മഷിനോട്ടം

പരസ്യപ്രസിദ്ധനായ ജോത്സ്യന്‍ ഗോപിനാഥ പണിക്കരെക്കുറിച്ച് അതൊരു പുതിയ വിവരമായിരുന്നു. ഘടോല്‍ക്കച രൂപനായ അദ്ദേഹത്തിന്റെ ശാലീനസുന്ദരിയാം നാലാം ഭാര്യ സുലോചന വിഷഹാരിണിയാണെത്രെ! കിളുന്തുപ്രായത്തില്‍ പണിക്കര്‍ സ്വന്തമാക്കിയ മുന്‍ ഭാര്യമാര്‍ മൂന്നും വിഷം തീണ്ടിയാണ് ആദ്യരാത്രികളില്‍ മരിച്ചത് എന്നു കേട്ടുകേള്‍വി. പണിക്കരുടെ തീണ്ടല്‍ അതി കഠിനമത്രെ!

‘’ അതുകൊണ്ടായിരിക്കും ഒരു വിഷഹാരീയെത്തന്നെ അയാള്‍ വിവാഹം കഴിച്ചത്’‘

ഗോപന്റെ മുഖത്ത് ഒരു പാല്‍പ്പുഞ്ചിരി.

‘’അവളാണെങ്കില്‍ മിക്കവാറും ദിവസങ്ങളില്‍ രാത്രി പട്ടിണിയാണെത്രെ’‘

‘’ഉപവാസമായിരിക്കും! ഇതുപോലെ പ്രത്യേക സിദ്ധിയുള്ളവര്‍ സിദ്ധി നിലനിര്‍ത്താനൊരിക്കലെടുക്കും’

‘ ഒലക്കയെടുക്കും’

ഗോപന്‍ പൊട്ടിച്ചിരിച്ചു.

‘ മണ്ടന്‍’

അവനിറങ്ങിപ്പോയി.

മണ്ടന്‍ തലയിലേക്കു വെളിച്ചം സാവാധനാനം അരിച്ചിറങ്ങി വന്നു. ഒരു തിരിച്ചറിവ്.

ആ തിരിച്ചറിവിന്റെ പര്യവസാനത്തില്‍ ഗോപനെ വിളിച്ചു. അവന്റെ അടുത്ത വിസിറ്റിന്റെ ഡീറ്റെയിത്സ് ചോദിച്ചറിഞ്ഞു. അറിഞ്ഞപ്പോള്‍‍ ചിരിയടക്കാന്‍ ‍പാടുപെടുകയും ചെയ്തു. ഘടോല്‍ക്കചന്റെ വിഷം തീണ്ടലും ധര്‍മ്മപത്നിയുടെ വിഷാഹരവും ഒരേ സമയം!

ബ്ലോക്കു കഴിഞ്ഞ് ഗ്രാമത്തിലേക്ക് ഇടിച്ചു കയറണമെങ്കില്‍ പട്ടണത്തിന് ഏറെ നേരം ക്ലേശിക്കേണ്ടിവരും. അത്രയും നേരം അവള്‍ക്കു സ്വന്തം!

കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുവാന്‍ വളരെ എളുപ്പമായിരുന്നു.

പട്ടണത്തില്‍ ഘടോല്‍ക്കചന്‍ തങ്ങുന്ന ലോഡ്ജ് കണ്ടെത്തി. മുറിക്കു പുറത്ത് സ്ത്രീകളടക്കം വിശ്വാസികളേറെ ഊഴം കാത്ത് ഒടുവില്‍ സവിധത്തിലെത്തി. കണ്ടപാടെ ഘടോല്‍ക്കചന്‍ പാറപ്പുറത്ത് ചിരട്ടയുരക്കും പോലെ ശബ്ദമുണ്ടാക്കി ( അതിനെ ചിരി എന്നും പറയും) അനന്തരം ഉവാച.

‘ അപ്പോ ഹരികൃഷ്ണനും മഷിനോട്ടത്തില്‍ വിശ്വാസമായി അല്ലേ? സന്തോഷമായി … വീട്ടില്‍ വന്നാല്‍ മതിയായിരുന്നല്ലോ’

‘ കൂട്ടുകാരനു വേണ്ടിയാണ് ഒരു കാര്യം അറിയാന്‍’

‘ പറഞ്ഞോളൂ’

‘അയാള്‍ ഒരു സ്ഥലം വരെ പോകുകയാണ്. അല്‍പ്പം അപകടം പിടിച്ച് സ്ഥലം. മഷിനോട്ടം നടക്കുമ്പോള്‍ അയാള്‍ക്കു സംഭവിക്കുന്നതെല്ലാം നമുക്ക് മഷിനോക്കി അറിയാന്‍ പറ്റുമോ’?

‘ എന്താ സംശയം ?എന്തും അറിയാം’

‘ഉറപ്പല്ലേ തെറ്റിയാല്‍ ഞാന്‍ പൈസ തരില്ല’

‘തെറ്റിയാല്‍ എന്ന വിഷയമുദിക്കുന്നില്ല തെറ്റില്ല! എന്നാ നോക്കേണ്ടത്? ബുക്കു ചെയ്യണം ‘

‘ അടുത്ത മലയാളം ഒന്ന് സന്ധ്യക്ക് ഒരേഴുമണി’

‘ ഔ… കര്‍ക്കിടകം ഒന്ന് , നല്ല തെരക്കായിരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഒന്നാം തീയതിയും എനിക്കു വീട്ടില്‍ പോകാന്‍ കഴിയാറില്ല. ആള്‍ക്കാര്‍ക്കിപ്പോള്‍‍ മഷിനോട്ടത്തില്‍ വിശ്വാസം ഏറി വാരാണെന്നേയ്…

വിഷഹാരിണിയുടെ കാണാത്ത മുഖം മനസില്‍ സങ്കല്‍പ്പിച്ച് അവളോടു പറഞ്ഞു.

