എന്തേ വരാഞ്ഞതിനിയുമെന്നേ
ഇത്ര തപിപ്പിച്ചിടുന്നതെന്തേ
നൂലുപോലായെന്റെ, ആവലാതി
കേൾക്കാനടുത്തോടിയെത്തുകില്ലേ!
മാരിവിൽത്തേരിന്റെ ചാരുതയും
മാനത്തെ നക്ഷത്രക്കൂട്ടുകാരും
ആനയിക്കാൻ നിൽക്കുമാളിമാരും
ആകെക്കുടുക്കി, ക്കുഴഞ്ഞിടുന്നോ?
ആടിമേഘങ്ങളെയാനയിച്ച്
വേഗമിങ്ങോടിയണഞ്ഞിടായ്‌കിൽ
വാടിക്കരിഞ്ഞുള്ള വള്ളിപോലെൻ
വാഴ്‌വും നിലച്ചുപോമില്ല തർക്കം.
ആറുനിറഞ്ഞങ്ങൊഴുകിടുമ്പോൾ
ആർപ്പുംവിളിയും കുരവയായ്
ആഹ്ലാദപൂക്കൾ വിടർന്നു നിൽക്കും
സോത്സാഹം കോരിത്തരിച്ചുനിൽക്കും
കൂട്ടായ്‌മക്കാലം കുടിച്ചു തീർക്കാൻ
ആർത്തിയറിയാതകന്നുപോകാൻ
കുട്ടികൾ ഒറ്റക്കും കൂട്ടമായും
എത്തും കളിത്തോണിയെന്നിലേറ്റാൻ
കുട്ടിക്കുസൃതികൾ മാറിമാറി
ഹൃത്തടം നോക്കിത്തിമിർത്തിടുമ്പോൾ
ഞാനറിയാതെ ചുരത്തിനിൽക്കാൻ
ഓടിവാ, ഓടിവാ, നീ മഴയേ!
കൂലമൊലിപ്പിച്ചൊഴുകി നീന്താൻ
കുല്യകളെച്ചേർത്തു ആർത്തുനീന്താൻ
ആടിമേഘത്തിൻ പടഹവുമായി
ഓടിവാ, ഓടിവാ, നീ മഴയേ!
ആതപച്ചൂടിൽ പിടഞ്ഞുവീഴും
അമ്മയ്‌ക്കുവെക്കം പിടഞ്ഞെണീക്കാൻ
തൂവമൃതായിങ്ങടുത്തുവായോ
തൂമവിരിക്കാനിങ്ങോടിവായോ
കായും കനിയും ഫലങ്ങളുമീ
കാതരയാൾക്കുറ്റ തോഴിമാരായ്
തീരുവാനോടിവാ പൂമഴയേ.
തേൻപോൽ പകരുകയെൻ മഴയേ
വിണ്ണായ വിണ്ണും പകച്ചുനിൽക്കും
മണ്ണിനെപ്പൊന്നാക്ക.ൻ വാ മഴയേ
വെള്ളിക്കൊലുസിട്ടുതുള്ളിടുന്ന
കണ്ണായ കണ്ണനെപ്പോൽ മഴയേ!
Generated from archived content: poem10_apr27_07.html Author: kr_baby