മകള്‍

ഭാസ്ക്കരന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമോ ആവോ എന്തായാലും പോയി കാണാന്‍ തന്നെ വള്ളിയമ്മ തീരുമാനിച്ചു.

സമയം രാവിലെ ഒമ്പതു കഴിഞ്ഞു. അവര്‍ വീടുപൂട്ടി പുറത്തിറങ്ങി. ബസ്റ്റോപ്പിലെത്തിയപ്പോള്‍ കുട ചുരുക്കി പ്ലാസ്റ്റിക്ക് കവറില്‍ വച്ചു.

യാത്രയില്‍ അവരുടെ ചിന്ത മുഴുവന്‍ മകളെക്കുറിച്ചായിരുന്നു.

എവിടെയാണാവോ തന്റെ മകള്‍?

മഴത്തുള്ളീകള്‍ക്ക് കനം വച്ചതോടെ ബസിനുള്ളിലേക്ക് ജലത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.

മോനേ ഈ ഗ്ലാസ്സൊന്നടച്ചേ. അവര്‍ കണ്ടക്ടറെ വിളിച്ചു പറഞ്ഞു. അയാള്‍ അടുത്തു വന്ന് ഗ്ലാസുകള്‍ ചേര്‍ത്തടച്ചു.

എവിടെയ്ക്കാ? കണ്ടക്ടര്‍ ചോദിച്ചു.

ആങ്ങളയുടെ വീട്ടിലേക്ക്.

അതെനിക്കറിയണ്ട ഇറങ്ങേണ്ടതെവിടേയെന്നാ ചോദിച്ചത്?

എടവനക്കാട്. സ്ഥലമെത്തുമ്പോള്‍ ഒന്നു പറയണേ അവര്‍ ഓര്‍മ്മിപ്പിച്ചു.

ശരി പറയാം.

അയാള്‍ പന്ത്രണ്ട് രൂപയുടെ ടിക്കറ്റ് ഏല്‍പ്പിച്ചു.

നാട്ടുകാരുടെ സമ്മര്‍ദ്ദപ്രകാരമാണ് മകളെ കാണാനില്ലെന്ന വിവരത്തിന് പോലീസില്‍ പരാതി നല്‍കിയത്. പക്ഷെ എന്തു കാര്യം ഒന്നു രണ്ട് ഏമാന്മാര്‍ വന്നു പോയതല്ലാതെ മകളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഭര്‍ത്താവിന്റെ തിരോധാനത്തിന് ശേഷം ഉണ്ടായ സാമ്പത്തിക വിഷമതകള്‍ അവരെ അലട്ടിയിരുന്നു. ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ മേല്‍ക്കൂര തട്ടുള്ളതുകൊണ്ടു മാത്രം ഭയപ്പെടാതെ കഴിയുന്നു. മകളുടെ വിവാഹം സ്ത്രീധനം ബാങ്കിലെ കടബാധ്യത അങ്ങനെ പലതും.

ബാധ്യതാ കൂമ്പാരങ്ങള്‍ മനസിനെ മഥിക്കാന്‍ തുടങ്ങിയപ്പോള്‍‍ മണ്മറഞ്ഞു പോയ മകനെക്കുറിച്ചോര്‍ത്തു.

അമ്മായി… എടവനക്കാടെത്തി ഇറങ്ങിക്കോ.

ബസിറങ്ങിയ ശേഷം പരിസരമാകെ വീക്ഷിച്ചു. നേരിയ ഭയാശങ്ക തോന്നാതിരുന്നില്ല. അന്ന് വസ്തുതര്‍ക്കത്തില്‍ അച്ഛനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ഭാസ്ക്കര‍ന്‍.

അവര്‍ മനോധൈര്യം വീണ്ടെടുത്ത് സഹോദരന്റെ വീടിനെ ലക്ഷ്യം വച്ചു നടന്നു.

ഊം… നീയിപ്പോ ഇങ്ങോട്ട്?

ഭാസ്ക്കരന്‍ ചോദിച്ചു.

ഏട്ടനെന്നോട് വെറുപ്പാണെന്നറിയാം. പക്ഷെ ഇപ്പോഴെന്നെ ഒന്നു സഹാ‍യിച്ചേ മതിയാകൂ. അവിവേകമായി എന്റെ ഭാഗത്തു നിന്ന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്ക്. അച്ഛനുമായി ഏട്ടന്‍ വഴക്കിട്ടു പിരിയുമ്പോള്‍‍ ഞാന്‍ തീര്‍ത്തും നിസ്സഹായയായിരുന്നു.

അതൊക്കെ എനിക്കറിയാം ഞാനല്ലാതെ ആരാ നിനക്കുള്ളത് പക്ഷെ നീയതോര്‍ത്തില്ല. വരൂ മുറ്റത്ത് നില്‍ക്കാതെ അകത്തേക്കിരിക്കു.

അവര്‍ അതനുസരിച്ചു.

മകളെ കാണാനില്ല അല്ലേ?

ഉം

ചുളിവു വീണ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകിയിറങ്ങി.

അയാള്‍ സഹോദരിയെ ആശ്വസിപ്പിച്ചു. തുടര്‍ന്നു പറഞ്ഞു.

വിവരങ്ങളൊക്കെ ഞാനറിഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് വാസവന്‍ എന്നെ വിളിച്ചിരുന്നു. അവരിപ്പോള്‍‍ അവന്റെ സംരക്ഷണയിലാണ്. വിവാഹവും നടത്തിക്കൊടുത്തു. വേണുവിന്റെ കൂടെയാണവള്‍ പോയത്.

അപ്പോള്‍‍ നാട്ടുകാരുടെ അടക്കം പറച്ചില്‍ ശരിയായിരുന്നു.

മകള്‍, വേണു, വാസവന്‍.

അവരുടെ മുഖത്ത് സന്തോഷ തെളിമ.

വിഷാദങ്ങള്‍ക്ക് വിട.

വേണു മകള്‍ക്ക് ചേര്‍ന്ന ആണ്‍ തുണ.

പിന്നെ വാസവന്‍! മനസ് ഗതകാലസ്മൃതിയിലേക്ക് തിരിഞ്ഞു.

വാസവന്റെ പിതൃത്വമവകാശപ്പെട്ടുകൊണ്ട് ദേവകി തന്റെ ഭര്‍ത്താവിനെ തേടി വന്ന ദിവസം.

അന്ന് വീട്ടില്‍ നടന്ന കോലാഹലങ്ങള്‍.

ബഹളത്തിനിടയില്‍ മൗനിയായിരുന്ന ഭര്‍ത്താവിന്റെ മുഖം.

എല്ലാം ഒരു നിഴല്‍ പോലെ.

പിറ്റെ പ്രഭാതത്തില്‍ വീട്ടില്‍ നിന്നിറങ്ങിറ്പ്പോയ തന്റെ ഭര്‍ത്താവ് ഇന്നും അവര്‍ക്കൊരു നിഴല്‍ മാത്രം. കാത്തിരിപ്പിന് നീണ്ട ഇരുപത്തി മൂന്ന് വര്‍ഷം.

Generated from archived content: story1_dec14_12.html Author: lohi.kudilingal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here