ജീവിതം

നീറുമൊരോർമ്മതൻ വീഥിയിലിന്നലെ

ഏകാന്ത പഥികനായ്‌ ചെന്നിരുന്നു

സ്‌മൃതികൾതൻ മാളത്തിൽ നിന്നൊരാ ജീവിപോൽ

പതിയേ പുറത്തേക്കൊന്നെത്തി നോക്കി

ചടുലതയോടെയാ ചാടിപുറപ്പെട്ട

വെരുകിനെ ഞാനൊരു കൂട്ടിലാക്കി.

പൂച്ചയേപ്പോലെ കരഞ്ഞു കരഞ്ഞിതു

കഥയറിയാതെ തുറിച്ചു നോക്കി.

നോവുമെന്നാത്മാവിന്നിത്തിരിവേദന

യേകിയതെന്തിനു വ്യർഥമായി

എന്നതു ചിന്തിച്ചൊരൊത്തിരി നേരം

കദന കടലുമായ്‌ നിന്നീടുമ്പോൾ

വെക്കമൊരു ചെറുവിടവതിൽ കൂടിയ

വെരുകതാ ചാടി വെളിയിൽ പോയി.

അത്രയും സാന്ത്വനമെൻ മനോ മുകുരത്തിൽ

വന്നതു കണ്ടു ഞാൻ ചിന്തിച്ചുപോയ്‌

ജീവിതവൃക്ഷം വളർന്നു വളർന്നപ്പോൾ

ഇലകൾ പലതും പൊഴിഞ്ഞുപോയി.

പാപ ജനിതമാം പോടുകളത്രയും

തരുവിൻ ശരീരത്തിലേറ്റു പോയി.

അവയെല്ലാം ചിന്തിച്ചു രോദനം കൊളളുന്ന

തരുവുണ്ടോ ലോകത്തിലന്നു മിന്നും?

എന്നതുപോലെ കൊഴിഞ്ഞൊരാ ജീവിത

പത്രങ്ങളേക്കുറിച്ചോർത്തിടാതെ,

കഠിനമാം കാലത്തിൻ ശിലകളിൽ തട്ടിപോയ്‌,

നിർഗ്ഗളിച്ചീടുന്ന സരണിപോലെ

മാർഗ്ഗതടസ്സങ്ങളെല്ലാം തകർത്തെറി-

ഞ്ഞാർത്തൊഴുകീടട്ടെയെൻ ജീവിതം!

Generated from archived content: poem2_june25_05.html Author: ms_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here