ജീവിതകുരുക്ഷേത്ര
രംഗഭൂവിതിൽ വീണ്ടും
കൗരവജനതയി-
ന്നൊത്തുചേർന്നണയുന്നൂ
ഒത്തുചേർന്നടരാടും
ജീവിതപ്പോരാട്ടത്തിൽ
ശക്തിതൻ പോരാളികൾ
വീണ്ടുമൊരിക്കൽക്കൂടി
ധീരയോദ്ധാക്കൾ രണ
കൗശലതന്ത്രജ്ഞരും
ആർത്തലച്ചൊരുമിച്ചി-
ന്നണയും യുദ്ധോത്സുകർ
അവരെയെതിരിടാ-
നവരെ ചെറുത്തീടാൻ
ജീവിതായോധനത്തിൽ
പയറ്റിത്തെളിഞ്ഞവർ!
കൗശലതന്ത്രത്തിന്റെ
ശൂലാഗ്രമുനകളും
പരിഹാസികളുടെ
ശരവരിഷങ്ങളും
തകർന്നു പോകുന്നല്ലൊ-
ഇവിടെ രണഭൂവിൽ
പാണ്‌ഡവശൗര്യത്തിന്റെ
പാഞ്ചജന്യത്തിൻ മുന്നിൽ!
ഭീമത്വം ജയിക്കുന്നൂ
തുടച്ചു നീക്കീടുന്നൂ
ധീരതയോടെയിന്നീ
ദുരിയോധനന്മാരെ!
കേൾക്കുന്നൂ ഗാന്ധാരിതൻ
വിലാപസ്വരങ്ങളും
കേശവവംശത്തിനെ
ഒടുക്കും വചനവും
ഇവിടെജ്ജയിക്കുന്നൂ
ധർമത്തിൻ പോരാളികൾ
പതിച്ചീടുന്നുവെന്നും
അധർമ്മകൂട്ടാളികൾ
സാക്ഷിയായ് കുരുക്ഷേത്രം
ബാക്കിയാവുന്നൂവെന്നും
ശാശ്വത സത്യത്തിന്റെ
കാഹളധ്വനിയുമായ്!!
Generated from archived content: poem7_sept22_05.html Author: k_dinesh_raja
Click this button or press Ctrl+G to toggle between Malayalam and English