മുളള്‌ മുളളുകൊണ്ട്‌

അമൽ നടക്കുമ്പോൾ ഭൂമി കുലുങ്ങുന്നുവോ എന്ന്‌ തോന്നിപ്പോകും. അത്രയ്‌ക്ക്‌ ശക്തിയായി അമർത്തിച്ചവിട്ടി വേഗത്തിലാണ്‌ അവൻ നടക്കുക. കൂട്ടുകാരും വീട്ടുകാരും ഇക്കാര്യത്തിൽ അവനെ ഉപദേശിക്കാറുണ്ട്‌. എന്നാൽ അവനത്‌ ശീലമായിപ്പോയി. “അന്നനട നടക്കാൻ ഞാനെന്താ പെണ്ണാണോ? വേഗത്തിൽ നടക്കുന്നത്‌ വീരത്വമാണെന്ന്‌ നിങ്ങൾ പറയാത്തതെന്തേ?” ഒരിക്കൽ കൂട്ടുകാരോട്‌ ചോദിച്ചത്രേ.

നടപ്പിൽ മാത്രമല്ല, സംസാരിക്കുന്നതിലും അമലിന്‌ പ്രത്യേകതയുണ്ട്‌. വളരെ വേഗത്തിലാണ്‌ സംസാരിക്കുക. എന്താണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാൻ മറ്റുളളവർ വിഷമിക്കും. “അവർക്ക്‌ മനസ്സിലാകുന്നില്ലെങ്കിൽ അതെന്റെ കുറ്റമല്ല!” അവൻ പറയുന്നതിങ്ങനെ.

എന്തൊക്കെ പറഞ്ഞാലും അമൽ പഠിക്കാൻ മിടുക്കനാണ്‌. പരീക്ഷകളിൽ നല്ല മാർക്ക്‌ നേടും. സത്യമേ പറയൂ. സ്‌നേഹിതരെ സഹായിക്കും. സ്‌കൂളിൽ ഒറ്റദിവസവും മുടങ്ങില്ല. മറ്റു ചീത്ത സ്വഭാവങ്ങളുമില്ല. തന്നെ ആരും ഉപദേശിക്കേണ്ട എന്ന ഭാവമാണവന്‌. എങ്കിലും നന്നായി പഠിക്കുന്ന കുട്ടിയല്ലേ. അധ്യാപകർക്ക്‌ അവനോട്‌ കാര്യമായിരുന്നു.

നടപ്പിലുളള വേഗതകൊണ്ടാകാം അവന്‌ കൂട്ടുകാർ അധികമുണ്ടായിരുന്നില്ല. അവനോടൊപ്പം ഒന്നു നടന്നെത്താൻ പറ്റണ്ടേ? അനൂപ്‌ മാത്രം എപ്പോഴും കൂടെയുണ്ടാകും. അമലിന്റെ ഒപ്പം എത്താനുളള അനൂപിന്റെ ഓട്ടം കാണുമ്പോൾ മറ്റുളളവർക്ക്‌ അതിശയമാണ്‌. രണ്ടുപേരും ഒരേ ഗ്രാമത്തിൽനിന്നു നടന്നുവന്നാണ്‌ പട്ടണത്തിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നത്‌.

ഒരുദിവസം അമലും അനൂപും സ്‌കൂൾവിട്ട്‌ വരികയായിരുന്നു. വളരെ ഗൗരവത്തിൽ രണ്ടുപേർ ഉച്ചത്തിൽ തർക്കിച്ചു കൊണ്ടുവരുന്നു. ഇടയ്‌ക്ക്‌ തലയിലും തോളിലും തട്ടി വഴക്കിട്ടു വരുന്ന അവരെ കണ്ട്‌ അമൽ അനൂപിനോട്‌ ചോദിച്ചു. “എത്ര ലഹളയുണ്ടാക്കിയാണ്‌ വഴിയിലൂടെ നടക്കുന്നത്‌, ഒരു മര്യാദ വേണ്ടേ?”

“അവരുടെ വാക്കും രീതിയും നടപ്പും നമുക്ക്‌ പിടിച്ചില്ലെന്നു വരാം. അതിന്‌ അവർക്കെന്താ? നമുക്ക്‌ വേണ്ടി അവരുടെ രീതി മാറ്റാൻ പറ്റ്വോ?” അനൂപ്‌ മറ്റൊരു ചോദ്യമാണ്‌ ചോദിച്ചത്‌.

