റാബിസ്‌

പേപ്പട്ടിവിഷത്തിനു ചികിത്സയില്ല!

എന്നിട്ടും, ഇവർ ഈ പത്രക്കാരെന്താണീ എഴുതിപ്പിടിപ്പിരിക്കുന്നത്‌?

പത്രമെടുത്ത്‌ അദ്ദേഹം ആ ബോക്‌സ്‌ ന്യൂസ്‌ പിന്നെയും വായിച്ചുഃ ‘പേയിളകി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സെല്ലിൽ അടച്ച ഒരു സ്‌ത്രീയെ കോളേജിനടുത്തുതന്നെയുളള ഒരു നാട്ടുവൈദ്യൻ ചികിത്സിച്ചു സുഖപ്പെടുത്തിയിരിക്കുന്നു.“

’ഇംപോസിബിൾ!!‘

കൈചുരുട്ടി അദ്ദേഹം മേശപ്പുറത്തിടിച്ചു. മേശ കുലുങ്ങി. മേശപ്പുറത്തിരുന്ന മരുന്നുസാമ്പിളുകളും പേനകളും പുസ്‌തകങ്ങളുമൊക്കെ നടുങ്ങിത്തെറിച്ചു. അതുകൊണ്ടും അദ്ദേഹത്തിന്റെ അരിശം തീർന്നില്ല… ഒടുവിൽ, രോഗികളെ പരിശോധിക്കുമ്പോൾ ഡോക്‌ടർക്ക്‌ ഏകാഗ്രത കിട്ടുന്നതിന്‌ അദ്ദേഹത്തിന്റെ കാതുകൾ അടച്ചുപിടിച്ചിരുന്ന സ്‌റ്റെതസ്‌കോപ്പ്‌ കൈകൂപ്പി അപേക്ഷിച്ചുഃ

’പോതുംസാർ…. നിർത്തുങ്കോ!‘

അതുകേട്ട്‌, ഡോക്‌ടർമാരുടെ സംഘടനയുടെ നേതാവാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ കടമകളെക്കുറിച്ച്‌ പെട്ടെന്നു ബോധവാനായി. ധാർമികരോഷം കൊണ്ട്‌ പുറത്തു ഊഴംകാത്തിരിക്കുന്ന രോഗീവൃന്ദത്തെ അദ്ദേഹം മറന്നു.

പത്രം ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞ്‌ മരുന്നുകമ്പനിക്കാർ നിർലോപം ചുമന്നെത്തിച്ചിരുന്ന റൈറ്റിംഗ്‌പാഡുകളിലൊന്നെടുത്തു. പോസ്‌റ്റുമോർട്ടത്തിനു കിട്ടിയ അനാഥശവംപോലെ ആ നാട്ടുവൈദ്യനെ നിർദാക്ഷണ്യം അദ്ദേഹം കീറിമുറിച്ചു. ഒരിക്കൽപോലും താൻ കണ്ടിട്ടില്ലാത്ത, സെല്ലിലടക്കപ്പെട്ട ആ സ്‌ത്രീക്ക്‌ റാബിസ്‌ ആയിരുന്നില്ലെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു! കാണിച്ച ലക്ഷണങ്ങൾ മുഴുവൻ റാബിയോ ഫോബിയോ മാനിയ എന്ന മനോരോഗത്തിന്റെതാണെന്നും, ചികിത്സിച്ചില്ലെങ്കിലും രണ്ടു ദിവസത്തിനകം അതു മാറുമായിരുന്നുവെന്നും അദ്ദേഹം സ്ഥാപിച്ചു. സ്‌ത്രീയെ ചികിത്സിച്ച നാട്ടുവൈദ്യനെപ്പോലുളളവരെ തുറുങ്കിലടക്കണമെന്ന്‌ അടിസ്ഥാനപരമായി അദ്ദേഹം സമർഥിച്ചു കഴിഞ്ഞപ്പോൾ, നാട്ടുവൈദ്യൻ ചതഞ്ഞരഞ്ഞ്‌ കഥാവശേഷനായി!! അയാളുടെ ജഡം അദ്ദേഹത്തിന്റെ മേശക്കുകീഴെ ചോരയൊലിപ്പിച്ചു കിടന്നു…

അനന്തരം, അഭിമാനത്തോടെ അദ്ദേഹം കറങ്ങുന്ന എക്‌സിക്യൂട്ടീവ്‌ കസേരയെ കരയിപ്പിച്ചു. ഊഴം നഷ്‌ടപ്പെട്ടുനിന്ന രോഗികൾ വാച്ചിന്റെ സൂചികളെ ദൃഷ്‌ടിദോഷത്തിൽ കുടുക്കിക്കൊണ്ടിരുന്നു…

