ശ്രീകോവിൽ മുന്നിലായ് കൈകൂപ്പിനിൽക്കവേ-
യാരാണു മന്ത്രിപ്പതെന്റെ കാതിൽ?
‘നിന്നിലെ നീയായ ഞാനൊന്നു ചൊല്ലട്ടെ
നിന്നുടെ പ്രാർത്ഥനക്കർത്ഥമുണ്ടോ?
മാതാപിതാക്കളെ സേവിച്ചിടാത്ത നീ
മുക്തിമാർഗ്ഗത്തിലോ സഞ്ചരിപ്പൂ!
വീഴുന്നവനായ് ചലിക്കാത്ത നിൻകരം
കൂപ്പുന്നതെന്തിനു നീ വൃഥാവിൽ?
ദാഹജലത്തിന്നു കേഴുന്നവർക്കായി
നീയെന്തുനൽകിയെന്നോർത്തുനോക്കൂ!
പൊരിയുന്നവയറിന്നൊരുവറ്റു നൽകാതെ
നിറവയറൂട്ടി നീ തൃപ്‌തനായി!
എത്ര പുരാണങ്ങൾ വേദങ്ങൾ ശാസ്‌ത്രങ്ങൾ
എത്രയോ വർഷമുരുക്കഴിച്ചൂ!
ലോകം നമിക്കുന്നു ജ്‌ഞ്ഞാനിയായ്, പക്ഷെ നീ
ജ്ഞാനം പകർന്നു കൊടുത്തതുണ്ടോ!
കാശിയിൽ, പിന്നെ ഹരിദ്വാറിലും ഗംഗ-
തന്നിലും മുങ്ങിനിവർന്നിടുമ്പോൾ
മേനിയിൽത്തങ്ങുമഴുക്കുപോമെങ്കിലും
നിൻമനം ശുദ്ധമായ്‌ത്തീരുകില്ല!
ജപവും തപവും സ്‌തുതിഗീതവും പോരാ
ധർമ്മമാർഗത്തിൽ ചരിക്കണം നീ.
മാതാപിതാ ഗുരുദൈവമെന്നോർമ്മയിൽ
മാനവൻ മന്നിൽ വളർന്നിടേണം
നീറിപ്പുകയും കനലല്ലിനിൻമനം
നാളെക്കരിഞ്ഞതു ചാമ്പലാകാം!
സ്‌നേഹതീർത്ഥംകൊണ്ട് താപം ശമിപ്പിച്ചു
വീണ്ടും നിനക്കതിൽ തേൻനിറക്കാം!
Generated from archived content: poem3_sept30_05.html Author: muraleedharan_aanappuzha