കണങ്കാലിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. അവൻ കൈകൂപ്പി. ‘മാഡം…… പ്ലീസ് രക്ഷിക്കൂ! എന്നെ പോലീസ് പിന്തുടരുകയാണ്!’
‘ആദ്യം അകത്തുവരൂ!’ കയറിച്ചെന്നു.
‘ഇനി പറയൂ……..എന്തു സംഭവിച്ചു?’
‘കഴിഞ്ഞ ആഴ്‌ച കേരള എക്‌സ്‌പ്രസ് ബോംബ് വച്ച് തകർത്തവരുടെ കൂട്ടത്തിൽ ഞാനും……..’
‘കാരണം?’
‘ഈ ഗവൺമെന്റ്…….. അഴിമതിയിൽ മുങ്ങിക്കുളിച്ച നേതാക്കന്മാർ……..!’
രക്തം കൂടുതലായി ഒഴുകിക്കൊണ്ടിരുന്നു.
അടുത്തമുറിയിലേയ്‌ക്ക് കടന്നു. വരുമ്പോൾ കയ്യിൽ ചെറിയ പെട്ടി. തുറന്നു.
‘ഡോക്ടർ……..?’
‘അതെ!’
ഇഞ്ചക്ഷൻ നൽകി. കത്തികൊണ്ട് കീറി ബുളളറ്റ് വെളിയിലെടുത്തു. മരുന്നു വെച്ചുകെട്ടി.
‘ഇത് ശരിയാണോ?’
‘ശരിയാണ്! ഞങ്ങൾ യുവാക്കളാണ്!…….കഴിവ് ഉണ്ടായിട്ടും രാജ്യത്ത് വിലയിടിഞ്ഞുപോയവർ!’
ദീർഘനിശ്വാസമുതിർത്തു. ‘മതി അൽപം ഉറങ്ങിക്കോളൂ’.
വേണ്ടെന്ന് തലയാട്ടി. ‘ഭയപ്പെടേണ്ട, പിടിച്ചു കൊടുക്കുകയില്ല’.
കണ്ണുതുറന്നപ്പോൾ ഇരുട്ടിയിരുന്നു. എഴുന്നേറ്റു. ‘നന്ദി മാഡം……… ഞാൻ പോവുകയാ. അതിരിക്കട്ടെ, ഇവിടെ മാഡം തനിച്ചാണോ താമസം?’
‘അല്ലാ ഹസ്‌ബന്റുണ്ട് ! അതാ………എന്റെ ഹസ്‌ബന്റ്!’ അവൾ ചൂണ്ടിക്കാട്ടിയ സ്ഥാനത്ത് മാലചാർത്തിയ ചിത്രം. ‘എന്റെ ഹസ്‌ബന്റ് ഡോക്‌ടർ ജെയിംസ് മാത്യു……….. കഴിഞ്ഞയാഴ്‌ച കേരളാ എക്സ്‌പ്രസിൽ യാത്ര ചെയ്‌തു!“
’മാഡം……….‘ അവന്റെ മുഖം മാറി.
’ലക്ഷ്യം വെച്ചുമാത്രം അമ്പു തൊടുക്കൂ ബ്രദർ……..ഇടയിൽ അകപ്പെട്ടവർ വെറും നിരപരാധികൾ!‘
’പോയിട്ടുവരൂ………വാതിലിനുപുറത്ത് പോലീസ് സാന്നിധ്യം ഉണ്ട്. പുറകുവശത്തേക്ക് പോ, കുറച്ചുദൂരം പോയാൽ നാഷണൽ ഹൈവേയിൽ കയറാം. എന്തെങ്കിലും വാഹനം കിട്ടാതിരിക്കില്ല‘
കുനിഞ്ഞ്, അവളുടെ പാദം തൊട്ടുനമസ്‌കരിച്ചു. അവളുടെ തളളവിരലിൽ അവന്റെ കണ്ണുനീർതുളളി. നിവർന്നശേഷം പുതിയ ഒരു തീരുമാനത്തോടെ വാതിലിനു നേരെ ചുവടുകൾ വെച്ചു, അവൻ!
Generated from archived content: story2_dec7_06.html Author: mv_babu
Click this button or press Ctrl+G to toggle between Malayalam and English