കെരിം തന്റെ ദീർഘയാത്രയും കഴിഞ്ഞ് ഒറ്റക്ക് മടങ്ങിവരും വഴി, റെയിൽവെ സ്‌റ്റേഷനിലെ സിമന്റ് ബെഞ്ചിൽ കുറച്ചുനേരം വിശ്രമിക്കാമെന്ന് കരുതി ഇരുന്നു. സമയം രാത്രി പത്തുമണി കഴിഞ്ഞിട്ടും സ്‌റ്റേഷനിൽ നല്ല തിരക്ക്.
വല്ലാത്ത ദാഹം. അയാൾ തന്റെ തോൾ സഞ്ചിയിൽ നിന്നും കുപ്പിയിൽ കരുതിയ വെളളം അൽപം കുടിച്ചു. ബാക്കിക്കൊണ്ട് മുഖം കഴുകി. പിന്നേയും ബെഞ്ചിൽ തന്നെയിരുന്നു. അയാളുടെ മുമ്പിലൂടെ പലരും കടന്നുപോകുന്നുണ്ട്. പരിചയമുളള ഒരു മുഖവും കാണുന്നില്ല.
പെട്ടെന്നാണ് മുല്ലപ്പൂവും ചൂടി കറുത്തു തടിച്ച ഒരു സ്‌ത്രീ തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മുഖമാകെ ഉറക്കക്ഷീണം കൊണ്ട് കരുവാളിച്ചിരിക്കുന്നു. ജടപിടിച്ച മുടികൾ, കയ്യിൽ എരിയുന്ന സിഗരറ്റ്‌കുറ്റി, മൂളിപ്പാട്ടും പാടി അവളങ്ങനെ ഇരിക്കുന്നു. കൂടെ ഒരു കുട്ടിയുമുണ്ട്. കുട്ടി നല്ല ഉറക്കം. ഏതാനും ആളുകൾ അവളെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അവർ എന്തെല്ലാമോ അവളോട് ചോദിക്കുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ വന്നു; കൂടി നിൽക്കുന്നവരെയെല്ലാം ഓടിച്ചു. അവളാകട്ടെ അതൊന്നും അറിയാത്തതുപോലെ തന്റെ മൂളിപ്പാട്ടുമായി അതേ ഇരിപ്പുതന്നെ.
അവൾ അയാളെ സൂക്ഷിച്ച് നോക്കുന്നു. ആകപ്പാടെ ത്രസിപ്പിക്കുന്ന നോട്ടം. അയാളാകെയൊന്ന് പരിഭ്രമിച്ചു. പിന്നീട് അവളിൽനിന്നും അയാൾ കുറച്ചുകൂടി അകന്നിരുന്നു.
തോൾസഞ്ചിയിൽനിന്നും ഒരു ആനുകാലികം എടുത്ത് വെറുതെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഇടയ്‌ക്ക് ഇടം കണ്ണിട്ട് അവളെ നോക്കി. അവളപ്പോൾ മറ്റെവിടെയോ നോക്കിയിരുപ്പാണ്.
എവിടെയോ കണ്ട മുഖപരിചയം. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കാലങ്ങളുടെ ഏടുകളിലൂടെ അയാൾ മനസ്സ് പായിച്ചു. ഒരു പിടിയും കിട്ടുന്നില്ല. അല്ലെങ്കിൽ അവളോട് ചോദിച്ചാലോ? ഏയ്… വേണ്ട. അതും ഒരു മോശം സ്‌ത്രീ. ആരായാലും തനിക്കെന്താ? മാത്രവുമല്ല; പരിചയമുളള ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. വേണ്ട എന്നുതന്നെ മനസ്സു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ, കയറ്റിക്കുത്തിയ ലുങ്കി ധരിച്ച് ഒരു തടിമാടൻ വന്ന് അവളുടെ കയ്യിലെ ബാഗ് തട്ടിപ്പറിച്ച് അതിലുണ്ടായിരുന്ന പണം മുഴുവൻ എന്തോ അധികാരത്തോടെ എടുത്തുകൊണ്ട് പോയി. അവൾ പിന്നാലെ ചെന്ന് സകലശക്തിയും ഉപയോഗിച്ച് അയാളിൽ നിന്നും പണം തിരികെ വാങ്ങാൻ ശ്രമിച്ചു. ഇതിനിടയിൽ അയാളുടെ ബലിഷ്‌ടമായ കരങ്ങൾ അവളുടെ കരണത്ത് പതിച്ചു. ശബ്‌ദം കേട്ട് യാത്രക്കാരിൽ പലരും ശ്രദ്ധിച്ചു. ആരും അതിലിടപെടാൻ മുന്നോട്ടുവന്നില്ല. തടിമാടനാകട്ടെ കിട്ടിയ പണവുമായി ഇരുളിലെവിടെയോ മറഞ്ഞു. അവൾ വേദനയോടെ കരഞ്ഞു.
