാത്രി! മാത്യു സെറ്റിയിൽ ചാഞ്ഞു കിടന്നു. സെലീന സങ്കോചത്തോടെ അടുത്തുവന്നു. “ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ….”“ മാത്യു മിണ്ടിയില്ല. ”ഞാൻ എന്തു തെറ്റു ചെയ്‌തിട്ടാ… ഇങ്ങനെ ഡൈവോഴ്‌സ് അയച്ചേ? നാട്ടുകാര് പരിഹസിക്കുകയാ“. സെലീനയുടെ സ്വരത്തിൽ ഇടർച്ച.
’നോക്ക്….‘ മാത്യു പെട്ടെന്ന് ശബ്ദിച്ചു. ’ഞാൻ പറയുന്നത് കേൾക്കുമ്പോൾ, നീ ഞെട്ടും! എങ്കിലും എനിക്ക് പറയാതെ നിവർത്തിയില്ല. ഇതാണ് പറ്റിയ സന്ദർഭം എന്നും തോന്നുന്നു”
“പറയൂ…..”
“എനിക്ക് അറിയില്ലെന്ന് നീ കരുതിയിരിക്കുന്ന… അല്ലെങ്കിൽ ഞാൻ ഒരിക്കലും കണ്ടിരിക്കാൻ സാധ്യതയില്ലെന്ന് നീ വിശ്വസിച്ചിരിക്കുന്ന…ആ കാഴ്‌ച ഞാനെന്റെ സ്വന്തം കണ്ണുകൊണ്ട് ഒരു ദിവസം കണ്ടതാണ്….!”
“എന്താണ് പറയുന്നതെന്ന് മനസിലാകുന്നില്ലല്ലോ…!”
“വെട്ടിത്തുറന്നു പറഞ്ഞാലെ മനസിലാവുകയുള്ളോ? ശരി, ഇരുപതു വർഷങ്ങൾക്ക് പുറകിലേക്ക് പോകാം. നമ്മൾ അന്ന് കൈക്കുഞ്ഞുങ്ങളുമായി നേതാജി റോഡിൽ താമസിക്കുകയാ…ഓർക്കുന്നുണ്ടോ?”
‘ഉം പറയൂ’
‘അടുത്ത വീട്ടിലെ ഡേവീസ്… ഡോക്‌ടർ…..ഓർമ്മയുണ്ടോ?“ സെലീനയ്‌ക്ക് ശരീരമാകെ തളരുന്നതുപോലെ തോന്നി. ”നീ എനിക്ക് ഒന്നും അറിയില്ലെന്നു വിചാരിച്ചിരിക്കുകയാ… എന്നാൽ, എനിക്ക് എല്ലാം അറിയാം. ഒരു ദിവസം ഓഫീസിലെ എന്റെ സഹപ്രവർത്തകൻ പെട്ടെന്നു മരിച്ചതുമൂലം… ലീവ് എടുത്തു പോയി സംസ്‌കാരത്തിൽ പങ്കുകൊണ്ടശേഷം ഞാൻ തിടുക്കപ്പെട്ട് വീട്ടിലേക്കു വന്നപ്പോൾ… ഉടൻ അടുക്കളയിൽ കടന്ന് വാക്കത്തി എടുത്തു രണ്ടിനേയും വെട്ടി അരിയാൻ തുനിഞ്ഞതാ. എന്നാൽ തൊട്ടിലിലും തറയിലുമായി ഉറങ്ങിക്കൊണ്ടിരുന്ന നമ്മുടെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചപ്പോൾ നിന്നേയും കൊന്ന്, ഞാനും ജയിലിൽ പോയാൽ, ഈ കുഞ്ഞുങ്ങളുടെ ഗതി എന്താകുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വാക്കത്തി സ്വയമറിയാതെ കയ്യിൽ നിന്നും വഴുതി വീണു. ഒരു തീരുമാനം എടുത്തു. കുട്ടികൾ വളർന്നു വലുതാകുന്നതുവരെ ജീവനറ്റ ഒരു ശരീരമായി കഴിയുക… അവർ സ്വയം പര്യാപ്തരാകുവോളം സമൂഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം നിന്റെ ഭർത്താവായി തുടരുക… നിനക്ക് ഓർമ്മയുണ്ടാകുമോ എന്തോ… അന്നുമുതൽ ഞാൻ നിന്നെ സ്‌പർശിക്കുന്നതുപോലും അവസാനിപ്പിച്ചു. ഉള്ളിൽ നിറയെ അമർഷവുമായി നാളുകൾ തള്ളിനീക്കി. ഇപ്പോൾ ഞാൻ പ്രതീക്ഷിച്ച സന്ദർഭം വന്നുചേർന്നിരിക്കുകയാണ്. എന്റെ മകളുടെ കല്യാണം കഴിഞ്ഞു. മകൻ ഉദ്യോഗസ്ഥനുമായി. തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെടേണ്ട….? നിന്നെ കൊന്നുകളയാൻ കൂടി ചില സന്ദർഭങ്ങളിൽ തോന്നിയിട്ടുണ്ട്. എന്നാൽ എന്തോ അതിന് തീർത്തും മനസുവന്നില്ല. ദൈവത്തിന്റെ സൃഷ്ടിയായ നിന്നെ കൊല്ലാൻ എനിക്ക് യഥാർത്ഥത്തിൽ അവകാശമുണ്ടോ? അതുകൊണ്ടാണ് ഡൈവോഴ്‌സ് ആവശ്യപ്പെട്ടെ… കോടതി കയറിയിറങ്ങി വിഷമിക്കേണ്ട എന്നുണ്ടെങ്കിൽ നിനക്ക് സമ്മതം എഴുതി ഒപ്പിട്ടു തരാം.. എന്തു പറയുന്നു?“
”എന്തു പറയാൻ….?“
Generated from archived content: story2_mar5_07.html Author: mv_babu