സിൽവർബ്രൈറ്റ്‌

വോട്ടെടുപ്പിന്റെ കാലം വന്നു. നേതാവ്‌ സ്ഥാനാർത്ഥിയായി. (ജനങ്ങളെ സേവിക്കാൻ ഉൾവിളിയുണ്ടായാൽ വേറെ മാർഗമെന്ത്‌?)

കവലകൾതോറും യോഗം (അഞ്ചുപത്താളുകൾ കൂടുന്നതിനെ യോഗമെന്നല്ലേ പറയുക?)

അലറിവിളിച്ചും ആർത്തനാദം പുറപ്പെടുവിച്ചും ഉച്ചഭാഷിണി വശംകെട്ടു.

ഘോരഘോരം വാക്കുകൾ ചൊരിഞ്ഞ നേതാവ്‌ തളർന്നു. തളരുന്ന നേരത്ത്‌ നേതാവ്‌ സിൽവർ ബ്രൈറ്റ്‌ പുഞ്ചിരി ചുണ്ടിൽ ഫിറ്റ്‌ ചെയ്‌തു. കൈകൂപ്പി, കൈകൂപ്പി നേതാവിന്റെ കയ്യിലെ പേശികൾ വലിഞ്ഞു നീറി.

നേതാവിന്റെ സിൽബന്ധികൾ അക്കാലം നന്നായി ‘സുഖിച്ചു’. അവരോട്‌ അത്രയേറെ അലിവുളളവനായിരുന്നു അദ്ദേഹം.

പക്ഷെ, ജനത്തിന്‌ നേതാവിനെ അറിയാമായിരുന്നു. നേതാവിന്റെ ‘ചരിത്രം’ അറിയാമായിരുന്നു. ബുദ്ധിജീവികൾ അത്‌ രഹസ്യമായും അല്ലാതെയും പ്രചരിപ്പിച്ചു. നേതാവ്‌ അത്‌ തീരെ മനസ്സിലാക്കിയില്ലെന്നും പറയാൻ വയ്യ.

എന്നാൽ അദ്ദേഹത്തിന്‌ ന്യായീകരണമുണ്ട്‌.

പ്രസംഗമല്ല ജീവിതം. തത്വശാസ്‌ത്രംകൊണ്ട്‌ ജീവിതത്തിൽ എന്തു പ്രയോജനം?

ജീവിതത്തെ എങ്ങനെയാണ്‌ നിർവചിക്കുക? ബദ്ധപ്പാടു നിറഞ്ഞ അതിവേഗയാത്ര എന്നോ, വെല്ലുവിളികൾ നിറഞ്ഞ ഓട്ടപ്പന്തയം എന്നോ?

നിർവചനം എന്തായാലും ജീവിതത്തിൽ നേതാവ്‌ വിജയിച്ചു. കുറെയൊക്കെ ചെപ്പടിവിദ്യകളും കരണംമറിച്ചിലുകളും തിരുമാലിത്തരങ്ങളും വേണ്ടിവന്നിട്ടുണ്ട്‌. അതൊരു വലിയ കഴിവുകേടാണോ? അത്രയൊക്കെ എടുത്തുപറയാനുണ്ടോ?

ഇല്ല, ജനം അതൊന്നും പറഞ്ഞുനടന്നുമില്ല.

പക്ഷെ, വോട്ടെണ്ണൽ പകുതിയായപ്പോൾ സിൽവൽ ബ്രൈറ്റ്‌ പുഞ്ചിരി അവസാനയാത്ര പറഞ്ഞിരുന്നു…

Generated from archived content: story1_aug5_08.html Author: lakshminarayan_chendamangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here