വിഷുപക്ഷി വീണ്ടുമണഞ്ഞു വിഷാദമാം
വിണ്ണിൻ മിഴികൾ നിറഞ്ഞു
സംക്രമപ്പുലരിക്ക് ചൂടുവാൻ കരുതിയ
കണിമലരെല്ലാം കരിഞ്ഞുപോയി!
കായലിന്നോരം വിജനമായെൻ പ്രിയ
കാമിനിയെങ്ങുനീ പോയ്‌മറഞ്ഞു.
നിൻ രാഗഭാവം വിടർത്തിയ പൂക്കളും, എവിടെ?
നിൻ മൊഴികേട്ട് കുറുകുന്ന പ്രാക്കളും
നിമിഷാർധഭ്രമമല്ല പ്രേമമെന്നുള്ളിൽ
നിർമലസ്നേഹാർദ്രഭാവമല്ലോ
എന്നന്തരാത്മാവിനുള്ളിൽ നിനക്കായി
മലരിട്ട കവിതതൻ പൂക്കൾ കൊഴിഞ്ഞുപോയ്
നിന്നോർമ്മ തീർത്ത പ്രണയകുടീരത്തിൽ
നെയ്‌ത്തിരി കത്തിച്ച് കാത്തിരിപ്പൂ
വരിക നീ കൺമണി രജനിതൻ തേരേറി
മേടപ്പുലരിയിൽ കണിയൊരുക്കാൻ!
Generated from archived content: poem3_mar30_07.html Author: k_babu