വീട്

അരുണോദയത്തോടൊപ്പം നഗരമുണരുകയാണ്. ഖലീജ് തീരത്തെ സ്വപ്നനഗരം . ദുബൈ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ കണ്ടെയ്നറുകളുടെ നീണ്ട നിര. ചെറു വാഹനങ്ങള്‍ ഇടറോഡിലൂടെ കടന്നു പോകുന്നു. കൈവണ്ടിയില്‍ നിറയെ സാധനങ്ങളുമായി നീങ്ങുകയാണ് ശിവന്.‍ ആഞ്ഞു വലിക്കുന്ന ശക്തിയില്‍ നെഞ്ചിലെ പേശികള്‍ വലിഞ്ഞുമുറുകുന്നുണ്ട്. ഒരാഴ്ചയായി തുടങ്ങിയ ദേഹം വേദന വിട്ടുമാറിയിരുന്നില്ല. രണ്ടു ദിവസം ലീവെടുത്താലോ എന്നു വിചാരിച്ചു. പോകാതിരുന്നാല്‍ ചിട്ടിക്ക് കാശുതികയില്ല. സ്വന്തമായൊരുവീട് തന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഭാര്യയും മക്കളുമൊത്തുള്ള ശിഷ്ട ജീവിതം ആശകള്‍ അഭിലാഷങ്ങള്‍ കുടുംബവീട്ടിലെ കൂട്ട സഹവാസത്തെക്കുറിച്ച് അയാളേറെ ദു:ഖിതനായിരുന്നു. ഭാ‍ര്യയും മക്കളും ഏല്‍ക്കുന്ന മാനസികവ്യഥ. എല്ലാറ്റിനും ഒരു ശുഭപ്രതീക്ഷ വീടുമാറ്റം ആ… നെടുവീര്‍പ്പില്‍ ഒരാശ്വാസം.

സമയം ഒമ്പതു മണി കഴിഞ്ഞു. വണ്ടിയില്‍ നിന്നു ഭാരമിറക്കിയശേഷമയാള്‍ ബ്രേക്ക്ഫാസ്റ്റ്കഴിക്കാനിരുന്നു. പള്ളിയോടു ചേര്‍ന്നുള്ള തണല്‍മരച്ചുവട്ടില്‍ ഉരുളന്‍ കല്ലുകള്‍ നിരത്തിയിരുന്നു. കൂട്ടത്തില്‍ പള്ളിക്കരികിലെ പൈപ്പില്‍ നിന്നും തണുത്ത വെള്ളം വാട്ടര്‍ബോട്ടിലില്‍ എടുത്തു വച്ച് കിറ്റില്‍ കരുതിയ ഭക്ഷണപ്പൊതി മെല്ലെ അഴിച്ച് നിവര്‍ത്തി. തലേദിവസത്തെ കോഴിക്കറിയുടെ ബാക്കിയും ചപ്പാത്തിയും. രുചി വ്യത്യാസമുണ്ടെങ്കിലും അയാളത് സാരമാക്കിയില്ല. തണുത്ത വെള്ളം കൂടിയായപ്പോള്‍ വിശപ്പിനും ദാഹത്തിനും ഒരാശ്വാസം. ഗ്രീഷ്മജ്വാലകള്‍ക്കു ശക്തിയേറിത്തുടങ്ങി. മുത്തുമണികള്‍ പോലെ ഉതിര്‍ന്നു വീഴുന്ന വിയര്‍പ്പുകണങ്ങള്‍ ടവ്വല്‍ കൊണ്ടൊപ്പിയെടുത്തു.

അല്‍പ്പനേരം കൂടി ബാക്കിയുണ്ട്.

പള്ളിമുറ്റത്തെ ഈന്തപ്പനചുവട്ടില്‍ കൈപ്പത്തികള്‍ തമ്മില്‍ ചേര്‍ത്ത് ശിരസ് കൈവെള്ളയിലൊതുക്കിയൊരു ശയനം. ക്ഷീണിത മനസ് …ദൃഷ്ടികള്‍ നീല വാനിലേക്കുയര്‍ന്നു. ദുബൈ വിമാനത്താവളത്തില്‍ നിന്നു താഴ്ന്ന് ഉയര്‍ന്ന് പറക്കുന്ന വിമാനങ്ങള്‍…

ആകാശക്കീഴിലൂടെ വരിവരിയായിപറന്നു പോകുന്ന പറവക്കൂട്ടങ്ങള്‍. സ്വച്ഛന്ദവിഹാരികള്‍ ഒരു നിമിഷം അയാളോര്‍ത്തു തനിക്കും പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .

ലീവുകഴിഞ്ഞു വന്നിട്ട് മൂന്നു വര്‍ഷം കഴിയാന്‍ പോകുന്നു. വിസ പുതുക്കണം അതിനു വേണ്ട ചെലവുകള്‍ ചിന്തകളേറാന്‍ തുടങ്ങിയപ്പോള്‍ അയാളെഴുന്നേറ്റു ടവ്വലെടുത്ത് മുഖവും കഴുത്തും ഒരാവര്‍ത്തി കൂടി തുടച്ചു.

കൈവണ്ടിയുമാ‍യി വീണ്ടും മുന്നോട്ട് ‘ ഒരു ദിവസമെങ്കിലും അനക്ക് ലീവെടുത്തു കൂടെ പഹയാ ‘ എതിര്‍ ദിശയില്‍ നിന്നു വന്ന ഉമ്മര്‍ ചോദിച്ചു.