മേശപ്പുറത്തിരുന്ന ടെലഫോൺ ശബ്‌ദിച്ചു. നാട്ടിൽനിന്നും ഭാര്യാപിതാവ്‌ അങ്ങേത്തലക്കൽ. സ്‌തോഭജനകമായിരുന്നു ആ സന്ദേശം. അഞ്ചുവയസുളള സ്വന്തം മകന്‌ റാബിസ്‌! വീട്ടിലെ ചത്തുപോയ പട്ടിക്കുഞ്ഞ്‌ മകനെ ചെറുതായൊന്നു കടിച്ചിരുന്നുപോലും… പേയിളകിയ കുഞ്ഞിനെ ഹോസ്‌പിറ്റലിലെ സെല്ലിലടച്ചിരിക്കുന്നു! പെട്ടെന്നെത്തണം…

ടെലഫോണിലൂടെ ഇഴഞ്ഞെത്തിയ ശബ്‌ദസർപ്പം കർണപുടത്തോടൊപ്പം ചേതനയെയും ദംശിച്ചു. പുറത്തു ബോർഡിൽ ഡോക്‌ടറുടെ പേരിനുശേഷം ഒട്ടിച്ചുവെച്ചിരുന്ന ഡിഗ്രിയുടെ പ്ലാസ്‌റ്റിക്‌ അക്ഷരങ്ങൾ വിഷം ബാധിച്ചു പൊഴിഞ്ഞു വീഴുന്നതും, ഒടുവിൽ പേരിനുമുന്നിലെ ഡോ. എന്ന അക്ഷരം പൊട്ടിച്ചിതറുന്നതും കണ്ട്‌ രോഗികൾ ഭയന്നോടി!

പെട്ടെന്ന്‌ അദ്ദേഹം ’അയാൾ‘ ആയി! റൈറ്റിംഗ്‌പാഡിൽ എഴുതിവെച്ച അക്ഷരങ്ങൾ അയാളെ കൊഞ്ഞനംകുത്തി. അയാളതു കീറിവലിച്ചെറിഞ്ഞു. പിന്നെ, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ ആ പത്രം ചവറ്റുകുട്ടയിൽ നിന്നെടുത്തു മേശപ്പുറത്തുവെച്ചു. വിറക്കുന്ന കൈകൾകൊണ്ട്‌ നിവർത്തി ചുളുക്കുമാറ്റി. ആ ബോക്‌സ്‌ വാർത്തക്കുവേണ്ടി അയാൾ പരതി. അരിച്ചുപെറുക്കിയിട്ടും അതുമാത്രം കണ്ടെത്താനായില്ല!

അതെവിടെപ്പോയി?

മിടിപ്പുതാളം തെറ്റുന്ന ഹൃദയത്തെ ഇടതുകൈകൊണ്ടമർത്തിപ്പിടിച്ച്‌ ഡയറക്‌ടറി പരതി. പത്രമോഫീസിന്റെ നമ്പർ കണ്ടെടുത്ത്‌ ഡയൽ ചെയ്‌തു. വർധിച്ച ഹൃദയമിടിപ്പോടെ അയാൾ ആ വൈദ്യരെക്കുറിച്ചാരാഞ്ഞു.

അങ്ങേത്തലക്കലെ കിളിനാദം പരുഷമാകുന്നതു കേട്ടയാൾ വിഷണ്ണനായി. കേൾക്കുന്ന പെണ്ണിന്റെ കാണാത്ത കാലുപിടിച്ചയാൾ കേണു. പരുഷമായ കിളിനാദം പെട്ടെന്നു മുരൾച്ചയാകുന്നതും ഒടുവിൽ കാതടപ്പിക്കുന്ന കുരയാവുന്നതും കേട്ടയാൾ ഞെട്ടി. ടെലഫോൺ കയ്യിൽനിന്നും വഴുതി….

വയറിൽതൂങ്ങിക്കിടന്ന്‌ ഫോൺ കുരച്ചു! കൂർത്ത നഖങ്ങൾ കൊണ്ട്‌ വാതിലിൽ മാന്തുന്ന ശബ്‌ദം കേട്ട്‌ അയാൾ നടുങ്ങി. ഒപ്പം ഒട്ടേറെ നായ്‌ക്കൾ ഒരുമിച്ചു കുരക്കുന്ന ഭയാനകമായ ശബ്‌ദംകേട്ട്‌ ഭയന്നുവിറച്ച്‌ അയാൾ മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്നു! പുറത്ത്‌ അപ്പോഴും കുര തുടർന്നുകൊണ്ടേയിരുന്നു….

Generated from archived content: story1_mar27_08.html Author: mohan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here