‘ഇത് എന്നും നടക്കുന്നതാ. അവരുടെ ഭർത്താവാണത്. അയാളെ ഇവിടെ എല്ലാവർക്കും പേടിയാ. അത്രക്ക് വലിയ ദാദയാ.’
കുറച്ച് കഴിഞ്ഞപ്പോൾ അവൾ ജടപിടിച്ച തലയും മാന്തി അയാളുടെ അരികിലേക്ക് വന്നു. നനവുണങ്ങിയ കണ്ണുകളോടെ അവൾ യാചിച്ചു. ‘സാർ… എനിക്കൊരു ഇരുപതു രൂപാ തരുമോ? വിശന്നിട്ടാ.. ഈ കുട്ടിക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കണം. എനിക്ക് കിട്ടുന്ന പണം മുഴുവൻ ഭർത്താവെന്നു പറയുന്ന ആ മനുഷ്യൻ വന്ന് തട്ടിപ്പറിച്ച് കൊണ്ടുപോകും. എന്തെങ്കിലും വിശപ്പ് അടക്കാനുളളത് മതി. സാറൊരു മാന്യനാണെന്ന് തോന്നിയതുകൊണ്ടാ, മോശപ്പെട്ടതിനൊന്നും പ്രേരിപ്പിക്കാതെ പണത്തിനായി യാചിക്കുന്നത്.’
അവളുടെ കണ്ണീര് എന്നോ വറ്റിയതുപോലെ അയാൾക്കുതോന്നി.
ഒരു നെടുവീർപ്പോടെ വീണ്ടും അവൾ കൈനീട്ടി.
‘എവിടെയാ നിങ്ങളുടെ വീട്?’ അയാൾ അവളോട് ചോദിച്ചു.
‘എന്നെക്കുറിച്ച് കൂടുതലൊന്നും ആരും അറിയാതിരിക്കുന്നതാ നല്ലത്. ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ സാർ..’
‘എങ്കിലും നാടെവിടായെന്ന് പറഞ്ഞുകൂടെ?’
‘വേണ്ട സാർ, വേണ്ട..’
പിന്നീട് കുറച്ച് കഴിഞ്ഞ് എന്തോ ഓർത്തിട്ടെന്നപോലെ അവൾ ചോദിച്ചു. ‘സാർ…സാറിന്റെ പേരു കെരീം എന്നല്ലേ?’
അയാൾ ഇടിവെട്ടേറ്റതുപോലെയായി. ഇവൾക്ക് തന്റെ പേര് എങ്ങനെ അറിയാം. അയാൾ പകച്ചുനിന്നു. തെല്ലൊരത്ഭുതത്തോടെ അയാൾ ചോദിച്ചു.
‘എന്നെ എങ്ങനെ അറിയാം?’
വേണോ വേണ്ടയോ എന്ന് കുറച്ചുനേരത്തെ ആലോചനയ്‌ക്കുശേഷം അവൾ പറഞ്ഞു.
‘സാർ… ബി.എയ്‌ക്ക് നമ്മൾ ഒന്നിച്ച് പഠിച്ചിട്ടുണ്ട്. സാർ അറിയും. ഒന്നോർത്തു നോക്കൂ. ആലുവയിലുളള തുളസിയാണ് ഞാൻ.’
