റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിവരികയായിരുന്നു ഞാൻ. സുഹൃത്തിനെ യാത്രയാക്കാൻ പോയതാണ്. കൂട്ടുകാരോടെല്ലാം വിട പറഞ്ഞ് ഞാൻ ഒറ്റക്കായി. ഇനി വേഗം വീട്ടിലെത്തണം.
ആദ്യത്തെ വളവ് തിരിഞ്ഞതേയുളളൂ. മുന്നിൽ, നിറഞ്ഞ പുഞ്ചിരിയോടെ ഒരാൾ. ഓർത്തു നോക്കി. പക്ഷേ, ഓർമ്മയിൽ ഒന്നും തെളിഞ്ഞില്ല.
“തനിക്ക് എന്നെ മനസ്സിലായില്ലേ?”
ആ ചോദ്യം കേട്ട് ഒരിക്കൽകൂടി ഓർമകളെ പരതി. പത്താംക്ലാസിൽ വച്ച് പിരിഞ്ഞ ഒരു സഹപാഠിയുടെ നേരിയ ഛായ മനസ്സിൽ തെളിഞ്ഞു. നാൽപത് കൊല്ലം കഴിഞ്ഞിരിക്കുന്നു.
“അപ്പുക്കുട്ടൻ?” ഞാൻ സംശയം തീർന്നിട്ടില്ലാത്ത സ്വരത്തിൽ പറഞ്ഞു.
“അതേ.” അയാളുടെ മറുപടി ഉറച്ചതായിരുന്നു.
“താൻ ഗൾഫിലേക്കു പോയി എന്നാണല്ലോ അന്നു ഞാൻ കേട്ടത്.”
“ശരിയാണ്. നാലു കൊല്ലം ഗൾഫിൽ കഴിഞ്ഞു. ഒരുവിധത്തിൽ കഴിച്ചു.”
“അതെന്തേ?”
“കാലാവസ്ഥ പിടിക്കാതെ ഓരോ അസുഖം. പണിയെടുത്ത കാശ് ചികിത്സിക്കാൻ കളഞ്ഞു. നാലു കൊല്ലം കൊണ്ട് മതിയാക്കി.”
“ഇപ്പോൾ എന്താണ് ചെയ്യുന്നത്?”
“ഞാൻ ടാക്‌സി ഓടിക്കുന്നു. ഇവിടെ മെഡിക്കൽ സെന്ററിൽ വന്നതാണ്. താൻ ഇപ്പോൾ എവിടെ താമസം?”
ഞാൻ സ്ഥലപ്പേരു പറഞ്ഞു. അയാൾക്ക് വളരെ സന്തോഷമായെന്ന് എനിക്കു തോന്നി.
“അവിടെ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്യുന്ന രമേശനെ അറിയുമോ?”
“ഇല്ലല്ലോ. എന്താണ് വിശേഷിച്ച്?”
“രമേശൻ എന്റെ അനുജനാണ്. ഒരു കൊല്ലമായി അവിടെ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്യുന്നു. താൻ വീട്ടിലേക്കാണോ? എങ്കിൽ, എന്റെ കാറിൽ പോകാം. ഞാൻ രമേശിന്റെ വീട്ടിലേക്കാണ് ഇനി യാത്ര.”
ഇത്രയായിട്ടും സംശയം മുഴുവൻ തീരാത്തതുകൊണ്ട് ഞാൻ അയാളെ ഒന്ന് പരീക്ഷിക്കാൻ നോക്കി.
“തനിക്കു നമ്മുടെ ക്ലാസിലെ മറ്റുളളവരെയൊക്കെ ഓർമ്മയുണ്ടോ?”
“പിന്നെ. എല്ലാവരും ഓർമയിലുണ്ട്. മോഹൻദാസ്, രാധാകൃഷ്‌ണൻ, ജോസഫ്, പീതാംബരൻ, ഹരിദാസൻ, അഷറഫ്, കൃഷ്‌ണൻകുട്ടി.”
ഇവരൊക്കെ എന്റെ ക്ലാസിലുണ്ടായിരുന്നവർ തന്നെ. എങ്കിലും ചോദിച്ചു.
“മോഹൻദാസിനെപ്പറ്റി തന്റെ ഓർമ എന്താണ്?”
അയാൾ നന്നായി വരക്കും. എന്തു ഭംഗിയാണ് അയാളുടെ ചിത്രങ്ങൾ!“ ഒരു സംശയവുമില്ലാത്ത ആ മറുപടിയിൽ ഞാൻ ശരിക്കും വീണു. എന്റെ ക്ലാസിലെ മോഹൻദാസ് നന്നായി വരക്കുമായിരുന്നു.
”നമുക്ക് ആസ്‌പത്രിവരെ പോകാം. അവിടെയാണ് കാറ് കിടക്കുന്നത്.“
ഞാൻ സമ്മതിച്ചു. പ്രിയപ്പെട്ട സഹപാഠിയെ വളരെക്കാലത്തിനുശേഷം കാണുന്നതല്ലേ?
നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
”ആസ്‌പത്രിയിൽ വന്നതെന്തിനാണ്?“
”രമേശന്റെ ഭാര്യയ്‌ക്കാണ് അസുഖം. സ്‌കാനിംഗ് വേണമെന്ന് പറഞ്ഞു. ചാർജ്ജ് 1350 ക. 1000 ന്റെ രണ്ട് നോട്ടു കൊടുത്തപ്പോൾ സിസ്‌റ്റർ പറഞ്ഞു, ചേയ്‌ഞ്ച് ഇല്ലെന്ന്. ഞാൻ ചേയ്‌ഞ്ച് അന്വേഷിച്ചിറങ്ങിയപ്പോഴാണ് തന്നെ കണ്ടത്.“
പെട്ടെന്ന് അയാൾ ചോദിച്ചു. ”തന്റെ കയ്യിൽ ചേയ്‌ഞ്ച് കാണുമോ?“
”ഇതിനകം ഞങ്ങൾ ആസ്‌പത്രിപ്പടിക്കൽ എത്തിയിരുന്നു. നിരത്തിയിട്ടിരുന്ന കാറുകളിൽ തന്റേത് അയാൾ ചൂണ്ടിക്കാണിച്ചു.
‘ചേയ്‌ഞ്ച് കാണും.’ ഞാൻ പെട്ടെന്ന് പറഞ്ഞു. ആ സമയത്ത് ഒന്നും ആലോചിച്ചില്ല…
‘എന്നാൽ എടുക്ക്.’ അയാൾ സഹപാഠിയുടെ സ്വാതന്ത്ര്യത്തിൽ ആജ്ഞാപിച്ചു.
ഞാൻ പേഴ്‌സ് തുറന്നു. ചേയ്‌ഞ്ച് കൊടുത്തു. 1000-ന്റെ നോട്ട് ആദ്യം വാങ്ങിയില്ല. ഗേറ്റിൽ എത്തിക്കഴിഞ്ഞിരുന്നു.
“താൻ ഇവിടെ നിൽക്ക്. ഞാൻ സ്‌കാനിംഗ് ഏർപ്പാടാക്കി വരാം.”
അയാൾ പെട്ടെന്ന് രണ്ടാം നിലയിലേക്കുളള കോണിപ്പടിയിലേക്ക് ഓടിക്കയറി.
ഞാൻ താഴെ കാത്തുനിന്നു. മണിക്കൂറുകൾ കഴിഞ്ഞു. അയാൾ വന്നില്ല…
Generated from archived content: story1_mar13_08.html Author: lakshminarayan_chendamangalam