വർഷം….രണ്ടായിരാമാണ്ട്. ശിവരാത്രി ദിവസം….ആലുവാമണപ്പുറത്ത് ബലിതർപ്പണം നടത്തിയതിനുശേഷം മണപ്പുറത്തു കൂടെ തിരിച്ചു നടക്കുന്ന സദാനന്ദനെ കണ്ടവരുണ്ട്. അവസാനമായി സദാനന്ദനെ ആരെങ്കിലും കണ്ടതും അന്നാണ്. ആറുവർഷങ്ങൾ തികയാറായിരിക്കുന്നു. സദാനന്ദൻ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഭർത്താവ് തിരിച്ചുവരുന്നതിനു വേണ്ടി അമ്പലങ്ങളിലെല്ലാം പ്രാർത്ഥനയും വഴിപാടുകളും നടത്തി സരളടീച്ചർ കാത്തിരിപ്പു തുടരുന്നു. അറിയാവുന്ന ലോകം മുഴുവൻ സദാനന്ദനെ തിരഞ്ഞുനടന്ന് സരളടീച്ചറുടെ ആറ് ആങ്ങളമാർക്കും ഇപ്പോൾ പ്രതീക്ഷയറ്റു കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാസം സദാനന്ദന്റെ അമ്മ മരിച്ചു. എല്ലാ പത്രങ്ങളിലും ചിത്രവും വാർത്തയുമൊക്കെ കൊടുത്ത് സരളടീച്ചറും ആങ്ങളമാരും നാഷണൽ ഹൈവേ നാൽപത്തിയേഴിന്റെ ഓരത്തുള്ള ആ ഗ്രാമം മുഴുവനും കാത്തിരുന്നു….കാതോർത്തു….വരുമോ….ഇന്നെങ്കിലും….പൊരിവെയിലിൽ ചുട്ടുപഴുത്ത നാഷണൽ ഹൈവേയിലെ നോക്കെത്താ ദൂരത്തേക്ക് നീണ്ട മിഴികളെല്ലാം താനേ താഴ്‌ന്നു. നോക്കെത്താദൂരത്തു നിന്നും സദാനന്ദൻ എത്തിയില്ല. ‘ ഈ ദിവസമല്ലെങ്കിൽ പിന്നെ എന്നുവരാൻ, ജീവിച്ചിരുപ്പുണ്ടെങ്കിൽ….’ആളുകൾ അടക്കം പറഞ്ഞു. അവസാനം….സരളടീച്ചർ കണ്ണീരൊഴുക്കവേ പതിനാലുകാരനായ മകൻ തന്നെ അമ്മൂമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
‘അപ്രത്യക്ഷനായ സദാനന്ദൻ ഒന്നുകിൽ മരിച്ചിരിക്കണം….അല്ലെങ്കിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും….’ സദാനന്ദന്റെ തിരോധാനം അന്വേഷിച്ച ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അവരുടെ കേസ്‌ഡയറി ഇങ്ങനെയവസാനിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. സദാനന്ദൻ മുൻപൊരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഒരു ഇരുപത്തിയെട്ടുകാരന്റെ മനസ് രാവും പകലുമില്ലാതെ അസ്വസ്ഥമാകുന്നു. “എന്തിനാണ് സദാനന്ദൻ നാടുവിട്ടത്…? ജോയിന്റ് രജിസ്‌ട്രാർ ഓഫീസിൽ സൂപ്രണ്ട്….