തന്നെ ഉദ്ദേശിച്ചാണ്‌ ഇങ്ങനെ പറഞ്ഞത്‌ എന്ന്‌ അമൽ മനസ്സിലാക്കിയില്ല. അതിനിടയിൽ എതിരെ വന്നവർ അടുത്തെത്തി.

“ഞാൻ അങ്ങനെതന്നെ ചെയ്യും. മുളള്‌ മുളളുകൊണ്ടുതന്നെ എടുക്കണം. എന്നെ ചെയ്‌തതുപോലെ ഞാനവനേം ചെയ്യും! ഇതു സത്യം!” കൂടെയുളളവന്റെ തലയിലടിച്ച്‌ മറ്റെയാൾ ആണയിട്ടു.

‘അതിന്‌ എന്റെ തലയിലടിക്കുന്നതെന്തിന്‌? എന്റെ തല പപ്പടം പോലായെന്ന്‌ തോന്നുന്നു!“ തലയിൽ തടവിക്കൊണ്ട്‌ പരിഭവത്തോടെ അയാൾ നടന്നുനീങ്ങി.

’മുളള്‌ മുളളുകൊണ്ട്‌‘ എന്നു പറഞ്ഞത്‌ അനൂപ്‌ വളരെ പതുക്കെ ആവർത്തിച്ചു.

”നീ എന്താടാ മുറുമുറുക്കുന്നേ?“ അമൽ ചോദിച്ചു.

”ഒന്നുമില്ല. ബാക്കിയുളളവർ ചെയ്യുന്നത്‌ നമുക്ക്‌ തെറ്റാണെന്നു തോന്നും. അത്‌ തന്നെ നമ്മൾ ചെയ്യുകയാണെങ്കിൽ തെറ്റ്‌ നാം സമ്മതിക്കുകയുമില്ല. അതാലോചിക്കയായിരുന്നു ഞാൻ.“

”അത്‌ ശരിയാണ്‌. മറ്റുളളവരുടെ മുതുകിൽ അഴുക്കുണ്ടെന്ന്‌ നാം പറയുമ്പോൾ നമ്മുടെ മുതുകിൽ അഴുക്കുണ്ടോ എന്നറിയാറില്ല.“ അമൽ പറഞ്ഞു.

’എന്നെ നീ ഒന്നടിച്ചെന്നു കരുതൂ. ആ അടിയുടെ വേദന നീയറിയുകയില്ല. ആരെങ്കിലും നിന്നെ അടിച്ചാലേ വേദന നീ അറിയൂ. കാലിൽ തറച്ച മുളള്‌ വേറൊരു മുളളുകൊണ്ടല്ലേ എടുക്കാറ്‌? അത്‌ നീ സമ്മതിക്കുന്നോ?”

“അത്‌ സമ്മതിക്കാതെ തരമില്ലല്ലോ. അങ്ങനെയല്ലേ ചെയ്യാറ്‌!”

മുളളു മുളളുകൊണ്ടെടുക്കണമെന്നുതന്നെ അനൂപ്‌ വിചാരിച്ചു. അവൻ മനസ്സിൽ ഒരു പരിപാടിയിട്ടു. തന്റെ പദ്ധതി പിന്നീട്‌ കൂട്ടുകാരോടും അമലിന്റെ മാതാപിതാക്കളോടും സൂചിപ്പിച്ചു. അവരൊക്കെ ഇക്കാര്യത്തിൽ അനൂപിനെ സഹകരിക്കാമെന്നേറ്റു.

പിറ്റേന്ന്‌ വഴിയരികിലെ ആൽമരച്ചോട്ടിൽ അമൽ കാത്തുനിൽക്കയായിരുന്നു. സാധാരണ അനൂപാണ്‌ കാത്തുനിൽക്കാറ്‌. എന്താണാവോ ഇങ്ങനെ വൈകുന്നതെന്നാലോചിച്ചു നിൽക്കുമ്പോൾ അനൂപ്‌ അനങ്ങിയനങ്ങി വരുന്നു. അമൽ വേഗത്തിൽ ചോദിച്ചു. “എന്തുപറ്റി നിനക്ക്‌? നീയെന്തേ താമസിച്ചത്‌?”

