‘അല്ല മുസ്‌തഫ, നീ നാട്ടിൽ നിന്നും വന്നിട്ട് ഇപ്പോ രണ്ട് ദിവസമായില്ലേ? ഇനിയും നിന്റെ വിഷമം മാറിയില്ലേ? ആദ്യത്തെ വരവൊന്നുമല്ലല്ലോ? നാളെ മുതൽ നീ ജോലിക്ക് പോകാൻ നോക്ക്. എല്ലാം ശരിയാകും.
സോഫയിൽ ചടഞ്ഞിരിക്കുന്ന മുസ്‌തഫയെ അവന്റെ സുഹൃത്തും സഹവാസിയുമായ മാഹിൻ സമാധാനിപ്പിച്ചു. ഒരു നെടുവീർപ്പോടെ മുസ്‌തഫ തന്റെ സുഹൃത്തിനെതന്നെ നോക്കിയിരുന്നു. മൗനം പൂണ്ട അവന്റെ നോട്ടം കണ്ട് മാഹിൻ ചോദിച്ചു. എന്താടാ… നിന്റെ പ്രശ്‌നം? എന്താ ഇത്ര വിഷമം? എന്തായാലും നീ പറയ്.
ഒന്നുമില്ലെടാ… സങ്കടം ഉളളിലൊതുക്കി മുസ്‌തഫ മറുപടി നൽകി.
ഏയ്. എന്തോ ഉണ്ട് ഒരു കാര്യം ചെയ്യ്; ഇന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് കടപ്പുറത്ത് പോയിരുന്ന് നമുക്ക് എല്ലാം വിശദമായി സംസാരിക്കാം. എന്നിട്ട് അതിനൊരു പരിഹാരവും കാണാം.’ മാഹിൻ അതും പറഞ്ഞ് ജോലിക്ക് പോയി.
അവൻ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും മുസ്‌തഫ അതേ ഇരുപ്പ് തന്നെയാണ്. വീണ്ടും എന്തെങ്കിലും ചോദിച്ച് വിഷമിപ്പിക്കേണ്ടെന്ന് കരുതി അവൻ അകത്തേക്ക് പോയി. രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് രണ്ടുപേരും നിലാവെളിച്ചമുളള കടപ്പുറത്തെ പഞ്ചാരമണലിൽ ഇരുന്നു. കടപ്പുറത്തെ തണുത്ത കാറ്റ് അവന്റെ ശരീരത്തിനെന്നപോലെ മനസ്സിനും കുളിർമയേകി.
ഒരു നെടുവീർപ്പോടെ അവൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയ തന്റെ അവധിക്കാലത്തെക്കുറിച്ച് പറയാൻ തുടങ്ങി. ‘നിനക്കറിയാല്ലോ? എന്റെ കുടുംബത്തിന്റെ അവസ്ഥ! ഞാനും ഉമ്മയും കല്യാണപ്രായമെത്തിയ മൂന്ന് സഹോദരിമാരും വളരെ വിഷമിച്ചാണ് കഴിഞ്ഞു പോന്നിരുന്നത്. ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ് പറമ്പും കുടിലും പണയം വെച്ചിട്ടാണ് എനിക്ക് ഇവിടെ പത്രവിതരണക്കാരനായെങ്കിലും എത്തിപ്പെടാൻ കഴിഞ്ഞത്. ഇവിടെ ഇപ്പോൾ നാല് വർഷം തികയുന്നു! എന്നിട്ടും കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഇതുവരെ എനിക്ക് കഴിഞ്ഞില്ല! കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയുളള തുകയും എന്റെ ഇവിടത്തെ ചെലവുകളും കഴിച്ചാൽ ബാക്കി കയ്യിൽ ഒന്നും ഉണ്ടാകില്ലെടാ..! കുടുംബം പോറ്റാൻ ചുട്ടുപൊളളുന്ന മണലാരണ്യത്തിൽ, തിളച്ച് മറിയുന്ന സൂര്യന് കീഴെ, ദിവസവും മണിക്കൂറുകളോളം പത്രവിതരണം നടത്തുമ്പോൾ; അതുവഴി കടന്ന് പോകുന്ന ശീതികരിച്ച കാറുകളിൽ പാട്ട് കേട്ട് സുഖിച്ച് പോകുന്ന ഗൾഫ് മലയാളികളെ കാണുമ്പോൾ ഒരു നെടുവീർപ്പോടെ പലപ്പോഴും ഞാൻ പടച്ചവനോട് ചോദിച്ച് പോയിട്ടുണ്ട്. എന്തിനാ പടച്ചവനേ എന്നെമാത്രം ഇങ്ങനെ..?’ വിയർപ്പ് കണികകൾ കൊണ്ട് പൊതിഞ്ഞ എന്റെ ശരീരവും മനസ്സും, അതുവഴി കടന്നു വരുന്ന ഓരോ വാഹനങ്ങളിലേയും സഞ്ചാരികളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. പത്തും ഇരുപതും മിനിറ്റ് മാത്രം നീട്ടിയാലേ, ഒരു പത്രമെങ്കിലും വിറ്റ് കിട്ടുകയുളളൂ. ഓരോ പത്രത്തിൽ നിന്നും അങ്ങനെ കിട്ടുന്ന കമ്മീഷൻ കൊണ്ട് വേണം, കുടുംബത്തിന്റെ പട്ടിണി അകറ്റാൻ! നാട്ടിൽ ചെന്നാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വലിയ ഗർഫുകാരൻ!!!