നാൽപതുകാരൻ….സുമുഖൻ….സുന്ദരൻ…..അതീവസുന്ദരിയായ ഭാര്യ….രണ്ട് ആൺമക്കൾ….നല്ല സാമ്പത്തികസ്ഥിതി……ഇത്രയും സൗഭാഗ്യങ്ങൾ സ്വന്തമായുള്ള ആരെങ്കിലും നാടുവിടുമോ? മരിക്കാൻ വേണ്ടിയാണെങ്കിലും….അല്ലെങ്കിലും…..‘ ശത്രുക്കളാരുമില്ലാതിരുന്ന, സാമ്പത്തിക വിഷമങ്ങളില്ലാതിരുന്ന സദാനന്ദൻ പക്ഷേ, ആലുവാ മണപ്പുറത്തു ബലിയിടാൻ പോകുംമുമ്പേ തന്റെ വിവാഹമോതിരം ഊരിവച്ചിരുന്നു….വളരെ ഭദ്രമായി…. ഭാര്യയുടെ ബാഗിനുള്ളിൽ…. എന്നെന്നേക്കുമായുള്ള ഒരു വേർപിരിയലിന് അപ്പോൾ സദാനന്ദൻ തീരുമാനിച്ചിരുന്നുവോ…വിവാഹമോതിരം ഊരി ഭാര്യയുടെ ബാഗിനുള്ളിൽ വച്ചിട്ടുപോകാൻ സദാനന്ദനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? ആകെ പതിമൂന്നു വർഷമേ സദാനന്ദന്റെയും സരളടീച്ചറുടെയും ദാമ്പത്യം നീണ്ടുനിന്നുള്ളൂ…അകാലത്തിൽ അതിനൊരു ഫുൾസ്‌റ്റോപ്പ് ഇടുവാൻ മാത്രം എന്തുണ്ടായി ആ ദാമ്പത്യത്തിൽ….
പ്രിയപ്പെട്ട സദാനന്ദൻ നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ… ഉണ്ടെങ്കിൽ നിങ്ങൾ തിരിച്ചുവരൂ….സരളടീച്ചർ ഇത്രയൊക്കെ സഹിച്ചുവെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു. ഇത്രയൊക്കെ ദുഃഖം സഹിക്കുവാൻ മാത്രം കുറ്റമൊന്നും ടീച്ചർ ചെയ്‌തിട്ടില്ല. വിഷമങ്ങൾ കാരണമാകാം ഏതാനും മുടിയിഴകൾ നരച്ചുവെന്നല്ലാതെ ആ കുലീനസൗന്ദര്യത്തിന്റെ വശ്യതയൊന്നും ഇന്നും കുറഞ്ഞിട്ടില്ല…ഒട്ടും…. നിങ്ങളേക്കാൾ സൗഭാഗ്യവാനായ ഒരു ഭർത്താവ് ഈ ലോകത്തിൽ വേറെയാരും ഉണ്ടായിട്ടുപോലും മറ്റൊരു വിവാഹത്തെക്കുറിച്ച് സരളടീച്ചർ ആലോചിച്ചിട്ടുപോലുമില്ല. ആങ്ങളമാർ എത്ര നിർബന്ധിച്ചിട്ടും ടീച്ചർ വഴങ്ങിയില്ല. വിവാഹവേളയിൽ നിങ്ങൾ അണിയിച്ച മോതിരം കൂടാതെ ഒരു സുവനീർ എന്നവണ്ണം ബാക്കിവെച്ചുപോയ ആ മോതിരം കൂടി ടീച്ചർ തന്റെ വിരലിൽ അണിയുന്നു. നീണ്ട ആറുവർഷങ്ങൾ ആ മോതിരത്തിന്റെ തിളക്കത്തിന് കുറവൊന്നും വരുത്തിയിട്ടില്ല.