അയാൾ ഒന്നു ഞെട്ടി. ഒന്നും ചോദിക്കാനോ പറയാനോ കഴിയുന്നില്ല. കുറച്ചുനേരം ആ സിമന്റ് ബെഞ്ചിൽ തരിച്ചിരുന്നു. അല്‌പനേരത്തെ അന്ധാളിപ്പിനുശേഷം അയാൾ ചോദിച്ചു. കോളേജ് പരിപാടികളിൽ നൃത്തത്തിലും മറ്റും നിറഞ്ഞുനിന്നിരുന്ന ആ തുളസി തന്നെയാണോ താൻ?“
‘അതേ… അതേ സാർ… ’ ഈ സമയം അവളുടെ കണ്ണ് നനഞ്ഞിരുന്നു. പൊയ്‌പ്പോയ കൗമാരവും ക്യാമ്പസ് ജീവിതവും അവളുടെ മനസ്സിൽ ഓടിയെത്തിയിരിക്കണം.
‘ഇപ്പോൾ എന്തു ചെയ്യുന്നു.’
‘പത്രപ്രവർത്തനവുമായി മുന്നോട്ടു പോകുന്നു.’
‘ഓ.. അന്നും സാറിന്റെ പ്രവൃത്തികളൊക്കെ സാഹിത്യരംഗത്ത് തന്നെയായിരുന്നല്ലോ?”
ഇപ്പോൾ അവളുടെ കണ്ണുകൾക്ക് നല്ല തിളക്കം. മുഖത്തിന് നല്ല പ്രസരിപ്പ്. ചിരിക്കാൻ മറന്നുപ്പോയിരുന്ന ചുണ്ടുകളിൽ വർഷങ്ങൾക്കുശേഷം വീണ്ടും പുഞ്ചിരി വിടർന്നു. ഒരു നിമിഷത്തേക്കെങ്കിലും അവൾ പഴയ തന്റെ സുവർണ കാലഘട്ടത്തെക്കുറിച്ചോർത്തു.
അൽപനേരത്തെ മൗനം ഭഞ്ഞ്‌ജിച്ച് അയാൾ ചോദിച്ചു. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. എന്താ ഈ വേഷത്തിൽ? എന്താ ഇതിന്റെയൊക്കെ അർത്ഥം? ഒരു സഹപാഠിയുടെ എല്ലാ അധികാരവും ഉപയോഗിച്ചാണ് ഞാൻ ചോദിക്കുന്നത്. തുറന്നു പറയൂ. എന്താ സംഭവിച്ചത്?
ഒരു നിമിഷം അവൾ തലതാഴ്‌ത്തി. ഭൂമി കറങ്ങുന്നതുപോലെ അവൾക്കുതോന്നി. തന്റെ പഴയ മേൽവിലാസം ആരും അറിയരുതെന്ന് തീരുമാനിച്ചതായിരുന്നു. എന്നിട്ടിപ്പോ…?
തന്റെ സഹപാഠിയായിരുന്നു എന്ന് അറിഞ്ഞതോടെ ആരെങ്കിലും കണ്ടാലോ എന്ന ഭയം അയാൾക്ക് ഇല്ലാതായി.
’സാർ…‘
’ശ്ശേ.. ഈ സാർ വിളി ഇനിയെങ്കിലും നിർത്ത്.‘ അൽപം ദേഷ്യത്തോടെ തന്നെ അയാൾ പറഞ്ഞു. വീണ്ടും സാർ എന്ന അഭിസംബോധനയോടെ തന്നെ അവൾ തുടർന്നു. സാറായതുകൊണ്ട് ഞാനീവിധത്തിലാകാനുളള സാഹചര്യം പറയാം. മുഴുവൻ കേൾക്കാനുളള സന്മനസ് സാറ് കാട്ടണം. എന്നിട്ട് എന്നെയും എന്റെ വളർന്നുവരുന്ന എന്റെ പെൺകുഞ്ഞിനെയും ഈ അഴുക്കുചാലിൽനിന്നും കരകയറ്റണം. ’അവളുടെ കണ്ണീർ ചാലിട്ടൊഴുകാൻ തുടങ്ങി. ഒരു നീണ്ട നിശ്വാസത്തോടെ അവൾ തന്റെ ജീവിതകഥ പറയുവാൻ തുടങ്ങി.
