ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു പതിനഞ്ച് വർഷമായിി. ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്. അവൾക്ക് നല്ല വിദ്യാഭ്യാസമുണ്ട്, സൗന്ദര്യമുണ്ട്. അവളുടെ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ട്. മോശമല്ലാത്ത കുടുംബമഹിമയുണ്ട്. എനിക്കാണെങ്കിൽ ഒന്നുമില്ല. വിദ്യാഭ്യാസം പേരിനു മാത്രം, സാമ്പത്തികം തീരെയില്ല. കുടുംബമഹിമ എന്നു പറയുമ്പോൾ എന്റെ അച്‌ഛനും, അമ്മയും ദാരിദ്ര്യത്തിലാണ് വളർന്നത്. ഞങ്ങൾക്കു നല്ല രീതിയിലുളള വീടോ, നല്ല വസ്‌ത്രങ്ങളോ ഉണ്ടായിരുന്നില്ല. അവർ സ്‌നേഹമുളളവരും, സത്യസന്ധരുമായിരുന്നു.
അവളെ ഭാര്യയായി കിട്ടിയതിൽ പലർക്കും ആശ്ചര്യമായിരുന്നു. ഇത്തിരി സാഹിത്യാഭിരുചിയും, അത്യാവശ്യം പൊതുകാര്യങ്ങളിലൊക്കെ ഇടപെട്ടുമാണ് ഞാൻ ജീവിച്ചുപോന്നത്. ഇന്നവൾ തീർത്തും പരിഭവത്തിലാണ്. എനിക്കവളോട് തീരെ സ്‌നേഹമില്ലത്രെ. ഞാനിപ്പോൾ അവളോട് സംസാരിക്കുന്നത് പോലുമില്ലത്രെ. അവളുടെ സാരിക്കനുയോജ്യമായ ബ്ലൗസിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ നിസംഗനായത്രെ. നല്ലൊരു സിനിമ കാണാൻ ആഗ്രഹിച്ചപ്പോൾ ഞാനവളെ അടുത്ത വീട്ടിലെ രമണിയോടൊപ്പം അയച്ചുവത്രെ. എനിക്കിപ്പോൾ കുട്ടികളോട് മാത്രമാണത്രെ സ്‌നേഹം. ഞാൻ അടുത്ത വീട്ടിലെ രാധേച്ചിയോടും, രാധികയോടും കൂടുതൽ സംസാരിക്കാറുണ്ടത്രെ. സ്‌നേഹത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞു നടക്കുന്നത് കാപട്യമാണത്രെ. ഞാനൊരു വിഡ്‌ഢിയാണെന്ന് വരെ പറഞ്ഞു. അവൾ വിദ്യാഭ്യാസമുളളവളാണ്, കുടുംബമഹിമയുളളവളാണ്, സ്‌നേഹമുളളവളാണ്. അവൾ പറയുന്നതിൽ കാര്യമുണ്ടാവുമോ?
Generated from archived content: story2_nov24_05.html Author: k_t_ravi