ചോദിക്കുന്ന സ്‌ത്രീധനം കൊടുക്കുവാൻ തനിക്ക് നിവൃത്തി ഇല്ലെന്നറിഞ്ഞ് ഇതിനിടയിൽ രണ്ട് സഹോദരിമാർ അന്യമതസ്ഥരുടെ കൂടെ ഒളിച്ച് പോയി. ആകെ ഉണ്ടായിരുന്ന അഭിമാനവും ഇതോടെ നഷ്‌ടമായി. കുടുംബക്കാരിൽ നിന്നും നാട്ടുകാരിൽനിന്നുമുളള കുത്തുവാക്കുകൾ കൊണ്ട് ഉമ്മാക്കും ബാക്കിയുളള സഹോദരിക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഇതുകൂടി അറിഞ്ഞപ്പോൾ മനസ്സിനൊരുതരം, മരവിപ്പ്… വല്ലാത്തൊരവസ്ഥ….ഇനിയും ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് കരുതിയാ, നീയടക്കമുളള സുഹൃത്തുക്കളിൽ നിന്നും കുറച്ച് പണം കടം വാങ്ങി എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയത്.
എന്റെ മനസ്സ് മുഴുവൻ വേദനകൾ അലയടിക്കുമ്പോഴും; ഉമ്മയെ സന്തോഷിപ്പിക്കാനായ് മാത്രം, ചുണ്ടിൽ കൃത്രിമ ചിരി വരുത്താൻ ഞാൻ ഒരുപാടു ബുദ്ധിമുട്ടി.
ഇതിനിടയിൽ; ഒരു തൊഴിൽ പോലും ഇല്ലാതിരുന്ന കാലത്ത്, തന്നെ കണ്ടാൽ മുഖം തിരിച്ച് നടന്നിരുന്ന പലരും; ഗൾഫുകാരൻ എന്ന നിലയിൽ വന്ന് കാണാൻ തുടങ്ങി. പിരിവ്, കടം തുടങ്ങിയ സ്വാർത്ഥ കാര്യങ്ങൾ ഉദ്ദേശിച്ച് പ്രത്യക്ഷപ്പെട്ട കാപട്യത്തിന്റെ പല മുഖങ്ങൾ. ഇതിനെല്ലാം പുറമേ; താൻ വന്നു എന്നറിഞ്ഞ നിമിഷം മുതൽ മരിച്ച് പോയ തന്റെ ബാപ്പാക്കുണ്ടായിരുന്ന കടത്തിന്റെ കണക്കുകളുമായി; നാട്ടുകാരുടെയും ബാപ്പാടെ സുഹൃത്തുക്കൾ എന്ന് പറയുന്നവരുടെയും ഒരുനീണ്ട നിര തന്നെ വീടിന്റെ ഉമ്മറത്ത്. കൂടാതെ, വീടിന്റെ പണയത്തിന്റെ പ്രശ്‌നം മറുവശത്ത് ഒരു കഴുകനെപ്പോലെ ഉറ്റുനോക്കി നിൽക്കുന്നു.
“ഇല്ല…. ശരിയാകില്ല… ഇനിയും ഞാൻ നാട്ടിൽ നിന്നാൽ പ്രശ്‌നങ്ങൾക്ക് മീതെ പ്രശ്‌നങ്ങൾ തന്നെ അലട്ടിക്കൊണ്ടിരിക്കും.” എന്നെങ്കിലും തന്റേയും തോണി ഏതെങ്കിലും കരയ്‌ക്കൽ അടുക്കും എന്ന പ്രതീക്ഷയോടെയാണ് വീണ്ടും ഈ മണലാരണ്യത്തിലേക്ക് വന്നത്.
ദീർഘ നിശ്വാസത്തോടെ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അവൻ മലർന്ന് കിടന്നു.
“എല്ലാറ്റിനും സർവ്വശക്തൻ ഒരു വഴി കാണിച്ച് തരും. അതിനായ് നീ പ്രാർത്ഥിക്ക്. കൂടെ ഞാനും നിനക്ക് വേണ്ടി പ്രാർത്ഥിക്കാം.”
മാഹിന്റെ വാക്ക്; അവന് നടുക്കടലിൽ നിശ്ചലമായ തോണിയിൽ ഒരു പങ്കായം കിട്ടിയത് പോലുളള ആശ്വാസം നൽകി ഈ ആശ്വാസവാക്ക്. അവന്റെ മനസ്സിന് കൂടുതൽ കരുത്ത് നൽകി. ആകപ്പാടെ ഒരു കുളിർമ; വല്ലാത്തൊരു പ്രതീക്ഷയും. നല്ലൊരു നാളെയെ സ്വപ്‌നം കണ്ട് കൊണ്ട് അന്നവൻ നന്നായി ഉറങ്ങി.
കാരുണ്യവാനായ തമ്പുരാൻ അഗതികളെ കൈവിടില്ലെന്നുളള ഉറച്ച വിശ്വാസത്തിൽ.
Generated from archived content: story1_june25_05.html Author: ke_firose_edavanakkad