പുഴയുടെ നൊമ്പരം

എന്റെ നീർ കൊണ്ടു ഞാൻ ഭൂമിയുടെ മക്കൾക്ക്‌ ജീവനം നൽകി

കുടിനീര്‌ നൽകി ഞാൻ ദാഹിക്കും മർത്യരുടെ ദാഹമകറ്റി

എന്നാത്മാവിൻ കണികകൾ ചേർത്ത്‌ ഞാനവർക്കായ്‌ മഴമേഘങ്ങൾ സൃഷ്‌ടിച്ചു

അവർക്ക്‌ തണലേകും വൻമരങ്ങൾക്ക്‌ ഞാൻ വളമേകി

കൃഷിയിടങ്ങൾ നനച്ചു ഞാനവരുടെ കുഞ്ഞുങ്ങൾക്ക്‌ അന്നമൂട്ടി

ചെറുപുൽക്കൊടികളിൽപ്പോലും പുഷ്‌പങ്ങൾ വിരിയിച്ചു ഞാന-

ഉഷ്‌ണത്താലുരുകുന്നവർക്ക്‌ എന്റെ ബാഷ്‌പം നിറച്ചു ഞാൻ കുളിർക്കാറ്റ്‌ നൽകി

********************************************

എന്നിട്ടും മർത്യാ നീയെൻ കരൾ പിളർന്നു-മണലൂറ്റി

അഹന്തയുടെ രമ്യഹർമ്യങ്ങൾ പണിയുന്നു

മണലേറ്റി പായുന്ന സ്വാർത്ഥതയുടെ ടിപ്പറുകൾ

തെരുവിൽ നിന്റെ മക്കളുടെ ജീവൻ കവരുന്നു

എന്റെ ഉറവകൾ ഊറ്റി നീ ‘വിഷക്കോളകൾ’ തീർത്തു,

നിന്റെ കുഞ്ഞുങ്ങളുടെ ദാഹം കെടുത്തുന്നു!

ഫാക്‌ടറികളൊഴുക്കുന്ന ദുർമേദസ്സലിയിപ്പിച്ച്‌ നിങ്ങൾ

എന്നിൽ വസിക്കും ജീവജാലങ്ങളുടെ ചേതനയില്ലാതാക്കിയോരല്ലേ?

ഒരു നാളെങ്കിലും നിറഞ്ഞൊന്നൊഴുകാൻ ഞാൻ കൊതിക്കുന്നു

കഴിയുന്നില്ല, എന്റെ ജീവന്റെ തുടിപ്പുകൾ നീ തകർത്തില്ലേ…?

Generated from archived content: poem5_june4.html Author: ks_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here