വെറുതെ തമാശക്ക്‌

ബൈക്ക്‌ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഡിനു തന്റെ ഇടതുകൈകൊണ്ട്‌ അരക്കെട്ടിൽ തപ്പിനോക്കി! ഉവ്വ്‌! അത്‌ ഭദ്രമായിരിപ്പുണ്ട്‌! ആറ്‌ തിരകൾ അടങ്ങിയ സൈലൻസർ ഘടിപ്പിച അമേരിക്കൻ നിർമിതമായ റിവോൾവർ! അതു മതിയാകും. തലേന്നു രാത്രി പന്ത്രണ്ടുവരെ അവന്റെ ഉറ്റസുഹൃത്തായിരുന്ന റെന്നിയുടെ ജീവൻ അപഹരിക്കാൻ….

ഡിനു ഏറെ സ്നേഹിക്കുന്ന ജൂഡിയുടെ ഹൃദയം റെന്നി കവർന്നു… അന്നുമുതൽ അവൻ ഡിനുവിന്റെ പരമശത്രുവായതാണ്‌. എന്നാൽ അതു തീർത്തും രഹസ്യമായിരിക്കുന്നതിനുവേണ്ടിയാണ്‌ തലേന്ന്‌ ന്ന്യുടെ ബെർത്ത്‌ഡേ ഡിനു ആഘോഷപൂർവ്വം കൊണ്ടാടിയത്‌.

ബൈക്ക്‌ ഷോപ്പിംഗ്‌ കോംപ്ലക്സിലേക്ക്‌ തിരിച്ചു. പാർക്കിംഗ്‌ ഏരിയായിൽ നിർത്തി ലോക്കു ചെയ്തശേഷം പുറത്തുവന്നു. താടിക്കും മീശക്കും മീതേ വിരലോടിച്ചു. കുഴപ്പമില്ല. നന്നായി ഒട്ടിയിരിപ്പുണ്ട്‌. മെല്ലെ നടന്നു റോഡിനപ്പുറം കടന്നു. ഓട്ടോ ഒരെണ്ണം കാലിയായി വരുന്നതുകണ്ട്‌ കൈനീട്ടി നിറുത്തിച്ച്‌ കയറി.

‘തമ്മനത്തേക്ക്‌…’

ഡ്രൈവർ ഓട്ടോ തിരിച്ചു. മെയിൻറോഡിൽ നിന്നും അതു ഇടത്തോട്ട്‌ തിരിഞ്ഞ്‌ ഓടാൻ ആരംഭിച്ചു. റെന്നിയെ ഡിനു കൊലപ്പെടുത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല. ഗ്രാമത്തിൽ നിന്നും വന്ന നിർധനനാണ്‌ റെന്നി. അവന്റെ പുസ്തകം കോളേജ്‌ഫീസ്‌, വസ്ര്തം, ഭക്ഷണം, മുറിവാടക തുടങ്ങി എല്ലാം ഡിനുവിന്റെ വക ദയാദാക്ഷിണ്യമാണ്‌.

‘ഡിനു, നീ എനിക്കുവേണ്ടി മാസം തോറും എത്രയാ ചിലവിടുന്നേ? ഞാൻ ഇതെല്ലാം എങ്ങനെ വീട്ടാനാണോ എന്തോ!’

ഓട്ടോ ജംഗ്‌ഷൻ കടക്കാനായി സിഗ്നലിൽ നിന്നു. വെളിയിലേക്ക്‌ അലക്ഷ്യമായി ഡിനു കണ്ണോടിച്ചു. സമീപത്തു വന്നുനിന്ന ഒരു ക്വാളീസിൽ അവന്റെ ഡാഡി! അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ മുഖത്തുപതിഞ്ഞു. തിരിച്ചറിഞ്ഞ മട്ടില്ല! മേക്കപ്പ്‌ അത്ര നന്നായിട്ടുണ്ട്‌! കൃത്രിമമീശ, താടി, കളർ ജീൻസ്‌, ലൂസ്‌ഷർട്ട്‌…

കൊലചെയ്യുന്ന സമയം തീരുമാനിച്ചശേഷം ഡിനു ബുദ്ധിപൂർവം ഒരു കാര്യം കൂടി ചെയ്തുവെച്ചിട്ടുണ്ട്‌. അവന്റെ പേരിൽ മുംബൈയിൽ പോയി മുറിയെടുത്തു താമസിക്കാൻ ഒരു വിശ്വസ്തനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. വെളിയിൽ തല കാണിച്ചുപോകരുത്‌ എന്നാണ്‌ ഡിനുവിന്റെ ആജ്ഞ.

