പുഞ്ചിരിമുല്ലാമലർമൊട്ടു പാലൊളി-
പ്പൂനിലാവാലേ വിരിയിക്കുമമ്പിളി
ആ വനത്തിന്റെയരികത്തിരുന്നീടു-
മെന്നെത്തഴുകവേ കോൾമയിർക്കൊണ്ടുപോയ്.
ഭാവനലോലനായ്‌ത്തീർന്നു ഞാൻ പെട്ടെന്നു
സംഗീതസാന്ദ്രമൊഴുകി പുല്ലാങ്കുഴൽ!
സ്വർഗ്ഗീയ മാധുര്യമൂർന്നൊഴുകീടുമെൻ
ഗാനത്തിൽ മുറ്റുമലിഞ്ഞുപോയ് പാരിടം
സൗന്ദര്യദേവിയെത്തേൻമഴ കൊള്ളിച്ച
നിർത്‌ധരി. നിത്യം ജയിക്കുമാറാക നീ!
പുല്ലാങ്കുഴൽ വിളി നിന്ന നിമിഷത്തിൽ
കാടിന്റെ മധ്യത്തിൽ നിന്നു സഗദ്‌ഗദം
നോവു തിന്നുന്നൊരു പൂങ്കരൾ പാടിയ
ദുഃഖാർദ്രഗാനം ശ്രവിച്ചു ഞാൻ നിന്നുപോയ്
രൂപസൗഭാഗ്യമില്ലീ വനസൂനത്തെ
നോക്കുവാനാരുമില്ലില്ലാ സുഗന്ധവും
എങ്കിലുമാർദ്രമെൻ ഹൃത്തിലുണ്ടൽപ്പമായ്
പൂന്തേൻ കണികകൾ സ്‌നേഹസാന്ദ്രങ്ങളായ്
ആരുടെ കാൽക്കൽ നിവേദിക്കുവാൻ? എന്റെ
വേദനയാരാണറിയുവാൻ പാരിതിൽ?
Generated from archived content: poem2_april21_09.html Author: lakshminarayan_chendamangalam