വാരാന്തപ്പതിപ്പിലൊന്നിൽ, എന്റെ കഥ ‘സൗദാബീവിയുടെ മരണം’ പ്രസിദ്ധീകരിച്ചു വന്നതിനു
പിന്നാലെയായിരുന്നു ഒരു സന്ധ്യയ്‌ക്ക്… അപരിചിതരായ ചിലയാളുകൾ എന്നെത്തേടി വീട്ടിലെത്തിയത്. സ്വയം
പരിചയപ്പെടുത്തിക്കൊണ്ട് ഞങ്ങളിന്നേടത്ത്‌ന്ന് വരേണെന്നും അവർ കൂട്ടിച്ചേർത്തു. എന്നെ
സംബന്ധിച്ചിടത്തോളം ഒരു ദുരന്തപശ്ചാത്തലമായ് വെറുക്കപ്പെട്ട – സ്ഥലനാമം കേൾക്കെ, രക്തം തിളച്ചു,
എന്റെ തല പെരുത്തു. ഒരു പുരാവൃത്തത്തിലപ്പോൾ അകലെയെങ്ങോ – ഒരാർത്തനാദം.. നേർത്തു
നേർത്തില്ലാതാവുകയാണ്…. അതുകൊണ്ടുതന്നെയായിരുന്നു, സ്വീകരിച്ചിരുത്തുന്നതിനു പകരം ആഗതരോട് എന്താ
കാര്യമെന്ന് ഒട്ടും മയമില്ലാതെ ഞാൻ തിരക്കിയത്. അതു മനസ്സിലാക്കിയാവണം… അവരുടെ ചോദ്യം
“കേറി വരണതിൽ വിരോധമില്ലല്ലോ..? അനിഷ്ടം വിട്ടുമാറാതെയായിരുന്നു, ഇരിക്കാൻ ഞാൻ സമ്മതം
കൊടുത്തത്. പിന്നെ, കരുതിവച്ച പത്രം നിവർത്തി.
”ഞങ്ങള് വന്നതേയ്… ഈ കഥ കണ്ടിട്ടാണ്….“ എന്റെ കഥയാണവരെ എന്റെയടുത്തെത്തിച്ചതെന്നറിഞ്ഞപ്പോൾ ഇഷ്ടത്തോടെ ഞാനവർക്കു കുടിക്കാൻ ‘സുലൈമാനി’ കൊടുത്തു…
സന്തോഷം.. അശാന്തമനസ്സിന്ന് അതിന്റെ പകപ്പൊന്നിറക്കാൻ വല്ലാതെ പണിപ്പെട്ടു. ഏറെ വൈകി. എങ്കിലും…
ഇന്നെനിക്കഭിമാനമുണ്ട്…”
തുടർന്ന് മുറിച്ചുമുറിച്ചായിരുന്നു നാലംഗസംഘത്തിന്റെ ഇടപെടൽ ‘കഥേലൊരു തിരുത്ത് വേണമായിരുന്നു…
അതൊന്നറീക്കാനാ ആളെത്തിരക്കിയീ വരവ്’ ഒള്ളതു പറഞ്ഞാ ഞങ്ങടെ കൊർച്ച് പിള്ളേരാ ഇങ്ങോട്ട്
വരാനൊരുങ്ങീത്… അതൊന്നും വേണ്ട.. ഞങ്ങപോയ് പരിഹരിച്ചോളാമെന്നേറ്റ് അവരെ ഒഴിവാക്കിയായിരുന്നു…
പ്രകോപനങ്ങൾക്കു മുന്നിൽ ആത്മസംയമനം പാലിക്കുമ്പോൾ ഒരാർത്തനാദം, ദൂരെയങ്ങോ…
നേർത്തില്ലാതാവുന്നു… രണ്ടരപ്പതിറ്റാണ്ടു മുൻപ് നാടിനെ നടുക്കിയ ദുരന്തം…. ഒരു തീക്കഥയായ് പ്രതികൾക്കു
മേൽ ഇന്നതു പെയ്തിറങ്ങുമ്പോൾ, ധന്യനായി ഞാൻ എന്റെ ഉന്നം പിഴച്ചില്ല ഫലസിദ്ധി –
വിചാരിച്ചതിലുമധികം. ആരൊക്കെയോ വിറളി കൊള്ളുന്നു ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു അതിൽ
ചിലരാണീ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് – ഭീഷണിയും താക്കീതുമായ് ആത്മരോഷത്തോടെയായിരുന്നു എന്റെ
പ്രതികരണം.
“മുന്നിട്ടിറങ്ങിയവരെ ഒഴിവാക്കിയത് ശരിയായില്ല. പുതുതലമുറയല്ലേ… നിജസ്ഥിതി അവർക്കും പഠിക്കാമായിരുന്നു.
