നിഷാദകേളി

വനാന്തരത്തിന്റെ നിഗൂഢതയും

വന്യതയുടെ തീവ്രതയുമറിയാതെ

വനജ്യോത്സ്‌ന തേടിയ മാൻപേട…

ഏതോ വേടനയച്ച മല്ലീസായകം

മാറിലൂടൂർന്നിറങ്ങി

ഇന്ദ്രിയങ്ങളെയുണർത്തി

സിരകളിലനുഭൂതി നിറച്ച നിമിഷം…

തനിക്ക്‌ ഏറ്റവും വിലപ്പെട്ടത്‌

നഷ്‌ടപ്പെട്ടതറിയാതെ

കാടകങ്ങളിൽ കിനാവിന്റെ

കളിയോടം തുഴഞ്ഞവൾ…

വളളിക്കുടിലിൽ പനിനീർ തൂകിയ

പനിമതിയെ കാർമേഘങ്ങൾ മൂടി

പൂക്കൾ പൊഴിച്ച നക്ഷത്രകന്യമാർ

മുകിൽ മറവിൽ ഓടിയൊളിച്ചു.

കാട്ടുപൊന്തകളിൽ

കുറുനരികൾ ഓലിയുയർത്തി

ചീവീടുകൾ അസഹ്യമായ്‌ മൂളി

അവളുടെ കനവിൻ തോണി

കണ്ണീർക്കയത്തിലുലഞ്ഞ്‌ മുങ്ങി

അപ്പൊഴും തന്നിൽ സന്നിവേശിക്കപ്പെട്ട

ദുരന്തമെന്തെന്നറിയാതെ അവൾ

നിർവികാരയായ്‌ എന്നെ നോക്കി….

Generated from archived content: poem5_sept22_05.html Author: k_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English