എന്റെ നിശ്ശബ്ദതയിൽ നിന്റെ
ചിന്തതൻ തേരോട്ടമെന്റെ ചിന്തയിൽ
എന്തൊരാരവമെത്രമേൽ പൊട്ടിച്ചിരികൾ.
പിന്നെയേതോ കണ്ണുകളെന്റെയോർമ്മയിൽ
നഷ്ടസൗഭാഗ്യത്തിൻ രക്തം പൊഴിക്കുന്നു.
നിന്റെ നിശ്വാസങ്ങളെന്റെ ചിന്തതൻ
ശവമഞ്ചം ചുമലിലേറ്റുന്നു.
പിന്നെയുമെന്റെ മനസ്സിന്റെ ശയ്യയിൽ
നിന്റെയെത്രയോ കണ്ണുനീർ-
പുഷ്പങ്ങൾ വാടിക്കിടക്കുന്നു
ഏതോ ശില്പമെന്റെ കൺമുന്നിൽ
ഭ്രാന്തമായെപ്പോഴും നൃത്തം ചവിട്ടുന്നു
എന്റെയീ മനസ്സിലോ നിന്റെയൊരായിരം
ചിന്തകൾ, കരിയിലകളൊക്കെയും
കൂട്ടിയിട്ടിട്ടൊരു ചെറുസ്നേഹത്തിൻ
അഗ്നിവിതറിയിട്ടുപോയെങ്കിലു-
മെപ്പോഴോ കെട്ടുപോയതു മറിയുന്നു ഞാൻ
വീണ്ടുമീയിരുളിലാരോയെന്റെ
കരളും കവർന്ന് ഓടിയകലുന്നു.
പിന്നെയടുത്ത പ്രഭാത്തിലെന്റെ
വികാരങ്ങളൊരു കുരുക്കു തീർത്തുത്തരത്തിൽ
കിടപ്പതുകണ്ടു നീ പൊട്ടിച്ചിരിക്കുന്നു.
Generated from archived content: poem11_july20_05.html Author: minnu_thomas