‘ അല്ല ഉമ്മറിനും ഇതാവാമല്ലോ’ ‘ ശിവന്‍ ചോദിച്ചു.

‘ ഞമ്മള്‍ ലീവെടുക്കും മൂക്കിലും ചെകിട്ടിലും പഞ്ഞി തിരുകി ഒരു യാത്രയുണ്ടല്ലോ അന്ന്’

തുല്യ ദു:ഖിതരായ ഇരുവരും സൗഹൃദം പങ്കു വച്ചു പിരിഞ്ഞു.

മൊബൈല്‍ ഫോണിന്റെ ശബ്ദം. ശിവന്‍ വണ്ടി നിറുത്തി കീശയില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെച്ച മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ‘ ചതിച്ചോ എന്റെ ഗുരുവായൂപ്പാ’ ശിവന്‍ നടന്നു നീങ്ങിയ ഉമ്മറിനെ തിരികെ വിളിച്ചു.’ എന്താ പഹയാ അനക്കെന്തു പറ്റി?’ ഉമ്മര്‍ ചോദിച്ചു.

‘ഉമ്മറേ ആകെ ഗുലുമാലായി. പണി നടക്കുന്ന വീടിനുള്ളില്‍ അജ്ഞാത ജഢം. ‘ആണോ പെണ്ണോ’? ഉമ്മര്‍ ആകാംക്ഷയോടെ ചോദിച്ചു . ‘

‘ചെറുപ്പക്കാരനാണെന്നാ പറഞ്ഞത് പോലീസും രാഷ്ട്രീയക്കാരും നാട്ടുകാരുമൊക്കെയായി ആകെ ബഹളം വീട്ടുകാരാകെ പേടിച്ചിരിക്കുകയാ’

വിവരമറിഞ്ഞവരൊക്കെ ശിവവന്റെ അടുത്തു കൂടി.

‘എന്താണെന്റെ ഉമ്മറെ ചെയ്യാ’

‘ഏതു പാര്‍ട്ടിക്കാരനാണെന്നറിയാ അനക്ക്’

‘ആരായാലെന്താ ഉമ്മറെ നമുക്കല്ലേ പ്രശ്നം’

‘ശിവാ ങ്ങള്‍ ബരിന്‍ നമുക്കാ രവി സാറിന്റെ അടുത്തു പോകാം. നാട്ടില്‍ നല്ല പിടിപ്പുള്ള നേതാവാ ആറുമണിക്കു ശേഷം പോയാല്‍ ഇന്ത്യന്‍ അസോസിയേഷനില്‍ കാണാം.’

അങ്ങനെ പ്രശ്നങ്ങളുമായി രണ്ടാഴ്ച കഴിഞ്ഞു.

പുതിയ വീട്ടിലേക്കുള്ള ത്വര അതോടെ അവസാനിച്ചു.

ജോത്സ്യപ്രവചനം കൂടിയായപ്പോള്‍ അത് പൂര്‍ണ്ണമായി.

വീട്ടുകാരുടെ നിര്‍ബന്ധമായതോടെ വീടു വില്‍ക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. മുടക്കുമുതലിന്റെ പാതി വില പോലും കിട്ടാനാവാത്ത അവസ്ഥ . ക്ഷീണിത മനസും ശരീരവും. കൊടും ചൂടിലമര്‍ന്ന ധരിത്രിക്ക് ആശ്വാസമേകി ഗ്രീഷ്മ സമാപ്തിയിലേ പുതുമഴ. വിശുദ്ധ മണ്ണിന് പുന്നെല്ലിന്റെ മണം. മഴമേഘങ്ങള്‍ അര്‍ക്ക ബിംബത്തെ മറച്ചിരിക്കുന്നു. സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങള്‍ പിന്നിട്ട് വീണ്ടും മാര്‍ക്കറ്റിലേക്കു തിരിച്ചു. എത്തിയ പാടേ സുഹൃത്തുക്കള്‍ ചോദിച്ചു.

‘എന്തായി നിന്റെ പ്രശ്നം തീര്‍ന്നോ’?

‘വീടു വിറ്റു’ ശിവന്‍ പറഞ്ഞു.

‘ആര്‍ക്ക്’

നാട്ടില്‍ ബിസിനസ് ചെയ്ത് കടം കയറിയ എക്സ് ഗള്‍ഫുകാരന്‍’

‘കടം കയറിയ ആള്‍ക്കെവിടാ കാശ്?’

കൂട്ടത്തിലൊരാള്‍ ചോദിച്ചു.

‘അയാളുടെ വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തു. മിച്ചം കിട്ടിയ തുക കൊണ്ടയാള്‍ എന്റെ പുര വാങ്ങി. അയാള്‍ക്കിപ്പോള്‍ എന്റെ വീട് സ്വര്‍ഗമാണു പോലും സ്വര്‍ഗം’

‘ശിവ ഇനി നഷ്ടപ്പെട്ടതോര്‍ത്ത് നീ ബേജാറാകണ്ട. വണ്ടി എടുത്തോളൂ ദാ പച്ചക്കറി കയറ്റിയ കണ്ടെയ്നര്‍ വന്നു’

ശിവന്‍ കൈവണ്ടിയുമായി വീണ്ടും മുന്നോട്ട് .

വിസ പുതുക്കുക തന്നെ.

Generated from archived content: story1_july21_12.html Author: lohi.kudilingal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English