മനോവ്യാകുലം

കള്ളുഷാപ്പ് മാനേജരുമായുണ്ടായ വാക്കു തര്‍ക്കമാണ് ഹര്‍ഷനെ ശബരിമല ദര്‍ശനത്തിന് പ്രേരിപ്പിച്ചത്. കൂലിപ്പണിക്കാരനായ ഹര്‍ഷന്‍ വരുമാനം മുഴുവന്‍ ചെലവഴിച്ചത് ആ ഷാപ്പിലായിരുന്നു. അന്ന് പതിവിലേറെ മദ്യപിച്ച് ഹര്‍ഷന്‍ കള്ള് കടം പറഞ്ഞത് മാനേജര്‍ക്ക് പിടിച്ചില്ല.

‘ ഹര്‍ഷാ കാശ് തന്നിട്ട് പോയാല്‍ മതി വേഷം കെട്ട് ഇവിടെ വേണ്ട’

‘ഉം താന്‍ വാങ്ങും ഇത്രേം കാലത്തിനിടക്ക് തനിക്ക് ഞാനെന്തെങ്കിലും തരാനുണ്ടോ? ഉണ്ടോ..’ സമനില തെറ്റിയ ഹര്‍ഷന്റെ സ്വരം മാറിത്തുടങ്ങിയതോടെ അയാളെ പിടിച്ചു പുറത്താക്കി.

‘ എടോ മാനേജരെ നാളത്തെ ദിവസമെന്താണന്നറിയാമോ ? വൃശ്ചികം ഒന്ന്. ഞാന്‍ മാലയിടാന്‍ പോവാ തനിക്ക് മാസം നഷ്ടം നാലായിരം രൂപ … ഓര്‍ത്തോ’

ഹര്‍ഷന്‍ വേച്ചു വേച്ച് നടന്നു. മാനേജരെ പുലഭ്യം പറഞ്ഞുകൊണ്ട്.

കണക്ക് കേട്ടപ്പോള്‍ മാനേജരും ഒന്നയഞ്ഞു. തുടര്‍ന്നയാള്‍ മറ്റുള്ളവരോടു പറഞ്ഞു ഇതൊന്നും നോക്കണ്ട ഹര്‍ഷന്‍ നാളെ നേരത്തെയെത്തും.

വീട്ടിലെത്തിയ ഹര്‍ഷന്‍ ഭാര്യയെ വിളിച്ചു.

‘എടീ വസന്തേ…..’

‘ഉം എന്താ….’

‘ഞാന്‍ കുടി നിര്‍ത്തിയേടി…’

‘അതാണല്ലോ ഈ ആട്ടം’

‘ഉവ്വെടി നാളെ മുതല്‍ കുടിക്കില്ല ഞാന്‍ മലക്ക് പോവാ’

‘ഇതുവരെയില്ലാത്ത തോന്നല്‍ ഇപ്പോഴെന്തു പറ്റി നിങ്ങള്‍ക്ക്?’

‘ഓ അതോ .. ആ ഷാപ്പുമാനേജരുണ്ടല്ലോ അവനെ ഒരു പാഠം പഠിപ്പിക്കണം’

വൃശ്ചികം എത്തി… വ്രതശുദ്ധിയുടെ ദിനങ്ങള്‍.‍ ഹര്‍ഷനാകെ മാറി. നാട്ടുകാര്‍ പരസ്പരം പറഞ്ഞു എന്നാലും ആ വസന്തച്ചേച്ചിയുടെ ഒരു കഷ്ടകാലം വിവാഹശേഷം എന്തെങ്കിലും സുഖം ആ ചേച്ചിക്കുണ്ടായിട്ടുണ്ടോ? കുട്ടികളുമില്ല. മൂക്കറ്റം കുടിച്ച് പോത്തുപോലെ കിടന്നുറങ്ങും. മലക്ക് പോയിട്ടെങ്കിലും ഇയാള്‍ നന്നായാല്‍ മതിയായിരുന്നു. കവലയിലെ ചര്‍ച്ചയില്‍ പ്രധാനമായി ഇയാളുടെ വ്രതാനുഷ്ഠാനം.

ദിവസങ്ങള്‍ കഴിഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ ഹര്‍ഷന്‍ അന്നുരാത്രി ഭാര്യയോടൊത്തു രമിച്ചു. അങ്ങനെ സന്തോഷപ്രദമായ ആ കുടുംബം കഴിയവേ ഒരു ദിവസം.

‘എടാ ഹര്‍ഷാ താനെവിടെയായിരുന്നു…? വീട്ടില്‍ കുറച്ചു ജോലിയുണ്ട് നീ നാളെ അങ്ങോട്ടു വാ…’

ഗള്‍ഫില്‍ നിന്നെത്തിയ കൂട്ടുകാരന്‍ അഭിലാഷ് ഹര്‍ഷനെ ക്ഷണിച്ചു.

അന്നത്തെ ജോലി കഴിഞ്ഞു കൂലി നല്‍കിയ ശേഷം അഭിലാഷ് ചോദിച്ചു.

‘ഫോറിനുണ്ട് രണ്ടെണ്ണം വിടണോ?’

‘വേണ്ട അഭിലാഷ് ഞാന്‍ കുടി നിര്‍ത്തി’

‘ഓ പിന്നെ നീയത് കാലിയാക്ക്’

കൂട്ടുകാരന്റെ അഭിലാഷത്തിന് വഴങ്ങിയ ഹര്‍ഷന്‍ സമനില തെറ്റിയാണ് വീട്ടിലെത്തിയത്. ആ രാത്രിയും അവള്‍ ഭര്‍ത്താവിന്റെ അരികു ചേര്‍ന്ന് കിടന്നു.

അയാളുടെ കൂര്‍ക്കംവലി കാതോര്‍ത്തുകൊണ്ട്.

Generated from archived content: story1_jan21_13.html Author: lohi.kudilingal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here