ചോദ്യത്തേക്കാൾ വേഗത്തിൽ അനൂപ്‌ പറഞ്ഞത്‌ ഇതായിരുന്നു. ‘അവന്റെ വീട്ടിൽ വിരുന്നുകാർ വന്നു. അച്‌ഛൻ അവിടെ ഉണ്ടായിരുന്നില്ല. അച്‌ഛനെ വിളിക്കാൻ പോയി വന്നപ്പോഴേക്കും സമയം വൈകി.’ പക്ഷെ, അവൻ വളരെ വേഗത്തിൽ പറഞ്ഞതുകൊണ്ട്‌ ഇക്കാര്യം അമലിന്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദിച്ചെങ്കിലും അതുപോലെ തന്നെ. അവർ സ്‌കൂളിലേക്കു നടന്നു.

അന്ന്‌ സ്‌കൂളിലും വീട്ടിലും എല്ലാവരുടെയും സംസാരരീതി അതുപോലെ സ്‌പീഡിൽ! അമൽ വല്ലാതെ വിഷമിച്ചു. ഇങ്ങനെ രണ്ടുമൂന്നു ദിവസം തുടർന്നപ്പോഴേക്കും അമലിന്‌ ആകെയൊരു പ്രയാസം. അവനാലോചിച്ചു. താൻ വേഗത്തിൽ സംസാരിക്കുമ്പോൾ മറ്റുളളവർക്കും ഇതുപോലെതന്നെയായിരിക്കില്ലേ അനുഭവപ്പെടുന്നത്‌! വളരെ പണിപ്പെട്ട്‌ തന്റെ ശീലത്തിൽ മാറ്റം വരുത്താൻ ശ്രമം തുടങ്ങി. അതിലവൻ വിജയിച്ചു. കാൽ അമർത്തിച്ചവിട്ടി ശബ്‌ദമുണ്ടാക്കി നടക്കുന്ന ശീലവും ക്രമേണ മാറി.

ഈ മാറ്റങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്‌ അനൂപായിരുന്നു. മറ്റു കൂട്ടുകാരും അമലിനെ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങി. വീട്ടിലുളളവർക്കും വലിയ സന്തോഷമായി.

‘ഉപദേശങ്ങളല്ല, അനുഭവങ്ങളാണ്‌ അമലിനെ മാറ്റിയത്‌. അറിഞ്ഞിട്ടും തെറ്റിനെ മുറുകെ പിടിക്കുന്നവർ ധാരാളമുണ്ട്‌. ഇക്കൂട്ടർ മുതിർന്നവരുടെ കൂട്ടത്തിലും കാണും. അവരും ശരിയായ വഴിക്ക്‌ വരണം.’ കാര്യങ്ങൾ മനസ്സിലാക്കിയ ക്ലാസ്‌ ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.

അമൽ എഴുന്നേറ്റ്‌ നന്ദിപൂർവ്വം അനൂപിനെ നോക്കി സാവധാനം പറഞ്ഞു. ‘സാർ, എന്റെ മാറ്റത്തിന്റെ കാരണക്കാരനായ എന്റെ പ്രിയ സ്‌നേഹിതൻ അനൂപിനെയാണ്‌ ഇക്കാര്യത്തിൽ പ്രശംസിക്കേണ്ടത്‌. ’മുളള്‌ മുളളുകൊണ്ട്‌‘ എന്ന ചൊല്ല്‌ നല്ല മട്ടിൽ പ്രയോഗിച്ച്‌ ഇവൻ എന്നെ തിരുത്തി.

’രണ്ടുപേരും പ്രശംസയർഹിക്കുന്നു.‘ അധ്യാപകൻ അവർക്ക്‌ ഹസ്‌തദാനം ചെയ്‌തു. കുട്ടികൾ സന്തോഷം കൊണ്ട്‌ കൈയടിച്ചു. രണ്ടുപേരും എല്ലാവരേയും തൊഴുതു.

(കടപ്പാട്‌ ഃ പൂവൈ അമുദന്റെ ’നല്ല നല്ല കതൈകൾ‘.)

Generated from archived content: story2_feb23.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here