പണം വാരിയെറിഞ്ഞ്‌ വാടകക്കൊലയാളിയെ ഏർപ്പെടുത്തി നിഷ്‌പ്രയാസം റെന്നിയെ കൊല്ലാൻ ഡിനുവിനു സാധിക്കും! എന്നാൽ സ്വന്തം കൈകൊണ്ടു തന്നെ കൊന്ന്‌ തൃപ്തിപ്പെടണമെന്ന്‌ ഒരാഗ്രഹം! പണത്തിന്‌ അതിന്റേതായ വില കൽപിച്ചുകൊണ്ടാണോ അവന്‌ വേണ്ടി എണ്ണി ചിലവഴിച്ചത്‌?

റെന്നി നന്നായിട്ട്‌ പഠിക്കും. എല്ലാ മത്സരങ്ങളിലും ഒന്നാമനുമാണ്‌. അവന്റെ ഗോഡ്‌ഫാദർ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ സകലചിലവുകളും ഡിനുവാണ്‌ വഹിച്ചത്‌. ഡിനുവിന്റെ കോളേജ്‌ നോട്ടുബുക്കുകളെല്ലാം റെന്നിയാണ്‌ ചെയ്തുകൊടുത്തിരുന്നത്‌. ഡിനുവിനെ സംബന്ധിച്ചിടത്തോളം കോളേജ്‌ എന്നത്‌ ഉഴപ്പാനുള്ള ഒരിടം മാത്രം.

കഴിഞ്ഞരാത്രി ഹോട്ടൽ സിറ്റി ടവറിൽ റെന്നിയുടെ ജന്മദിനം ആർഭാടമായി ആഘോഷിച്ചു. ചെലവെല്ലാം ഡിനുവിന്റേതായിരുന്നു. ഏകദേശം പതിനായിരത്തിൽ കൂടുതൽ കൈമറിഞ്ഞു. നാൽപതുപേർ ക്ഷണിക്കപ്പെട്ടിരുന്നു. അതിൽ അഞ്ചുപേർ കോളേജ്‌ ലക്‌ചറേഴ്‌സുമായിരുന്നു. എല്ലാം ഡിനുവിന്റെ ഏർപ്പാടായിരുന്നു. ആ ഡിനുവാണ്‌ ഇന്ന്‌ കൊലചെയ്യാൻ പുറപ്പെട്ടിരിക്കുന്നത്‌ എന്നു പറഞ്ഞാൽ ആര്‌ വിശ്വസിക്കാനാണ്‌? എന്തിന്‌ റെന്നിപോലും വിശ്വസിക്കുകയില്ല. കഴിഞ്ഞമാസം വരെ റെന്നിക്കും ഡിനുവിനുമിടയിൽ കാറ്റുപോലും നുഴഞ്ഞിരുന്നില്ല എന്നുള്ളതു സത്യമാണ്‌. എന്നാൽ, ഇരുവർക്കുമിടയിൽ പൊടുന്നനേ വന്മതിലായി ജൂഡി ഉയർന്നുവന്നു. വലിയ വ്യവസായ പ്രമുഖന്റെ ഒറ്റമകൾ. സുന്ദരി. പ്രസംഗം, കവിയരങ്ങ്‌, നൃത്തം മുതലായ എല്ലാ മത്സരങ്ങളിൽ അവൾ പങ്കെടുത്തു. വേദിയിൽ വെച്ച്‌ നൽകുന്ന തലവാചകത്തിൽ അരമണിക്കൂറിനുള്ളിൽ കവിത ചൊല്ലണം. റെന്നിയുടെ താൽപര്യപ്രകാരം ഡിനുവും ഹാളിലെത്തി. പ്രഥമദർശനത്തിൽ തന്നെ വിമൻസ്‌ കോളേജിൽ നിന്നുവന്ന ജൂഡി അവന്റെ മനസ്‌ പിടിച്ചടക്കി. അവളുടെ വിടർന്ന കണ്ണുകളും തുടുത്തു ചുവന്ന സുന്ദരമായ മുഖവും അവനെ വല്ലാതെ മോഹിപ്പിച്ചു. മുല്ലമൊട്ടുകൾ പോലത്തെ പല്ലുകൾ വിടർത്തിയുള്ള ആ ചിരി മറ്റാരിലും ദർശിച്ചിട്ടില്ലായിരുന്നു.

