രമണീയം

മന്ദാരപ്പൂവുകൾ മാലയായ്‌കോർത്തൊരു

ചാരുതചേരും അളകങ്ങൾ പറ്റുന്ന

കാർകൂന്തൽ ഭംഗിയിൽ ചീകിയൊതുക്കിയ

സൗവർണ സിന്ദൂരം പോലെ വദനവും

നീണ്ടിടംപെട്ടൊരു കണ്ണുകൾ വശ്യവും

കോമളഗാത്രി തൻ ശൃംഗാരരൂപവും

തുള്ളിത്തുളുമ്പുന്ന മാറിടഭംഗിയും

നീ എത്ര സുന്ദരി എത്ര മനോഹരി.

നല്ലിളം റോസിനെ വെല്ലുന്ന ചോളിയും

സപ്തവർണങ്ങളും ചേരുന്ന ചേലയും

അന്നനടയും നിതംബത്തിൻ ഭംഗിയിൽ

ആരും കൊതിക്കുന്ന മോഹനഗാത്രി നീ

പ്രാരാബ്ധ ഭാണ്ഡം പേറുന്ന വൃദ്ധന്റെ

സീമന്തസൗഭാഗ്യമുള്ള നീ ദൗർഭാഗ്യവും

ഭീകരസോദരന്മാരുടെ എണ്ണത്തിൽ

നീയും ഹാ നിന്നുടെ സ്വപ്നങ്ങളും

ചത്തു മരിച്ചുപോയിതല്ലോ

സൗഭാഗ്യസുന്ദരമാകുന്നയൗവനം

ഓരോ വിവാഹവും നിശ്ചയതാംബൂലം

എത്തി നിൽക്കുന്നതോ സ്‌ത്രീധനക്കാരിൽ

എല്ലാം മുടങ്ങി എല്ലാം അടങ്ങി

ബാക്കിനിൻ വറ്റിയ നേത്രങ്ങൾ മാത്രം

എങ്ങോ പരതുന്നു ആരോ വരുന്നുവോ

ആരെയോ തേടുന്നു നിൻമിഴികൾ

വത്സലമാതാവിൻ വേർപാടിൽ നീയും

ഏകയായ്‌ സങ്കടത്താഴ്‌വരയിൽ

നീ മാത്രം എന്തേ തനിച്ചായിപ്പോയോ

വിരസമേകാന്തം നിൻ ജീവിതത്തിൽ

കുത്തിദ്രവിച്ച നിൻ മൺകുടിലിൽ

എന്നും തുണയായ്‌ നിൻ സ്വപ്നങ്ങളും

മോഹങ്ങൾ വാനോളം പൊങ്ങിടുമ്പോൾ

തേങ്ങിക്കരഞ്ഞു വിളിക്കാറില്ലേ

കിനാവുകൾ പേറുന്ന തോൾസഞ്ചിയും

എന്നും പുതുപുത്തൻ ഓർമകളും

എന്നോ മരിച്ചങ്ങ്‌ മൺമറഞ്ഞ

ആത്മസുഹൃത്തിന്റെ പ്രായം ചെറുപ്പം

ഇപ്പോൾ വരുമയാൾ നിന്നെ ക്ഷണിക്കും

എന്നും നീ കാതോർത്തിരിക്കാറുണ്ടല്ലോ

പാദപതനമോ കാതമകലെ

എത്തുന്നതോ ഇളംതെന്നൽ മാത്രം

പട്ടിണി കൊടും പട്ടിണിയിൽ

നിന്നുടെ കണ്ണുകൾ കാഴ്‌ചവറ്റി

കാണുവാൻ പറ്റാത്ത ദീനരൂപം

കരളലിയിക്കുന്ന കാഴ്‌ചയായി

അന്നൊരു നാളൊരു രാത്രികാലം

സാരമേയങ്ങൾ മേയുന്ന നേരം

നിന്നുടെ ദേഹിയും ദേഹം വെടിഞ്ഞ്‌

നാകലോകത്തേക്ക്‌ യാത്രപോയോ?

Generated from archived content: poem13_apr28_07.html Author: juliet_antony

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here