‘ മിടുക്കി’

‘ഇപ്പോത്തന്നെ യുക്തിവാദിയായ ഹരികൃഷ്ണന്‍ പോലും …’

‘അപ്പോ, നമ്മള്‍ തീരുമാനിക്കയല്ലേ ഒന്നാം തീയതി സന്ധ്യകഴിഞ്ഞ് ഏഴുമണി’

ഡയറിയിലെ അപ്പോയ്മെന്റു നോക്കി ഘടോല്‍ക്കചന്‍ ഉരച്ചു.

‘ഒഴിവില്ല പക്ഷെ ഏഴുമണിക്കുള്ള ആളെ നമുക്ക് ഒഴിവാക്കം ഫോണ്‍ ചെയ്തു പറയാം’

അങ്ങനെ ബുക്കിംഗ് നടന്നു.

ഒന്നാം തീയതി ഇഴഞ്ഞെത്തി. അതിനേക്കാള്‍ സാവധാനം ഏഴുമണി ഇഴഞ്ഞു. സമയത്ത് തന്നെ പണിക്കര്‍ ഇരുട്ടുമുറിയിലേക്ക് വിളിപ്പിച്ചു. ചമ്രം പടഞ്ഞിരിക്കവെ ചിരട്ട ശബ്ദം.

‘ കൂട്ടുകാരന്റെ നാളും പേരും പറഞ്ഞു ദക്ഷിണ വച്ചോളൂ’

‘ ദക്ഷിണ?’

ആയിരൊത്തൂ രൂപ’

പൈസ വച്ചു.

‘ ഗോപന്‍ ആയില്യം’

കത്തിച്ചുവച്ച നിലവിളക്കിനരികില്‍ വച്ചിരുന്ന കൂട്ടത്തില്‍ നിന്ന് മന്ത്രോച്ചാടനത്തോടെ ഒരു വെറ്റിലയെടുത്ത് കണ്മഷി പുരട്ടി വിളക്കിന്റെ മുന്നില്‍ വച്ചു.

‘ ഗോപന്‍ ആയില്യം’

കണ്ണടച്ചു പ്രാര്‍ത്ഥന. അനന്തരം കുനിഞ്ഞ് വെറ്റിലയിലെ മഷിയിലേക്കു മിഴിയൂന്നുവാന്‍ ശ്രമിക്കവെ കുടവയര്‍ രണ്ടായുടഞ്ഞു.

‘ വല്ലതും കാണുന്നുണ്ടോ പണിക്കരെ?’

‘ ഹും കാണുന്നുണ്ടോന്ന്.. തന്റെ സുഹൃത്ത് ഒരു സര്‍പ്പദംശനത്തിന്റെ നിഴലിലാണ്. രാഹുവും കേതുവും ചേര്‍ന്ന് വിഷം ദ്വിഗുണീഭവിപ്പിക്കുന്നു’

‘എന്നു വച്ചാല്‍ പാമ്പുകടിയേറ്റെന്നോ’.

‘ ഇല്ല ദംശനമേറ്റിട്ടില്ല. ഏല്‍ക്കാതിരിക്കാന്‍ നമുക്കൊരു ഹവനം നടത്തണം. ഒരു മൂവായിരം രൂപ ചിലവു വരും ‘

‘ ദംശനമേറ്റിട്ടു പരിഹാരം ചെയ്താലെന്താ പ്രയോജനം ?’

‘ ദംശനമേറ്റെന്നോ’

‘ അതെ ഇപ്പോ വിഷം ഇറക്കിക്കൊണ്ടിരിക്ക്യാ..’

‘വിഷമിറക്കേ …എനിക്കൊന്നും അങ്ങട് മനസിലാവണില്ല‘

ചിരട്ട തേങ്ങി!

‘ശബ്ദം ഞാന്‍ കേള്‍പ്പിച്ചു തരാം ‘ മൊബൈലെടുത്തു ഡയല്‍ ചെയ്തു.

മൊബൈല്‍ ഫോണിന്റെ ലൗഡ് സ്പീക്കറില്‍ നിന്നു പുറത്തേക്കൊഴുകുന്ന സീല്‍ക്കാര ശബ്ദം…

ആ ശബ്ദം പരിചിതമെന്നു തിരിച്ചറിഞ്ഞ പണിക്കരുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു. അതു പിന്നെ ചാലു വെച്ചൊഴുകി വെറ്റിലയിലെ കണ്മഷിയില്‍ വീണു. അനന്തരം കരിനാഗങ്ങളായി മഷിച്ചാലുകള്‍ ഇണചേര്‍ന്നൊഴുകി പിരിഞ്ഞു പൊങ്ങി പണിക്കര്‍ക്കു നേരെ ഫണങ്ങള്‍ വിടര്‍ത്തിയാടി. ഘടോല്‍ക്കചന്‍ പണിക്കര്‍ പകച്ചിരുന്നു. ഇടിവെട്ടുകൊണ്ടപോലെ.

ദക്ഷിണവച്ച ആയിരത്തൊന്നു രൂപ നാണയമടക്കം പെറുക്കിയെടുത്ത് ആ കണ്ണൂകളിലേക്കു നോക്കി. അവിടെ നിസ്സഹായത തളം കെട്ടി നിന്നിരുന്നു….

Generated from archived content: story1_jan3_13.html Author: mohan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here