സൗന്ദര്യത്തിൽ മുൻപന്തിയിലെന്നപോലെ തന്നെ അവൾ മത്സരത്തിലും ഒന്നാംസ്ഥാനം കീഴടക്കിക്കൊണ്ടിരുന്നു. അവളെ പരാജയപ്പെടുത്തണം. വിജയപുഞ്ചിരി തൂകുന്ന അവളെ പരാജയത്തിന്റെ രുചി അറിയിക്കണം എന്നുവെച്ച്‌ റെന്നിയെ നിർബന്ധിച്ചുവിട്ടു. അടുത്ത രണ്ട്‌ റൗണ്ടുകളിലെ മത്സരത്തിൽ ജൂഡിയെ നേരിട്ട്‌ റെന്നി കവിത ചൊല്ലിയതും… ആ കവിതയെ ‘കൊള്ളാം.. ഉഗ്രൻ… ഒന്നാന്തരം…’ എന്നൊക്കെ പറഞ്ഞ്‌ കോളേജ്‌ വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരും അഭിനന്ദിച്ചപ്പോൾ, അതിൽ അത്രത്തോളം എന്താണിരിക്കുന്നതെന്ന്‌ ഡിനുവിന്‌ പിടികിട്ടിയില്ല!

തുടർന്നുനടന്ന സംഭവവികാസങ്ങൾ ഡിനുവിന്റെ കണക്കുകൂട്ടലുകൾ ആകെ തെറ്റിച്ചു. എതിരാളിയായി അവൻ നിയോഗിച്ചയച്ച റെന്നിയോട്‌ ജൂഡി കൂടുതൽ അടുപ്പം കാണിച്ചു. ഇരുവരും സായാഹ്‌നങ്ങളിൽ ബീച്ചിൽ സന്ധിച്ചു. അവളെ കാണാൻ പോകുമ്പോഴെല്ലാം ഡിനുവിന്റെ ബൈക്കിലായിരുന്നു റെന്നിയുടെ യാത്ര. ജൂഡിയെ തന്റെ മനസിലെ സ്നേഹം തുറന്നറിയിക്കാൻ ഡിനു മടിച്ചില്ല.

‘ജൂഡീ നീ എന്നെ മനസിലാക്കുന്നില്ലല്ലോ… നിന്നെ കവിത ചൊല്ലി പരാജയപ്പെടുത്താൻ എനിക്കാവില്ല. അതുകൊണ്ടാണ്‌ റെന്നിയെ അയച്ചത്‌ എന്നാൽ നീ റെന്നിയെ സ്നേഹിക്കാൻ തുടങ്ങി. എന്റെ ഹൃദയം കാണാൻ ശ്രമിച്ചില്ല. നീ ഇല്ലാതെ എനിക്ക്‌ ജീവിക്കാനാവില്ല ജൂഡീ….’

‘സോറി ഡിനു! നമ്മൾ തമ്മിൽ മുൻപേ കണ്ടുമുട്ടിയിരുന്നെങ്കിൽ നിന്നെയേ സ്നേഹിക്കുമായിരുന്നുള്ളൂ. നമ്മുടെ ഫാമിലിയും വലിയ സമ്പന്നരായതുകൊണ്ട്‌ സ്നേഹത്തിന്‌ വിലങ്ങുതടിയായൊന്നും ഉണ്ടാവുകയും ഇല്ലല്ലോ… എന്നാൽ റെന്നിയെ കണ്ടുമുട്ടിയതും എന്റെ ഭാവിവരനായി സങ്കല്പിച്ചുപോയി. റെന്നി ഇല്ലായിരുന്നെങ്കിൽ നിന്നെ വിവാഹം ചെയ്യുന്നതിൽ എനിക്ക്‌ ഒരു താല്പര്യക്കുറവും ഉണ്ടാകില്ലായിരുന്നു’.