പിന്നെ, വെറുമൊരു പൊയ്‌ക്കഥയല്ലത്… അശ്രുബിന്ദുക്കളാണവ. ആ കാലത്തിൽ വേർപെട്ട പ്രിയസോദരിയുടെ
ഓർമ്മയ്‌ക്കു മുന്നിൽ അർപ്പിക്കുന്ന – ആത്മനൊമ്പരത്തിന്റെ അക്ഷരപ്പൂക്കൾ… അതിൽ തിരുത്ത്
വേണമെന്നാവശ്യപ്പെടുമ്പോൾ… എന്റെ സോദരി കൊല്ലപ്പെട്ടിട്ടില്ലെന്നോ…? എങ്കിൽ, കഥ പൂർണ്ണമായും
പിൻവലിക്കാം… എന്താ!
‘അതല്ല… ഈക്കഥേപ്പറേണ തറവാട്ടു പേരാ പ്രശ്നം… അത് ഞങ്ങടതാ…’ രണ്ടാളുടെ അവകാശവാദം.
”അതിവർക്കൊരുപാട് ദോഷം ചെയ്യും. ഇപ്പത്തന്ന.. ഓ.. ഒന്നും പറേണ്ട…“
മറ്റുള്ളോരുടെ പിന്താങ്ങൽ കഥയിറങ്ങിയ ശേഷമുണ്ടായ മാനക്കേടിനെക്കുറിച്ചും കുടുംബമഹിമയെപ്പറ്റിയുമവർ
വാതോരാതെ പ്രസംഗിച്ചു വല്ല്യേ ഫാമിലിക്കാരാണെന്നു തന്നെ വാദം. ഒരു മനുഷ്യജിവൻ കവർന്നതിന്റെ
കണക്കുതീർക്കിന്നിടത്ത്.. തറവാട്ടുപെരുമക്കെന്തു പ്രസക്തി…? ഉദ്ദേശിച്ച കരങ്ങളിലൊക്കെയും വ്യാപകമായി
എത്തിപ്പെടാൻ വേണ്ടിത്തന്നെയായിരുന്നു – അന്നാക്കഥയ്‌ക്ക് പത്രത്താളിലിടം കണ്ടെത്തിയത്.
ജനശ്രദ്ധയാകർഷിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു, ടൈറ്റിലും. പ്രതിയൊരെണ്ണം തപാലിൽ
കൊലയാളിക്കയക്കാനും മറന്നില്ല. കൊന്നവനോടും – കൊലക്ക് കൂട്ടുനിന്നവരോടും എല്ലാമുള്ള വെല്ലുവിളിയായി
എന്റെ കഥ.
”ആട്ടെ.. നിങ്ങടീ പുതിയ കുലമഹിമയ്‌ക്ക്, എന്തു പ്രായം കാണും… പണിപ്പുരയിൽക്കടന്നു ഞാൻ
പത്തിരുപത്തഞ്ചു കൊല്ലം പഴക്കമുള്ള പത്രങ്ങളെടുത്തിട്ട് – ചില വാർത്തകൾ വന്നവരുടെ ശ്രദ്ധയിൽ
പെടുത്തി. അതിനു കാരണമുണ്ട് – സംഭവത്തെക്കുറിച്ചിറങ്ങിയ പത്രറിപ്പോർട്ടിന്റെ ചുവടു പിടിച്ചായിരുന്നു
എന്റെ കഥാരംഭം. അന്നില്ലാത്ത കുലമഹിമ, ഇന്നു നിങ്ങക്കെവിടുന്നുണ്ടായി…? അന്നാരും തെറ്റ് തിരുത്തൻ
പോയില്ലല്ല… പത്രപ്രസ്താവന ഒരൽപ്പം ഞാനിവിടെ കടംകൊണ്ടു… അതൊരു രചനാ ട്രിക്ക്, അത്രേയുള്ളൂ…“
വന്നവർക്കതൊരു തിരിച്ചടിയായി. പിന്നെ വീണിടത്തു കിടന്നുരുളും മട്ടിൽ കണ്ടില്ലാ കേട്ടില്ലാന്നൊരു
ഞഞ്ഞാപിഞ്ഞാ വർത്താനോം കണ്ടറിഞ്ഞ് ഒന്നു ഞെട്ടാനും അമ്പടഞ്ഞാനേന്നറീക്കാനുമായി സ്വന്തം
വിവാദസൃഷ്ടികൾ വേറെയും, ഞാനവർക്കു മുന്നിലെടുത്തിട്ടു ആരുടെ സങ്കല്പങ്ങൾക്കും ധാരാളകൾക്കും
അതീതമാണല്ലോ ലോകം.
