ചായപ്പൊടിയിലെ പഞ്ചസാരത്തരി
ചായയറിയാതെ പിഴുതു ഞാൻ
കലണ്ടറിൻ താളുകൾ മറിയുന്നു
(കഷണ്ടിയായീല ഞാൻ ഭാഗ്യവാൻ)
പൊടികുറഞ്ഞു തരിയേറീടവേ
പ്രപഞ്ചസാരമറിയുന്നുഃ ഞാനെന്റെ പ്രായവും
വെളുപ്പിനാണഴകെന്നു ചൊല്ലണോ
ചായത്താൽ സാരത്തെ ചായയാക്കണോ…
പ്രായമായെന്നു മിണ്ടാൻ മടിക്കയാൽ
ചായത്തിലാശ്രയം കണ്ടെത്തി ഞാനിതാ!
പീക്കിരിപ്പിള്ളേരുടേട്ടൻ വിളികൾ കേ-
ട്ടുൾപുളകം കൊണ്ടു നിത്യവസന്തമായ്
മറയ്‌ക്കുന്നു ഞാനെൻ വെള്ളിക്കമ്പികൾ
ഓമന ഡൈയാം മറക്കുടക്കുള്ളിലായ്
കാലം കടന്നങ്ങു പോകുന്നു പിന്നെയും
കണ്ണിനു കാഴ്‌ച കുറയാൻ തുടങ്ങിയോ?
കാണാത്ത കാഴ്‌ചയും കണ്ടെന്നു ഭാവിപ്പൂ
കണ്ണടച്ചാക്കാതിരുട്ടിങ്ങണഞ്ഞുവോ?
കണ്ടീലയെന്നു നടിപ്പാൻ കഴിവീല
കണ്ണിനന്ധതയേറുന്നു; കാണണം ഡോക്ടറെ…
രണ്ടാഴ്‌ച നീണ്ടൊരു ആസ്പത്രിവാസം
കണ്ടുപിടിച്ചെന്റെ കണ്ണിന്റെ കാര്യം
ചായത്തിന്നംലമെൻ നയന ഞരമ്പിനെ
ബാധിച്ചുപോൽ! ഉടൻ നിശ്ചയിച്ചീടണം
രണ്ടിലൊന്ന്; ‘ഇനി ഡൈ വേണോ ഐ വേണോ’
ഇണ്ടലോടെ ഞാൻ ‘ഡൈ’ വിട്ട് ‘ഐ’യിലായ്
ആസ്പത്രിവാസവും റെസ്‌റ്റും കഴിയവേ
ബ്ലാക്കുപോയ്, ചെമ്പായി, വന്നു വെൺചാമരം
കണ്ണാടി തന്നിലായെൻ മുടി കാണവേ
ഖിന്നനായ്; പിന്നെ പ്രസന്നനായ് ‘കാണാലോ!’
ബസ്സു കാത്തു ഞാൻ നിൽക്കുന്നു ജംഗ്‌ഷനിൽ
കോളേജുവിട്ടെത്തീ പീക്കിരിപ്പിള്ളേര്‌ഃ
‘അയ്യോടീ നമ്മുടെയേട്ടന്റെയച്ഛനെ
ക്കണ്ടീലയോ? എത്ര സാമ്യം ഇരുവർക്കും!’
Generated from archived content: poem6_dec27_07.html Author: mohan_cherayi