‘ജൂഡീ, ഇതാണോ നിന്റെ തീരുമാനം?’ നീയില്ലാതെ എനിക്ക്‌ ജീവിതമില്ല ജൂഡി!‘

’സോറി ഡിനു! എന്റെ ഡാഡിപോലും റെന്നിയെ വിവാഹം കഴിക്കാൻ സമ്മതം തന്നുകഴിഞ്ഞു. തെറ്റിദ്ധരിക്കരുത്‌ ഡിനു, ഇറ്റ്‌ ഈസ്‌ ടൂ ലേറ്റ്‌!‘

’ജൂഡീ, അവൻ എന്റെ സഹായംകൊണ്ട്‌ പഠിക്കുന്നവനാണ്‌‘.

’അതുകൊണ്ടെന്താ? ഇനിമുതൽ ആ ചെലവ്‌ ഞാൻ വഹിച്ചോളാം‘.

’നിന്റെ കുടുംബത്തോട്‌ കിടപിടിക്കുന്ന സാമ്പത്തികശേഷി എന്റെ വീട്ടുകാർക്കുണ്ട്‌. എന്നാൽ അവൻ ഒരു ദരിദ്രവാസിയാണെന്ന്‌ ഓർക്കണം‘.

’സ്നേഹത്തിന്റെ ആഴം അളക്കുന്നത്‌ പണത്തിന്റെ തോത്‌വച്ചല്ല ഡിനൂ‘

’ഇതാണോ നിന്റെ അവസാന തീരുമാനം?‘

’അതെ, റെന്നി ഉള്ളിടത്തോളം ഇതിനു മാറ്റമില്ല. എന്റെ ലവർ, ഹസ്‌ബെൻഡ്‌ എല്ലാം അവനാണ്‌‘.

’എന്റെ ആശംസകൾ!‘

’താങ്ക്യൂ വെരി മച്ച്‌‘.

’നിന്റെ മാര്യേജ്‌ ഇൻവിറ്റേഷൻ എനിക്കായിരിക്കണം ആദ്യം തരേണ്ടത്‌‘.

’യെസ്‌ ഡിനു‘.

ഇതിനു പിന്നാലെയാണ്‌ റെന്നിയുടെ പിറന്നാൾ കഴിഞ്ഞരാത്രി ഹോട്ടലിൽ ഡിനു ഗംഭീരമായി ആഘോഷിച്ചത്‌. തന്റെ പിതാവിന്റെ കമ്പനി കാര്യത്തിനായി മുംബൈയിൽ പോകുന്നതായി അറിയിക്കുകയും ചെയ്തു.

’ജൂഡി, നിന്റെ കാമുകന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇനിമുതൽ നീ എന്നെയേ സ്നേഹിക്കൂ. നിന്റെ ഡാഡിക്ക്‌ മുൻപേ എന്റെ മേൽ ഒരു കണ്ണ്‌ ഉള്ളതാ. എത്രയേറെ നീ റെന്നിയെ ഓർമ്മിച്ചുകൊണ്ടിരുന്നാലും, ഒരന്ത്യം ഉണ്ടാകാതിരിക്കില്ലല്ലോ. നിനക്ക്‌ എന്റെ മുന്നിൽ തലകുനിച്ച്‌ തന്നേ മതിയാവുകയുള്ളൂ. അതിനുവേണ്ടിയുള്ള കരുക്കളൊക്കെ ഞാൻ നീക്കും. ആ വഞ്ചകൻ, നന്ദികെട്ടവൻ, മൃഗം… റെന്നിയെപ്പറ്റി ഓർമിച്ചപ്പോൾ ഡിനുവിന്റെ ഹൃദയത്തിൽ അമർഷം നുരയിട്ടുപൊങ്ങി. ജൂഡിക്കുവേണ്ടി നേരിട്ട്‌ അവനോട്‌ സംസാരിച്ചതും കൂടിയാണ്‌‘.