”എന്റെ ചെറു വികൃതികളാണിതൊക്കെ.. പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു തന്നെ എന്തും നേരിടാനുള്ള
തയ്യാറെടുപ്പിലുമാണിന്നു ഞാൻ. പെങ്ങളെ കൊന്നവനോട് ഏതെല്ലാം വിധത്തിൽ പകരം ചോദിക്കേണ്ടയാളാണ്
ഒരു സഹോദരൻ – ആ സ്ഥാനത്ത് ഇവിടെ ഞാനെന്ത് ചെയ്തു…? ഒരു കഥയെഴുതി – അതല്ലെയുള്ളൂ… ഒരു
കൊലയാളിയ്‌ക്ക് ശേഷം ജീവിതം തന്നെ ശിക്ഷയായി നൽകി ഒഴിഞ്ഞുപോയവനാണു ഞാൻ. എന്താ എന്റെ
നില വിട്ടുവീഴ്‌ചയുടെ പാതയിലല്ലെന്നുണ്ടോ…? നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ – പിന്നെ പരീക്ഷിക്കാനോ
എന്നറിയില്ല പ്രതി കുറ്റക്കാരനാണെന്നും പരമാവധി ശിക്ഷ കിട്ടേണ്ടതായിരുന്നെന്നും മാത്രമല്ല… കഥ അക്ഷരം
പ്രതി സത്യമാണെന്നും ആഗതർ തുറന്നു സമ്മതിച്ചു.
എന്നാൽ, തങ്ങൾക്കതിൽ പങ്കില്ലെന്നും ഒഴിവാക്കിത്തരണമെന്നും ആവശ്യമാവർത്തിച്ചു. കള്ളം! ഘാതകന്
ഒത്താശയും സംരക്ഷണവും നൽകിയവർ – കഥപ്പേടിമൂലമാണ് ഇന്നിപ്പോൾ അവനുമായുള്ള ബന്ധം
നിഷേധിക്കാൻ പോയും തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ വന്നുകിട്ടിയവരെ എന്റെ ഇരയായും പ്രതിയുടെ
പ്രതിനിധികളായും കാണാനായിരുന്നു എനിക്കു താല്പര്യം. നീണ്ട മൗനം ഭജ്ജിച്ച് ഒരു സന്ധിയില്ലാ
സംഭാഷണത്തിനറുതി വരുത്തിക്കൊണ്ട് ഒടുവിൽ കഥാന്വേഷകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ട എന്റെ
ശ്രീമതിയുടെ പ്രകടനം ഏറെ വിചിത്രമായിരുന്നു. തികച്ചും അപ്രതീക്ഷിതവും.
“ഒര് സൽപ്പേര് കാരെറങ്ങ്യേക്കണ്… പൊയ്‌ക്കോളണം മര്യാദയ്‌ക്ക്… ഒരെണ്ണത്തിനെ തല്ലിക്കൊന്ന്
പൊഴേലെറിഞ്ഞിട്ട് ഒരുത്തനൂണ്ടായില്ല…. ഒന്നിനും… ഒര് കഥേഴ്‌തീന്നും പറഞ്ഞിപ്പ ചോദ്യം
ചെയ്യാനെത്ത്യേക്കണ്…..”
എനിക്കു തന്നെ വിശ്വസിക്കാനായില്ല. എന്തെന്നാൽ…. ഏതെങ്കിലും ഒരു സർഗസൃഷ്ടിയിലേക്ക് എന്റെ ബീവി
ഒരിക്കലും ഇത്തരമൊരിടപെടൽ നടത്തീട്ടില്ല. അത്, എന്നിലെ മനോവീര്യവും ശക്തിയും ഇരട്ടിപ്പിച്ചു… വിസ്മയം
വിട്ടുമാറുമ്പോൾ – പൊടിപോലുമില്ല ഒന്നിന്റേം. ഏതുവഴി പോയെന്നറിയില്ല ഗൂഢസംഘം. എങ്കിലും,
ദുഃസൂചനയാണിതെന്നു കരുതാതെ വയ്യ. സംജാതമായിട്ടുള്ള സംശയാദസ്പദ സാഹചര്യം കണക്കിലെടുത്ത്
മുൻകരുതലിനായ് രാത്രിക്കു രാത്രിതന്നെ വേണ്ടപ്പെട്ട പലരുമായും ബന്ധപ്പെട്ട് ഞാൻ കാര്യമുണർത്തിച്ചു.
നിർദ്ദേശങ്ങൾ പലതും കിട്ടിയ കൂട്ടത്തിൽ മുതിർന്നൊരു സാഹിത്യകാരനാം സുഹൃത്തിന്റെ പ്രതികരണം
എനിക്കു കരുത്തും ഉത്തേജനവും ഏകി.
“വിഷമിക്കാനൊന്നൂല്ല.. മറിച്ച് രണ്ടു നാലാളെ കഥാകൃത്തിന്റെ ഇരിപ്പിടത്തിൽക്കൊണ്ടുവരാൻ ഒരു കഥയ്‌ക്ക്
കഴിഞ്ഞുവെങ്കിൽ അതൊരംഗീകാരമായേ, കരുതേണ്ടതുള്ളൂ…”
എന്തായാലും സംഗതി… അങ്ങനെയൊരു മുഖവിലക്കെടുക്കാൻ തന്നെയായിരുന്നു എനിക്കും മോഹം.
Generated from archived content: story1_sept20_07.html Author: mammu_kaniyath