എങ്ങനെയായിരുന്നിരിക്കും സദാനന്ദന്റെ രൂപം? സുന്ദരൻ, സുമുഖൻ എന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കലും ആ മുഖം നേരിലൊന്ന് കണ്ടിട്ടില്ലല്ലോ…സരളടീച്ചറെ പതിമൂന്നുവർഷം സ്വന്തമാക്കി അനുഭവിച്ച ആ ഭാഗ്യവാന്റെ ഫോട്ടോയെങ്കിലും ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ…
ഇതൊക്കെ ഒരു ഭ്രാന്തന്റെ ജൽപനങ്ങളാണെന്നു തോന്നുന്നു. ഇങ്ങനെയൊക്കെ കുത്തിക്കുറിച്ച് കടലാസ് കളഞ്ഞിട്ടെന്തുകാര്യം. ഏതായാലും ഇത് പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കണം….ദൈവനിശ്ചയം എന്ന ഒന്നുണ്ടെങ്കിൽ ഇതു വെളിച്ചം കാണും. പക്ഷെ ഇത് എങ്ങനെയൊരു കഥയാകും? കഥയുടെ രൂപവും ഭാവവും ആദ്യവും അന്ത്യവുമൊന്നും ഇതിനില്ലല്ലോ…ഇതൊക്കെ വെറും ചിന്തകൾ, കുറെ ദുരൂഹതയാർന്ന ഉത്തരം കിട്ടാത്ത ചിന്തകൾ മാത്രം…
കഥ കവറിലാക്കുന്നു…തപാൽപ്പെട്ടിയിൽ വീഴുന്നു…ആരുടെയോ ഭാഗ്യം….സദാനന്ദന്റെ കഥ വെളിച്ചം കാണുന്നു. ദിവസങ്ങളും ആഴ്‌ചകളും ആർക്കും കാത്തു നിൽക്കാതെ കടന്നുപോയി. സദാനന്ദനെയും എഴുത്തുകാരനെയും ലോകമറിഞ്ഞില്ല…തിരക്കുപിടിച്ച ലോകത്തിനും മനുഷ്യർക്കും എവിടെ നേരം…. ഒരു ദിവസം രാവിലെ സ്‌റ്റാഫ്‌റൂമിൽ ടീച്ചർമാർ ഇരിക്കുന്ന ഭാഗത്ത് അടക്കം പറച്ചിലുകൾ കേട്ടാണ് അജ്ഞാതനായ ആ എഴുത്തുകാരൻ കയറിച്ചെന്നത്.
’എന്താ…എന്താ…രാവിലെതന്നെ ഒരു വിശേഷം?‘
’അല്ലാ….അറിഞ്ഞില്ലേ….മാഷേ നമ്മുടെ സരളടീച്ചറുടെ ഭർത്താവ് കഴിഞ്ഞദിവസം തിരിച്ചെത്തി. ആറുവർഷം കാശിയിലൊക്കെ കറങ്ങി നടക്കുകയായിരുന്നുവത്രേ. ഏതോ കഥ വായിച്ച് മനസുമാറി തിരിച്ചെത്തിയെന്നൊക്കെയാ പറയുന്നത്. ഏതായാലും സരളടീച്ചറുടെ ഭാഗ്യം….‘
ആ ഇരുപത്തെട്ടുകാരന്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ…ഹൃദയത്തിലൂടെ ഒരു ഇടിവാൾ കടന്നുപോയി. ചിലപ്പോൾ ഇപ്പോൾ വരുമവർ…സരളടീച്ചറും…സദാനന്ദനും…കൈകൾകോർത്ത്….ചിരിച്ചുല്ലസിച്ച്…. ഒന്നും വേണ്ടായിരുന്നു. ഇനിയൊക്കെ കാണാനുള്ള കരുത്തുമില്ല…ആർക്കുവേണ്ടിയും കരുതിവെച്ചിട്ടുപോകാൻ എനിക്കൊരു മോതിരവുമില്ല. മനസിൽ നാമ്പിട്ട മോഹങ്ങൾ അതുപോലെ തന്നെ കത്തിയമരട്ടെ. ഒന്നും നടക്കില്ല.
പോവുകയാണ്….കഥകൾ വായിച്ച് തിരിച്ചുവരാനല്ല, മടക്കമില്ലാത്ത യാത്രയ്‌ക്കായി…വിട…എല്ലാവരോടും….പ്രത്യേകിച്ച്…..നീണ്ടുവെളുത്ത്…ഗോതമ്പു നിറമുള്ള, നെറ്റിയിൽ അൽപം ഇടത്തേക്കുമാറി സിന്ദൂരരേഖയുള്ള, കഴിഞ്ഞ ആറുവർഷവും അവിടെ മുടങ്ങാതെ കുങ്കുമക്കുറിയിടാൻ മറക്കാതിരുന്ന ആ ടീച്ചറോടും…
Generated from archived content: story1_feb6_07.html Author: leen_peter
Click this button or press Ctrl+G to toggle between Malayalam and English