’റെന്നീ ഞാൻ നിനക്ക്‌ എന്തുമാത്രം സഹായങ്ങൾ ചെയ്തിരിക്കുന്നു. ഓരോന്നും എടുത്തുപറഞ്ഞ്‌ ജൂഡിയെ എനിക്ക്‌ വിട്ടുതരാൻ ആവശ്യപ്പെടുകയല്ല. മറിച്ച്‌ അവൾ ഇല്ലെങ്കിൽ ജീവിക്കാനാവില്ലെന്നു പറയുകയാ. അവളെ അത്രയേറെ ഞാൻ സ്നേഹിക്കുന്നു. പ്ലീസ്‌, ജൂഡിയോട്‌ നീ പറ. തീർച്ചയായും കേൾക്കാതിരിക്കില്ല കെഞ്ചി അപേക്ഷിച്ചുനോക്കി.

‘ഡിനൂ ഇത്‌ ജീവിതമാണ്‌. സിനിമയോ മെഗാസീരിയലോ അല്ല. എന്നെ സ്നേഹിക്കാതെ എന്റെ സുഹൃത്തിനെ സ്നേഹിക്കാൻ പറയാൻ കഴിയുമോ? ആളും തരവും നോക്കിയാണോ സ്നേഹം ഉടലെടുക്കുന്നത്‌?’

‘അപ്പോ എന്റെ സ്നേഹത്തിന്‌ ഒരു വിലയുമില്ല. അല്ലേ?’

‘ഡിനു ഞാൻ ആവശ്യപ്പെടാതെ തന്നെ എനിക്കുവേണ്ടി നീ എന്തെല്ലാം ചെയ്തുതന്നിരിക്കുന്നു. അതിന്റെ കൂടെ ജൂഡിയേയും എനിക്കു നൽകി അനുഗ്രഹിക്കൂ. അതായിരിക്കും എനിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സഹായം’.

‘സോറി, സോറി, ഞാൻ വെറുതെ ജൂഡിയെപ്പറ്റി സംസാരിച്ചതാ. നീ അവളെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന്‌ എനിക്കറിയില്ലേ? റിയലി എനിക്ക്‌ ജൂഡിയുടെ നേരെ ഒരു സ്നേഹവുമില്ല. നിന്നോട്‌ കോപവുമില്ല…’

‘ഡിനു യൂ ആർ ടൂ ലേറ്റ്‌, ജൂഡിയേയും എന്നെയും നീ നന്നായി മനസിലാക്കി. നിന്നെപ്പോലുള്ള ഒരു നല്ല പുരുഷനെ ഭർത്താവായി ലഭിക്കാൻ ഒരു പെണ്ണ്‌ തപസ്സ്‌ അനുഷ്‌ഠിക്കണം…’

ബുദ്ധിപൂർവം ഓരോ കരുക്കളും ഡിനു നീക്കി. കഴിഞ്ഞരാത്രി റെന്നി മെഴുകുതിരി ഊതിക്കെടുത്തി കേക്ക്‌ മുറിച്ചപ്പോൾ സ്വർണമോതിരം അണിയിച്ച്‌ അവൻ ആശംസകൾ അർപ്പിച്ചു. രണ്ടാമത്തെ ആശംസ ജൂഡിയുടേതായിരുന്നു. അവൾ സമ്മാനമൊന്നും നൽകിയില്ല.

ഡിനു കൊലചെയ്തുവെന്ന്‌ ആരും വിശ്വസിക്കാൻ പോകുന്നില്ല…

തമ്മനം ജംഗ്‌ഷനിൽ ഓട്ടോയിൽ നിന്നും ഇറങ്ങി. ചാർജ്ജ്‌ നൽകിയശേഷം മുന്നോട്ടു നടന്നു. റെന്നി താമസിച്ചിരുന്ന മുകൾ നിലയിലെ പോർഷനിലേക്ക്‌ വീടിനു താഴെനിന്നു പ്രത്യേകം ഗോവണി ഉണ്ടായിരുന്നു. വീട്ടുകോമ്പൗണ്ടിൽ കടന്നു നീങ്ങി. ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തി പെട്ടെന്ന്‌ ഗോവണിപ്പടികൾ കയറി. മുറിവാതിൽ പകുതി തുറന്ന്‌ കിടന്നിരുന്നു. കുനിഞ്ഞ്‌ വായിക്കും മട്ടിൽ റെന്നി. അരണ്ടവെളിച്ചം.