സാറിനറിയ്വോ? വീട്ടുകാരെയെല്ലാം ധിക്കരിച്ച് അന്ന് ഞാൻ; രാഷ്‌ട്രീയരംഗത്ത് തിളങ്ങിയിരുന്ന അയൽവാസിയും സ്വസമുദായക്കാരുമായിരുന്ന ഒരു യുവാവുമായി പ്രേമത്തിലായി. ആ ഒരാളെ മാത്രം വിശ്വസിച്ച് അയാളുമായി ജീവിക്കാൻ പുറപ്പെട്ടു. എല്ലാം ഉപേക്ഷിച്ച്; നാടും വീടും സർവസ്വവും. സ്വാഭാവികമായും എല്ലാവരും എന്നെ വെറുത്തു. എല്ലാവരുടേയും വെറുപ്പ് സമ്പാദിച്ച എനിക്കും അയാൾക്കും എല്ലാം ഉപേക്ഷിച്ച് പോകേണ്ടിവന്നു എന്നു പറയുന്നതാവും ശരി. എന്തൊക്കെയായാലും ഞങ്ങൾ ജീവിതം ആരംഭിച്ചു.
പ്രേമവിവാഹമെന്ന നിലയിൽതന്നെ; നല്ല രീതിയിൽ തന്നെയായിരുന്നു തുടക്കവും. ഒരു സ്‌ത്രീ എന്ന നിലയിൽ വിലപ്പെട്ടതെല്ലാം അയാൾക്ക് സമർപ്പിച്ചു. താമസിയാതെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ബെഞ്ചിൽ കിടന്നുറങ്ങുന്ന കുട്ടിയെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു. അന്നൊക്കെ വലുതും ചെറുതുമായ രാഷ്‌ട്രീയ നേതാക്കളുടെ നീണ്ടനിര തന്നെ പലപ്പോഴും വീട്ടിൽ ഉണ്ടാകും. അവർക്ക് ഭക്ഷണം ഒരുക്കാനേ എനിക്ക് നേരമുണ്ടായിരുന്നുളളൂ. ചില സമയത്ത് ഉന്നത നേതാക്കൾ വന്നാൽ മദ്യലഹരിയിൽ മുഴുകാനായി അവർ ഞങ്ങളുടെ വീട് തിരഞ്ഞെടുത്തു. അതിനുളള സൗകര്യങ്ങളും ഞാൻ തന്നെ ചെയ്യണമായിരുന്നു. ഇതെല്ലാം സഹിക്കാവുന്നതായിരുന്നു സാർ…‘ പിടയുന്ന മനസ്സോടെ അവൾ വിതുമ്പിക്കൊണ്ട് തുടർന്നു. ’സാറിനറിയ്വോ? ഒരിക്കൽ കളള് തലക്ക് പിടിച്ച എന്റെ ഭർത്താവെന്ന് പറയുന്ന മനുഷ്യൻ അവരുടെ ഒരു നേതാവിന് എന്നെ കാഴ്‌ചവെക്കാൻ ശ്രമിച്ചു. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മുഖം അന്ന് അയാളിൽ ഞാൻ കണ്ടു.‘ കണ്ണുനീർ തുടച്ചുകൊണ്ട് അവർ തുടർന്നു.
എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ, എന്റെ സകല ശക്തിയും ഉപയോഗിച്ച് അന്ന് ഞാൻ എതിർത്തു. അതിൽ അന്ന് ഞാൻ വിജയിക്കുകയും ചെയ്‌തു. തലയ്‌ക്ക് പിടിച്ച കളള് ഇറങ്ങിക്കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞ ന്യായം കേട്ട് അതിലേറെ അത്ഭുതപ്പെട്ടു! രാഷ്‌ട്രീയത്തിലെ സ്ഥാനക്കയറ്റത്തിനും പിന്നീടുണ്ടായേക്കാവുന്ന പല നേട്ടങ്ങൾക്കും ഇതുപോലുളള രഹസ്യമായ പല നീക്കുപോക്കുകളും വേണ്ടിവരുമത്രേ! എന്തിന് അധികം പറയണം. ഒരുപാട് കാലം പിടിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ശപിക്കപ്പെട്ട ഒരു രാത്രിയിൽ എന്റെ മാനം കവർന്നെടുക്കപ്പെട്ടു. പിന്നീടത് പലവട്ടം ആവർത്തിച്ചു. സഹികെട്ടപ്പോൾ ഞാൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പക്ഷേ; അതിലും ദൈവം എന്നെ തോൽപ്പിച്ചു. എന്റെ കുഞ്ഞിന്റെ കരയുന്ന മുഖം മുന്നിൽ തെളിഞ്ഞു.’ കുറച്ച് നേരത്തെ തേങ്ങലുകൾക്കുശേഷം അവൾ തുടർന്നു.
‘എല്ലാ മാർഗ്ഗവും അടഞ്ഞ ഞാൻ ഒരിക്കൽ ഉപേക്ഷിച്ച് വന്ന എന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു. പണ്ട് എനിക്കു നേരെ കൊട്ടി അടക്കപ്പെട്ട വാതിലുകൾ അടഞ്ഞ് തന്നെ കിടന്നു. പോരാത്തതിന് വീട്ടുകാരിൽ നിന്നുളള കടുത്ത വാക്കുകളും കേൾക്കേണ്ടി വന്നു. അവിടെനിന്നും ഇറങ്ങിയ ഞാൻ; ഒരു ജോലിക്ക് വേണ്ടി വാതിലുകളും മുട്ടി. ഫലമുണ്ടായില്ല. ആരും എനിക്ക് ജോലി തരാൻ തയ്യാറായില്ല. പിന്നീട് ഞാൻ എത്തപ്പെടുന്നത് ഇവിടെയാണ്. ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത എത്രയോ രാവും പകലും!!’
ഇതിനിടയിൽ സ്വാഭാവികമായും പലരും എന്റെ അടുത്ത് കൂടി; ശല്യപ്പെടുത്താനും തുടങ്ങി. ഒരു ആൺതുണയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് വന്നു. അതുകൊണ്ടാണ് ഇവിടുത്തെ വലിയ ദാദയും തെമ്മാടിയുമായ ഒരാളുമായി ഞാൻ അടുത്തത്. പക്ഷേ; അയാളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. എന്തിന് കുറ്റപ്പെടുത്തണം. മറ്റൊരാളുടെ ഭാര്യയായിരുന്ന എന്നെയും അതിലുണ്ടായ കുട്ടിയേയും അയാൾ എന്തിന് സംരക്ഷിക്കണം? എന്തൊക്കെ ആയാലും പട്ടിണി മാറ്റാൻ ഈ തൊഴിൽ തന്നെ തുടരേണ്ടിവന്നു.
അവൾക്ക് തന്റെ കഥ മുഴുമിക്കാൻ ഇടനൽകാതെ ആരോ രണ്ടുപേർ പെട്ടെന്ന് കടന്നുവന്നു. അവർ അവളെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
പിന്നീട് ഒന്നും സംഭവിക്കാത്തമട്ടിൽ അവൾ അയാളുടെ അരികിൽ വന്ന് ഞാൻ പോയിട്ട് വരാം…എന്നുമാത്രം പറഞ്ഞ് അവരുടെ പിന്നാലെ ഇരുളിലേക്ക് മറഞ്ഞു.
നിഷ്‌കളങ്കയായ അവളുടെ കുഞ്ഞ് ഇതൊന്നുമറിയാതെ സിമന്റ് ബെഞ്ചിൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
Generated from archived content: story2_mar21.html Author: ke_firose_edavanakkad