‘റെന്നീ, ഞാൻ മുംബൈക്കുപോയില്ല, നിന്നെ കാണാൻ വന്നിരിക്കുകയാ, എന്തിനെന്ന്‌ ചോദിക്ക്‌ റെന്നി’!

അവന്റെ സമീപത്തുചെന്ന്‌ തോളിൽ പിടിച്ച്‌ ഡിനു കുലുക്കി. കയ്യിലിരുന്ന പുസ്തകം ഊർന്നു തറയിൽ വീണു. വയറ്റിൽ കുത്തിത്തറച്ചിരിക്കുന്ന കത്തി! അതിന്റെ പിടിവരെ രക്തത്തിൽ മുങ്ങിയിരിക്കുന്നു! റെന്നിയുടെ തുറന്ന മിഴികൾ ജീവൻ പറന്നകന്നിട്ട്‌ മിനിറ്റുകൾ കഴിഞ്ഞു എന്നു ബോധ്യപ്പെടുത്തി.

‘റെന്നീ….റെന്നി…..നീ…. മരിച്ചെന്നോ. ആര്‌….ആരാണ്‌ നിന്നെ കൊന്നത്‌?’ നടുക്കത്തോടെ കത്തിയിൽ നിന്നും കൈപിൻവലിച്ചു. തന്റെ കൈരേഖ തുടച്ചു. അപ്പോൾ അവന്റെ താടിയും മീശയും അടർന്നുവീണു. പരിഭ്രമത്തിനിടയിൽ അവൻ അത്‌ ശ്രദ്ധിച്ചില്ല. റെന്നിയുടെ രക്തത്തിൽ പതിഞ്ഞ ഡിനുവിന്റെ കാലടിച്ചുവട്‌ പടികൾവരെ നീണ്ടു. റെന്നിക്ക്‌ ചായയും പഴംപൊരിയും കൊണ്ടു പടികയറി വന്ന ചായക്കടയിലെ പയ്യൻ ഡിനുവിനെ ചൂഴ്‌ന്നുനോക്കി. ഡിനു തുടക്കത്തിൽ താഴേക്ക്‌ കുതിച്ചു.

‘അല്ലാ, റെന്നിച്ചേട്ടന്റെ സുഹൃത്ത്‌ ഡിനുച്ചേട്ടനല്ലേ ഇത്‌? എന്തിനാ ഇങ്ങനെ ഭയന്നമട്ടിൽ ഓടുന്നേ?“ സംശയത്തോടെ ചായക്കടക്കാരൻ പയ്യൻ മുകളിലേക്കു കയറി.

അരമണിക്കൂറിനു ശേഷം…

തന്റെ മുന്നിൽ കൈകെട്ടി നിന്ന കറുത്തുതടിച്ച മനുഷ്യനോട്‌ ജൂഡിയുടെ ഡാഡി രഹസ്യമായി മൊഴിഞ്ഞു. ’ഇതാ നിന്നോടു വാഗ്‌ദാനം ചെയ്ത തുക. ഇരുപതിനായിരമുണ്ട്‌. എവിടെയെങ്കിലും പോയി ഒളിച്ചോ. ഒരു ആറുമാസത്തേക്ക്‌ ഈ ഭാഗത്തേക്കൊന്നും വന്നുപോകരുത്‌‘.

’ഇല്ലാ സാർ! പക്ഷെ, നമ്മുടെ ജൂഡിക്കുഞ്ഞിന്റേം ഡിനുസാറിന്റേം കല്യാണത്തിന്‌ വന്നോട്ടെ?‘

’വന്നോ വന്നോ… എങ്കിലും സൂക്ഷിക്കണം. സമയം കളയണ്ട, വേഗം സ്ഥലം വിട്ടോ‘.

ജൂഡിയുടെ ഡാഡി അവനെ പറഞ്ഞയച്ചശേഷം തന്റെ വിശ്വസ്തനായ മറ്റൊരുത്തനെ വിളിച്ച്‌ മുപ്പതിനായിരം നൽകിയിട്ട്‌ ആദ്യത്തവനെ കൊല്ലാൻ പിന്നാലെ അയച്ചു. ഈ സമയം ജൂഡിയും സ്നേഹിതയുംകൂടി റെസ്‌റ്റോറന്റിൽ സംസാരിച്ചിരിക്കുകയായിരുന്നു.

’ജൂഡി എന്നാലും ഇതു തീരെ മോശമായിപ്പോയി മോളേ, ഇന്നലെ റെന്നിയുടെ ബെർത്ത്‌ഡേക്ക്‌ നീ പ്രസന്റേഷൻ ഒന്നും നൽകിയില്ല. എന്നാൽ അടുത്ത ആഴ്‌ച നടക്കാൻ പോകുന്ന ഡിനുവിന്റെ ജൻമദിനത്തിന്‌ ഇപ്പോഴേ സ്വർണ്ണമോതിരം വാങ്ങിയിരിക്കുകയാണല്ലോ…‘

’ഉം…ശരിയാ‘

’നിനക്ക്‌ നിന്റെ കാമുകനേക്കാളും ഡിനു വലിയവനായി പോയോ?‘

’പോടീ! നീ വെറും മണ്ടിയാണോ? ഞാൻ ഡിനുവിനെയാണെടീ ലൗ ചെയ്യുന്നത്‌. അതു നിനക്കു മനസിലായിട്ടില്ലേ നിനക്ക്‌?‘

’അപ്പോ റെന്നീ, ഇത്രയും നാൾ അവനോടൊപ്പം ചുറ്റിയത്‌?‘

’വെറുതെ തമാശക്ക്‌… ഡിനുവിനെ ടെൻഷനിപ്പിക്കാൻ, നീ ചിന്തിച്ചുനോക്ക്‌. പണക്കാരനെ വിട്ട്‌ പാവപ്പെട്ടവനെ സ്നേഹിക്കാൻ കഴിയുമോ? പ്രത്യേകിച്ച്‌ എന്നെപ്പോലെ വായിൽ സ്വർണകരണ്ടിയുമായി ജനിച്ച ഒരു പെണ്ണിന്‌? ജീവിക്കാൻ പണമാ വേണ്ടേ മോളേ! മറ്റ്‌ കഴിവുകളൊന്നും ഉണ്ടായിട്ട്‌ ഒരു കാര്യവുമില്ല.‘

’അപ്പോൾ പിന്നെ എന്തിനാ നീ നിന്റെ ഡാഡിയോട്‌ റെന്നിയെ സ്നേഹിക്കുന്നെന്നു പറഞ്ഞേ? കല്യാണത്തിന്‌ സമ്മതം വാങ്ങിയേ?‘

’എന്റെ ഡാഡി ഇക്കാര്യത്തിൽ എന്റെ കൂടെ നിൽക്കുമോ എന്ന്‌ ഒന്ന്‌ പരീക്ഷിച്ചതാ!‘

’പാവമാണെടീ റെന്നി… സത്യം മനസിലായാൽ തകർന്നുപോകും‘.

മണി കിലുക്കംപോലെ ജൂഡി ചിരിച്ചു. ’റെന്നിക്ക്‌ സത്യം അറിയാം. എനിക്കുവേണ്ടി എന്നോടൊപ്പം ചേർന്ന്‌ അഭിനയിച്ചതാ റെന്നി. ഈ മോതിരം നൽകി ഡിനുവിനോടും എന്റെ ഡാഡിയോടും ഞാൻ വാസ്തവം തുറന്നുപറയാൻ പോവുകയാ.‘

ജൂഡി തന്റെ സ്നേഹം വെളിപ്പെടുത്താൻ തയ്യാറെടുക്കുന്ന സമയത്ത്‌ പോലീസ്‌ ഡിനുവിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു!

Generated from archived content: story1_july7_07.html Author: mv_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here